നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍നായര്‍ എന്ന എം.ടി.വാസുദേവന്‍നായര്‍ (ജനനം: 1933 ജൂലൈ 15). പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരില്‍ 1933 ആഗസ്റ്റ് 9ന് ജനിച്ചു. അച്ഛന്‍: പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായര്‍, അമ്മ: അമ്മാളു അമ്മ. കുമരനെല്ലൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. ആത്മകഥാംശമുള്ള കൃതികളില്‍ പറഞ്ഞിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കഥ പറഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു കഥാകാരന്റേത്. പൊന്നാനിയില്‍ ബാല്യം അനുഭവിച്ചപ്പോള്‍ കിട്ടിയ മതസൗഹാര്‍ദ്ദത്തിന്റെ ഊഷ്മള അനുഭവങ്ങള്‍ എം.ടിയുടെ കൃതികളില്‍ കാണാംധധ6പപ. കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകര്‍ച്ചയും, ജന്മിത്വത്തിന്റെ അവസാനഘട്ടവും മറ്റും നായര്‍കുടുംബങ്ങളിലുളവാക്കിയ പ്രതിസന്ധികള്‍ ഒരുകാലഘട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എം.ടി.കൃതികളില്‍ രേഖപ്പെട്ടുകിടക്കുന്നു. പത്‌നി പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ്. മക്കള്‍: സിതാര, അശ്വതി.
    സ്‌കൂള്‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. വിക്‌റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ 'രക്തം പുരണ്ട മണ്‍തരികള്‍' എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.
    1957ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്നു. 'പാതിരാവും പകല്‍വെളിച്ചവും' എന്ന ആദ്യനോവല്‍ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ 'നാലുകെട്ട്'ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പില്‍ക്കാലത്ത് 'സ്വര്‍ഗ്ഗം തുറക്കുന്ന സമയം','ഗോപുരനടയില്‍' എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1963-64 കാലത്ത് സ്വന്തം കഥയായ 'മുറപ്പെണ്ണ്' തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത 'നിര്‍മാല്യം' എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തില്‍ ദേശീയപുരസ്‌കാരം ലഭിച്ചു. ഇതുകൂടാതെ 'കാലം'(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്),'രണ്ടാമൂഴം'(1985-വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്), എന്നീ കൃതികളും പുരസ്‌കൃതമായി. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. 2005 ലെ മാതൃഭൂമി പുരസ്‌കാരവും എം.ടിക്കായിരുന്നു. മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995ലെ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 2005ല്‍ പത്മഭൂഷണ്‍ നല്‍കി ഭാരതസര്‍ക്കാര്‍ ആദരിക്കുകയുണ്ടായി.
    മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1999 ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതല്‍ തിരൂര്‍ തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്നു. എം.ടി. പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന വാസുദേവന്‍ നായര്‍ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്‌നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ 'കണ്ണാന്തളിപൂക്കളുടെ കാലം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന കൃതികള്‍
നോവലുകള്‍

    മഞ്ഞ്
    കാലം
    നാലുകെട്ട് (നോവല്‍)
    അസുരവിത്ത് (നോവല്‍)
    വിലാപയാത്ര
    പാതിരാവും പകല്‍ വെളിച്ചവും
    അറബിപ്പൊന്ന് (എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയത്)
    രണ്ടാമൂഴം
    വാരണാസി

കഥകള്‍

    ഇരുട്ടിന്റെ ആത്മാവ്
    ഓളവും തീരവും
    കുട്ട്യേടത്തി
    വാരിക്കുഴി
    പതനം
    ബന്ധനം
    സ്വര്‍ഗ്ഗം തുറക്കുന്ന സമയം
    വാനപ്രസ്ഥം
    ദാര്‍എസ്സലാം
    രക്തം പുരണ്ട മണ്‍ തരികള്‍
    വെയിലും നിലാവും
    കളിവീട്
    വേദനയുടെ പൂക്കള്‍
    ഷെര്‍ലക്ക്
    ഓപ്പോള്‍
    നിന്റെ ഓര്‍മ്മയ്ക്ക്

തിരക്കഥകള്‍

    ഓളവും തീരവും
    മുറപ്പെണ്ണ്
    വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍
    നഗരമേ നന്ദി
    അസുരവിത്ത്
    പകല്‍ക്കിനാവ്
    ഇരുട്ടിന്റെ ആത്മാവ്
    കുട്ട്യേടത്തി
    ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
    എവിടെയോ ഒരു ശത്രു
    വെള്ളം
    പഞ്ചാഗ്‌നി
    നഖക്ഷതങ്ങള്‍
    അമൃതം ഗമയ
    ആരൂഢം
    ആള്‍ക്കൂട്ടത്തില്‍ തനിയെ
    അടിയൊഴുക്കുകള്‍
    ഉയരങ്ങളില്‍
    ഋതുഭേദം
    വൈശാലി
    ഒരു വടക്കന്‍ വീരഗാഥ
    പെരുന്തച്ചന്‍
    താഴ്വാരം
    സുകൃതം
    പരിണയം
    എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ എന്ന ചെറുകഥയെ ആശ്രയിച്ച്)
    തീര്‍ത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്)
    പഴശ്ശിരാജ
    ഒരു ചെറുപുഞ്ചിരി

ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും

    നിര്‍മ്മാല്യം (1973)
    മോഹിനിയാട്ടം (ഡോക്യുമെന്ററി, 1977)
    ബന്ധനം (1978)
    മഞ്ഞ് (1982)
    വാരിക്കുഴി (1982)
    കടവ് (1991)
    ഒരു ചെറുപുഞ്ചിരി (2000)
    തകഴി (ഡോക്യുമെന്ററി)
    കേരള വര്‍മ്മ പഴശ്ശിരാജ (2009)

മറ്റുകൃതികള്‍
    ഗോപുരനടയില്‍ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികള്‍.

പുരസ്‌കാരങ്ങള്‍
    1995ല്‍ സാഹിത്യത്തില്‍ ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം
    2005ല്‍ പത്മഭൂഷണ്‍
    2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്
    മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം (1973, നിര്‍മ്മാല്യം)
    മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്‌കാരം (നാലു തവണ; 1990 (ഒരു വടക്കന്‍ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം))
    മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം (1978, ബന്ധനം)
    മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം (1991, കടവ്)
    മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം (1978, ബന്ധനം)
    മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം (2009) (കേരള വര്‍മ്മ പഴശ്ശിരാജ)
    എഴുത്തച്ഛന്‍ പുരസ്‌കാരം (2011)
    ജെ.സി. ദാനിയേല്‍ പുരസ്‌കാരം  2013