ഭൗതികജീവിതത്തില്‍ നിന്നും സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക്

പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

അങ്ങേ തിരുചിത്തമൊന്നിനാലല്ലയോ
ഞങ്ങളീ ഭൂമിയില്‍ ജാതരായി

നിന്‍ പരിപാലന വൈഭവമാണല്ലോ
അന്‍പില്‍ നയിക്കുന്നിവരെ നിത്യം

മണ്ണു പൊടിയുമാം മാനവര്‍ നിന്‍ കൃപ-
യൊന്നിനാല്‍ പാപവിമുക്തരായി

നിന്‍ തിരുസൂനുവിന്‍ ദിവ്യമരണത്താല്‍
വീണ്ടെടുക്കപ്പെട്ട മര്‍ത്ത്യരെല്ലാം

തന്നുയിര്‍പ്പേകും മഹിമയിലെന്നുമേ
നിന്നിംഗിതത്താലമര്‍ത്ത്യരായി

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)