ക്രിസ്തുവില്‍ നിറവേറിയ പരിത്രാണരഹസ്യം

വിവിധ കാലത്തിന്റെയോ സന്ദര്‍ഭത്തിന്റെയോ പ്രത്യേക ആമുഖഗീതികളില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

നിന്‍ വചനം തന്നെ ക്രിസ്തു മഹേശ്വരന്‍
സര്‍വ്വവും സൃഷ്ടിച്ചു നിന്‍ മൊഴിയാല്‍

ഞങ്ങള്‍ തന്‍ രക്ഷകനുദ്ധാരകനുമായ്
മന്നില്‍ വന്നെത്തിയ ദൈവപുത്രന്‍

പാവനാത്മാവിന്റെ ശക്തിയാല്‍ ജാതനായ്
പാരിലൊരു കന്യാതന്നില്‍ നിന്നും

മര്‍ത്ത്യനായ് മന്നിതില്‍ സന്തതം താവക
ചിത്തം നിറവേറ്റിക്കൊണ്ടു തന്നെ

ശുദ്ധീകരിച്ചു നരഗണത്തെ സ്വയ
മുദ്ധരിച്ചങ്ങേക്കു നേടിത്തന്നു

ക്രൂശില്‍ സഹിച്ചു മരിച്ചു കരം വിരി-
ച്ചേശുവങ്ങേക്കു തന്‍ പ്രാണനേകി

മൃത്യുവെയിങ്ങനെ കീഴ്‌പ്പെടുത്തിയവന്‍
ഉത്ഥാനമാഹാത്മ്യം കാട്ടിത്തന്നു.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു.

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)