സ്വര്‍ഗ്ഗാരോഹണ രഹസ്യം

സ്വര്‍ഗ്ഗാരോഹണ മഹോത്‌സവത്തിലും തുടര്‍ന്ന് പെന്തക്കൊസ്ത തിരുനാളിനു മുമ്പുള്ള ഇടദിവസങ്ങളിലും പ്രത്യേക ആമുഖഗീതിയില്ലാത്ത ദിവ്യപൂജകളിലും ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

നിത്യ പ്രതാപവാന്‍ രാജാധിരാജനായ്
സത്യപ്രകാശ പ്രശോഭിതനായ്

പ്രത്യക്ഷ ദര്‍ശനമേകിതന്‍ ശിഷ്യര്‍ക്കാ-
യുത്ഥാനശേഷമശേഷ നാഥന്‍

തുംഗമാം ജീവനില്‍ പങ്കുകാരാക്കുവാന്‍
അങ്ങേ മഹത്വത്തില്‍ ചേര്‍ത്തിടുവാന്‍

ശിഷ്യന്‍മാരേവരും നോക്കി നിന്നീടവേ
സ്വര്‍ഗ്ഗത്തിലേക്കെഴുന്നെള്ളി നാഥന്‍

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)