ക്രിസ്തു ജനതകളുടെ പ്രകാശം

 പ്രത്യക്ഷീകരണ മഹോത്‌സവങ്ങളിലും തുടര്‍ന്ന് ജ്ഞാനസ്‌നാന തിരുനാള്‍ വരെയുള്ള ദിവസങ്ങളിലും ചൊല്ലുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

   ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
   ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം

      യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
      രക്ഷാകരവും ജഗല്‍പിതാവേ.

ക്രിസ്തുവില്‍ ഞങ്ങള്‍ തന്‍ രക്ഷാകര്‍മ്മത്തിന്റെ
സത്യ സനാതനമാം രഹസ്യം

   സര്‍വ്വജനങ്ങള്‍ക്കും ദിവ്യപ്രകാശമായ്
   ഉര്‍വ്വിയിലെങ്ങും വെളിപ്പെടുത്തി.

      നിന്നോമല്‍ പുത്രനീ മര്‍ത്ത്യ പ്രകൃതിയില്‍
      മന്നിതില്‍ പ്രത്യക്ഷനായ കാലം

      ഞങ്ങളെ നിന്റെയമര്‍ത്യത തന്നിലും
      പങ്കുകാരാക്കാന്‍ കനിഞ്ഞുവല്ലോ.

ആകയാലാമോദവായ്‌പോടെ നിത്യവും
നാക ദൂതന്‍മാരാം ഗായകന്‍മാര്‍

   ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
   മംഗളംപാടി വണങ്ങിടുന്നു.

      ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
      ആലപിച്ചീടുന്നു താഴ്മയോടെ (2)