ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ പ്രഗല്ഭനായ ഉദ്യോഗസ്ഥനും സാഹിത്യകാരനും കലാസ്വാദകനുമായിരുന്നു എം.കെ.കെ. നായര്‍ (29 ഡിസംബര്‍ 1920 – 27 സെപ്റ്റംബര്‍ 1987). കേരള കലാമണ്ഡലം ചെയര്‍മാനായിരുന്നു. തിരുവനന്തപുരത്ത് പാല്‍ക്കുളങ്ങരയുള്ള മേപ്പള്ളിവീട്ടില്‍ 1920 ഡിസംബര്‍ 29ന് ജനിച്ചു. അച്ഛന്‍ കേശവപിളള. അമ്മ ജാനകി അമ്മ. തിരുവനന്തപുരം മഹാരാജാസ് കോളജില്‍ ബി.എ.യ്ക്കു ചേര്‍ന്നു. 1939ല്‍ മദിരാശി സര്‍വകലാശാലയില്‍നിന്നു ബി.എ. (ഫിസിക്‌സ്) ഒന്നാം ക്ലാസ്സില്‍ ഒന്നാം റാങ്കോടെ ജയിച്ചു. പിന്നീട് എഫ്.എല്‍.പരീക്ഷയും പാസ്സായി. പല ഔദ്യോഗിക മേഖലകളിലും സേവനമനുഷ്ഠിച്ചശേഷം 1948ല്‍ ഐ.എ.എസ്. പരീക്ഷ പാസ്സായി. സേലം അസി. കളക്ടറായിട്ടാണ് തുടക്കം. ഡല്‍ഹി സെക്രട്ടേറിയറ്റിലെ സേവനകാലത്താണ് എം.കെ.കെ. നായര്‍ വ്യവസായ മണ്ഡലവുമായി ബന്ധപ്പെട്ടത്. നെഹ്‌റു, വി.പി. മേനോന്‍, രാജാജി, കാമരാജ്, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, വി.കെ. കൃഷ്ണമേനോന്‍, പി.സി. അലക്‌സാണ്ടര്‍, എം.ഒ. മത്തായി, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയവരുമായി അടുത്തവ്യക്തി ബന്ധമുണ്ടായിരുന്നു. എഫ്.എ.സി.റ്റിയുടെ മാനേജിങ്ങ് ഡയറക്ടര്‍(59-71), കേരളാ മാനേജ്‌മെന്റ് അസോസിയേഷന്റെയും കേരള പ്രൊഡക്ടിവിറ്റി കൗണ്‍സിലിന്റെയും സ്ഥാപകാദ്ധ്യക്ഷന്‍, സ്വകാര്യപൊതുസഹകരണമേഖലകളുടെ പരമോന്നതസമിതിയായ ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ചെയര്‍മാന്‍(65-67). കേന്ദ്രഗവണ്‍മെന്റ് രാസവളത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ശിവരാമന്‍ കമ്മിറ്റി അംഗം(1966), കേരള കലാമണ്ഡലം ചെയര്‍മാന്‍ (1966-1971) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കലാമണ്ഡലം ചെയര്‍മാനായ കാലത്താണ് ആദ്യമായി ഒരു കഥകളി സംഘം യൂറോപ്യന്‍ പര്യടനം നടത്തുന്നത്. കഥകളി ലോക പ്രസിദ്ധി നേടിയത് ഈ പര്യടനങ്ങളിലൂടെയാണ്. 1965ല്‍ ആലുവയില്‍ നടന്ന അഖിലേന്ത്യാ റൈറ്റേഴ്‌സ് കോണ്‍ഫറന്‍സിന് ചുക്കാന്‍ പിടിച്ചതും എം.കെ.കെ. നായരാണ്. 1971ല്‍ ഇദ്ദേഹം ഫാക്ടില്‍നിന്ന് വിരമിക്കുകയും പ്ലാനിങ് കമ്മീഷനില്‍ ജോയിന്റ് സെക്രട്ടറിയാകുകയും ചെയ്തു.
കഥകളിയുടെ വലിയ ആരാധകനായിരുന്ന അദ്ദേഹം കഥകളി, മോഹിനിയാട്ടം മുതലായ കേരളീയ കലകളെപ്പറ്റി ഇംഗ്‌ളീഷിലും മലയാളത്തിലും അനേകം ലേഖനങ്ങള്‍ എഴുതി. തിരുവനന്തപുരം ജില്ലയില്‍ പകല്‍ക്കുറിയില്‍ തെക്കന്‍ ചിട്ടയില്‍ ഒരു കഥകളി വിദ്യാലയം സ്ഥാപിച്ചതും എം.കെ.കെ. നായരാണ്.

കൃതികള്‍

    ആരോടും പരിഭവമില്ലാതെ: ഒരു കാലഘട്ടത്തിന്റെ കഥ (ആത്മകഥ)
    കഥകളി
    ആട്ടക്കഥയമ്മാവന്‍ കഥപറയുന്നു
    കഥകളി എ ടോട്ടല്‍ തീയറ്റര്‍
    ക്ലാസിക്കല്‍ ആര്‍ട്‌സ് ഒഫ് കേരള