വൈവാഹിക ഉടമ്പടിയുടെ മഹത്വം

വിവാഹപൂജയില്‍ ആലപിക്കേണ്ടത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ദൈവമേ നിന്‍ സ്‌നേഹവായ്പാലഭേദ്യമാം
പാവന ദാമ്പത്യ ശൃംഖലയാല്‍

ഒന്നായിച്ചേരുമീ സ്ത്രീയുംപുരുഷനും
നിന്‍ നാമത്തിനു മഹത്വമേകാന്‍

സന്താനവൃദ്ധിയിലൂടെ നരവംശം
സന്തോഷമീ മന്നിനേകുവാനും

ദൈവമേ നിന്‍ പരിപാലനയാലിളം
പൈതങ്ങള്‍ പാരിനു ഭൂഷണമാം

ജ്ഞാനസ്‌നാനം വഴി വീണ്ടും ജനിച്ചവര്‍
സത്യസഭയെ വളര്‍ത്തുമെന്നും

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)