ഡോ. എ.പി.ജെ. അബ്ദുല്‍ കലാം എന്നറിയപ്പെടുന്ന അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബര്‍ 15 നു തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമായിരുന്നു. 'ജനങ്ങളുടെ രാഷ്ട്രപതി' എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞു. 2015 ജൂലൈ 27 ന് 84-ാം വയസ്സില്‍ അദ്ദേഹം ഷില്ലോങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റി്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു.
രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അദ്ദേഹം ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു. മിസ്സൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് 'ഭാരതത്തിന്റെ മിസൈല്‍ മനുഷ്യന്‍' എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുള്‍കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പൊക്രാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
2002 ല്‍ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ഭാരതീയ ജനതാ പാര്‍ട്ടിയും ഒരുപോലെ പിന്തുണച്ച സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം.
    2020 ല്‍ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും ഇന്ത്യ  2020 എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം സാങ്കേതികവിദ്യാവിദഗ്ദ്ധന്‍ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞന്‍ കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കയിരുന്നു.
    ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തില്‍ 1931 ഒക്ടോബര്‍ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയമകനായാണ് എ.പി.ജെ. അബ്ദുല്‍ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള വിശ്വാസിയായിരുന്നു പിതാവ്. ധനുഷ്‌കോടി – രാമേശ്വരം യാത്രക്കുള്ള ബോട്ടുകള്‍ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു ചെയ്തിരുന്നത്. രാമേശ്വരത്തെ ഹൈന്ദവ മതനേതാക്കളുമായും സ്‌കൂള്‍ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്നു. അബ്ദുള്‍ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീന്‍ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി സഞ്ചരിച്ചിരുന്ന ട്രെയിന്‍ അവിടെ നിറുത്താതിരുന്ന കാലത്ത് പത്രക്കെട്ടുകള്‍ വണ്ടിയില്‍ നിന്നും പുറത്തേക്കു വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകള്‍ എടുത്തുകൂട്ടുന്നതില്‍ അബ്ദുള്‍ കലാം ഷംസുദ്ദീനെ സഹായിച്ചിരുന്നു. ഈ സഹായത്തിന് ഷംസുദ്ദീന്‍ കലാമിന് ചെറിയ പാരിതോഷികം നല്‍കുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തി. കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്‌ക് സ്ട്രീറ്റിലാണ്.
രാമനാഥപുരത്തെ ഷെവാര്‍ട് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് അബ്ദുള്‍കലാം ഒരു ശരാശരി വിദ്യാര്‍ത്ഥിമാത്രമായിരുന്നു എങ്കിലും, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുള്‍കലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. കലാമിന്റെ മുതിര്‍ന്ന സഹോദരിയുടെ ഭര്‍ത്താവ് ജലാലുദ്ദീന്‍ ആയിരുന്നു ആ ഗ്രാമത്തില്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുന്നവരില്‍ ഒരാള്‍. ജലാലുദ്ദീന്‍ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുള്‍ കലാമിനോടു പറയുമായിരുന്നു. കലാമിന്റെ വിദ്യാഭ്യാസത്തില്‍ ജലാലുദ്ദീന്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.
    രാമേശ്വരം സ്‌കൂളില്‍ പ്രാഥമികപഠനം പൂര്‍ത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. 1954 ല്‍ കലാം, ഈ കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തില്‍ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താല്‍പര്യമുണ്ടായിരുന്നു. തന്റെ ബിരുദപഠനകാലത്തെക്കുറിച്ച് കലാമിനു തന്നെ പിന്നീട് മതിപ്പുണ്ടായിരുന്നില്ല. ആകാശങ്ങളില്‍ പറക്കുക എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955 ല്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്തെ സാങ്കേതികവിദ്യാ പഠനത്തില്‍ പ്രശസ്തമായ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. വിമാനത്തിന്റെ സാങ്കേതികവശങ്ങള്‍ മനസ്സിലാക്കുവാന്‍ കോളേജില്‍ പ്രദര്‍ശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങളെ കലാം സൂക്ഷ്മതയോടെ ശ്രദ്ധിക്കുവാന്‍ തുടങ്ങി. 1958ല്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ ട്രെയിനിയായി ചേര്‍ന്നു.വിമാനങ്ങളുടെ പൈലറ്റാവാനായിരുന്നു കലാമിനു ആഗ്രഹം. വ്യോമസേനയുടെ പൈലറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടത് കലാമിനെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്. എട്ട് ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂവില്‍ കലാമിന്റെ സ്ഥാനം ഒമ്പതാമത്.1963-64 കാലത്ത് യു.എസിലെ നാഷനല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനില്‍ പഠിതാവായിരുന്നു.
    കെ.ആര്‍.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുന്‍നിര രാഷ്ട്രീയകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഭാരതീയ ജനതാപാര്‍ട്ടിയും ഒരേ പോലെ പിന്തുണച്ച സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയേക്കാള്‍ 815548 വോട്ട് അധികം നേടിയാണ് കലാം രാഷ്ട്രപതിയാവുന്നത്. ഭാരതരത്‌ന പുരസ്‌കാരം ലഭിച്ച മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുള്‍ കലാമിനുണ്ട്. ഡോ.എസ്.രാധാകൃഷ്ണനും ഡോ.സക്കീര്‍ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അര്‍ഹരായവര്‍.
    രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാന്‍ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകള്‍ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ രാഷ്ട്രപതി ഭവനില്‍ ജോലിക്കാര്‍ ഉള്ളപ്പോഴായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.
    2020 ല്‍ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള പദ്ധതി കലാം സ്വപ്നം കണ്ടിരുന്നു. വിഷന്‍ 2020 എന്ന തന്റെ പുസ്തകത്തിലൂടെ ഈ ചിന്തകള്‍ അദ്ദേഹം ജനങ്ങളുമായി പങ്കുവച്ചു.
    പ്രധാനമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എന്ന സ്ഥാനത്തു നിന്നും രാജിവച്ചതിനു ശേഷം കലാം ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയുണ്ടായി. അവരുടെ സൗഹൃദം എനിക്കിഷ്ടമാണ്. നാളെയുടെ ഇന്ത്യയെക്കുറിച്ച് അവര്‍ക്കുള്ള സ്വപ്നങ്ങളെ ഉത്തേജിപ്പിച്ച് അവരെ അത് നേടിയെടുക്കാന്‍ പ്രാപ്തരാക്കണം,ഇത് എന്റെ ലക്ഷ്യത്തിലൊന്നാണ്-അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി കാലയളവിലും, അതിനു ശേഷവും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ദേഹം വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. രാഷ്ട്രപതി സ്ഥാനത്തു നിന്നും വിരമിച്ചശേഷം തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ ചാന്‍സലര്‍ ആയി കലാം സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സൗരോര്‍ജ്ജത്തിന്റെ അളവറ്റ ശക്തിയെക്കുറിച്ച് കലാം ഏറെ ബോധവാനായിരുന്നു. സൗരോര്‍ജ്ജത്തെ ഉപയോഗിച്ച് ബഹിരാകാശത്തുള്ള ഊര്‍ജ്ജപ്ലാന്റുകള്‍ എന്ന ആശയത്തെ ശക്തമായി പിന്തുണക്കുന്ന ഒരാള്‍ കൂടിയായിരുന്നു.
    തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനില്‍ (ടി.ഇ.ആര്‍.എല്‍.എസ്) റോക്കറ്റ് എന്‍ജിനിയറായി 1961ലാണ് ഡോ.എ.പി.ജെ. അബ്ദുള്‍കലാം ജോലിയില്‍ പ്രവേശിച്ചത്. ഏതാണ്ട് ഒരു വര്‍ഷം പിന്നിട്ട സന്ദര്‍ഭത്തില്‍ അക്കാലത്ത് ടി.ഇ.ആര്‍.എല്‍.എസിന്റെ ടെസ്റ്റ് ഡയറക്ടറായിരുന്ന ഡോ.എച്ച്.ജി.എസ്. മൂര്‍ത്തിക്ക് തമിഴിലുള്ള ഒരു കത്ത് ലഭിച്ചു. ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പിതാവ് ജൈനുലാബ്ദീന്‍ മരയ്ക്കാറുടേതായിരുന്നു കത്ത്. തന്റെ മകന്‍ അബ്ദുള്‍കലാം അവിടെ ജോലിയില്‍ പ്രവേശിച്ചതായി അറിയാമെങ്കിലും ഏതാണ്ട് ഒരു വര്‍ഷമായി മകനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും അവന്‍ താങ്കളുടെ ഒപ്പം ജോലിയിലുണ്ടോ, ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു കത്ത്. ഉടന്‍ തന്നെ ഡോ.മൂര്‍ത്തി കലാമിനെ വിളിച്ച് പിതാവിന്റെ കത്ത് കൈമാറി. അപ്പോഴാണ് ജോലിയില്‍ പ്രവേശിച്ച വിവരമറിയിച്ച ശേഷം താന്‍ വീട്ടിലേക്ക് ഒരു കത്തുപോലും അയച്ചിട്ടില്ലെന്ന കാര്യം കലാം ഓര്‍ക്കുന്നത്.  നൂതനമായ റോക്കറ്റ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഠിനശ്രമത്തില്‍ വിവാഹം കഴിക്കാന്‍പോലും മറന്ന അദ്ദേഹത്തിന്റെ സമര്‍പ്പിത മനസ്സിനെക്കുറിച്ച് വിശദമക്കുന്ന ഒരു ഉദാഹരണമാണ് ഈ സംഭവം.
    അബ്ദുല്‍ കലാമിന്റെ കബറടക്കം നടന്ന തങ്കച്ചിമഠം പഞ്ചായത്തിലെ പേക്കരിമ്പനിലെ ഒന്നരയേക്കര്‍ ഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മധുര-രാമേശ്വരം ദേശീയപാതയില്‍ പാമ്പന്‍പാലം കടന്ന് 10 കിലോമീറ്ററിനുള്ളിലാണ് കലാം അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി. കലാം ഡെല്‍ഹിയില്‍ താമസിച്ചിരുന്ന രാജാജി നഗറിലെ വീട് കുട്ടികളുടെ മ്യൂസിയമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവന്നിട്ടുണ്ട്. കലാം അന്ത്യവിശ്രമംകൊള്ളുന്ന ഭൂമി ഒറ്റ രാത്രികൊണ്ടാണ് ജില്ലാഭരണകൂടം ഏറ്റെടുത്തത്. ബസ് ഡിപ്പോയ്ക്കായി പഞ്ചായത്തു കണ്ടുവച്ചിരുന്ന സ്ഥലമാണത്. ബസ് ഡിപ്പോയ്‌ക്കെതിരെ എതിര്‍പ്പുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ കലാമിന്റെ കബറിടത്തിനായി സ്ഥലം വിട്ടുകൊടുക്കണമെന്നു ജില്ലാഭരണകൂടം ആവശ്യപ്പെട്ടപ്പോള്‍ ആരും എതിര്‍ത്തില്ല. ഇതോടെ രാമേശ്വരം കലക്ടര്‍ നന്ദകുമാര്‍ ഇക്കാര്യം കലാമിന്റെ ബന്ധുക്കളെ അറിയിച്ചു. അവര്‍ സമ്മതം പ്രകടിപ്പിച്ചതോടെ ഒറ്റരാത്രിക്കുള്ളില്‍ ഒന്നര ഏക്കര്‍ ഭൂമി ഏറ്റെടുത്തു സര്‍ക്കാര്‍ ഉത്തരവിട്ടു. അബ്ദുല്‍ കലാമിന്റെ ജന്മഗൃഹത്തില്‍ ഇപ്പോഴൊരു മ്യൂസിയമുണ്ട്. രാമേശ്വരത്തെ പ്രസിദ്ധമായ രാമനാഥക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കു സമീപമുള്ള ഹൗസ് ഓഫ് കലാമില്‍ രണ്ടാംനിലയിലാണ് കലാമിന്റെ ജീവിതയാത്രകളെക്കുറിച്ചുള്ള മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
    മുപ്പതോളം സര്‍വ്വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍,1997ല്‍ ഭാരത രത്‌നം.

കൃതികള്‍

    ഇന്ത്യ2020: എ വിഷന്‍ ഫോര്‍ ദ ന്യൂ മില്ലെനിയം എ.പി.ജെ.അബ്ദുള്‍ കലാം, വൈ.എസ്.രാജന്‍
    ഇന്ത്യമൈഡ്രീം എ.പി.ജെ.അബ്ദുള്‍ കലാം
    എന്‍വിഷനിംഗ് ആന്‍ എന്‍പവേഡ് നേഷന്‍: ടെക്‌നോളജി ഫോര്‍ സൊസൈറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍     എ.പി.ജെ.അബ്ദുള്‍ കലാം
    ഗൈഡിംഗ് സോള്‍സ്: ഡയലോഗ്‌സ് ഓണ്‍ ദ പര്‍പ്പസ് ഓഫ് ലൈഫ് എ.പി.ജെ.അബ്ദുള്‍ കലാം,    അരുണ്‍.കെ.തിവാരി
    ചില്‍ഡ്രണ്‍ ആസ്‌ക് കലാം എ.പി.ജെ.അബ്ദുള്‍ കലാം (പിയേഴ്‌സണ്‍ എഡ്യുക്കേഷന്‍)
    വിംഗ്‌സ് ഓഫ് ഫയര്‍: ആന്‍ ഓട്ടോബയോഗ്രഫി ഓഫ് എ.പി.ജെ.അബ്ദുള്‍ കലാം എ.പി.ജെ.അബ്ദുള്‍     കലാം, അരുണ്‍ തിവാരി