പത്രപ്രവത്തകനും എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു എന്‍.എന്‍. സത്യവ്രതന്‍.
കൊച്ചിക്കടുത്ത് കുമ്പളങ്ങി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛന്‍ പൊതുപ്രവര്‍ത്തകനായിരുന്ന നെടുങ്ങയില്‍ നാരായണന്‍. അമ്മ ജാനകി. 1958 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു അതിനു മുമ്പ് അല്പകാലം ദീനബന്ധു ദിനപത്രത്തില്‍. മാതൃഭൂമിയില്‍ ലേഖകനും, മുഖ്യലേഖകനും, പ്രത്യേക ലേഖകനും, ന്യൂസ് എഡിറ്ററുമായി മുപ്പതുവര്‍ഷം പ്രവര്‍ത്തിച്ചു. 1988 ല്‍ സ്വയം പിരിഞ്ഞ് കേരളകൗമുദിയില്‍ റെസിഡന്റ് എഡിറ്ററായി.2008 ജൂലൈ 31 നു കേരളകൗമുദിയില്‍ നിന്ന് വിരമിച്ചു.1993 ല്‍ കേരള പ്രസ് അക്കാദമിയില്‍ കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി. എറണാകുളം പ്രസ് ക്ലബിന്റെ സ്ഥാപക പ്രസിഡന്റാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഇടക്കാലത്ത് അഖിലേന്ത്യാ പത്രപ്രവര്‍ത്തക സംഘടനയുടെ ട്രഷറര്‍.ഭാര്യ: രോഹിണി. മക്കള്‍: ഡോ. ആശാ ജയന്‍, ദീപാ സന്തോഷ്, രൂപാ പ്രമോദ്. കൊച്ചി കാക്കനാട് മാവേലിപുരം റസിഡന്‍ഷ്യല്‍ കോളനിയിലാണ് ദീര്‍ഘകാലമായി സത്യവ്രതന്‍ താമസിച്ചിരുന്നത്.
    വാര്‍ത്ത വന്ന വഴി എന്ന പുസ്തകം ഏറെ വിവാദമായി. 1968ല്‍ എറണാകുളം തേവര എസ്എച്ച് കോളേജിലെ സമരത്തില്‍ രക്തസാക്ഷിയായ കെഎസ്‌യു പ്രവര്‍ത്തകനെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായത്. കെഎസ്‌യു പ്രവര്‍ത്തകനായ മുരളി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതല്ലെന്നും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നെന്നുമായിരുന്നു സത്യവ്രതന്റെ വെളിപ്പെടുത്തലുകള്‍. 77വയസ്സില്‍ 2010 ജനുവരി 25ന് അദ്ദേഹം മരണമടഞ്ഞു.

കൃതികള്‍

    വാര്‍ത്തയുടെ ശില്പശാല (ആദ്യകൃതി)
    വാര്‍ത്ത വന്ന വഴി
    അനുഭവങ്ങളേ നന്ദി

പുരസ്‌കാരങ്ങള്‍

    മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള വിജയരാഘവന്‍ സ്മാരക പുരസ്‌കാരം.