മലയാളനാടകവേദിയില്‍ നാടകകൃത്ത്, സംവിധായകന്‍, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെട്ട കലാകാരനാണ് എസ്. എല്‍. പുരം സദാനന്ദന്‍ (ഏപ്രില്‍ 15, 1926 – സെപ്റ്റംബര്‍ 16, 2005. മലയാളസിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്.
ആലപ്പുഴ ജില്ലയിലെ എസ്.എല്‍ പുരത്താണ് ജനനം. എസ്.എല്‍ പുരം എന്ന പേരിലാണ് നാടകരംഗത്ത് അറിയപ്പെടുന്നത്. പതിമൂന്നാംം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങള്‍ എഴുതി. പിന്നീട് ആര്‍. സുഗതനെന്ന തൊഴിലാളിനേതാവിന്റെ അനുഗ്രഹാശിസ്സുകളോടെ നാടകരചനാരംഗത്തേക്ക് കടന്നു. കര്‍ഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടുകളും ദുരിതവും നേരിട്ടറിയുകയും അവയെ തന്റെ നാടകങ്ങളുടെ വിഷയമാക്കുകയും ചെയ്തു.ചെറുപ്പകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹം പുന്നപ്ര-വയലാര്‍ ഉള്‍പ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് സമരങ്ങളില്‍ പങ്കുകൊണ്ടു. ഇക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ പി. കൃഷ്ണപിള്ളയുമൊത്ത് പ്രവര്‍ത്തിച്ചു. മാരാരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു.2005 സെപ്റ്റംബര്‍ 16ന് അന്തരിച്ചു
    നാല്പതിലേറെ നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യനാടകമായ കുടിയിറക്ക് എഴുതുമ്പോള്‍ പ്രായം 17 വയസ്സ് മാത്രമായിരുന്നു. കല്പനാ തിയേറ്റേഴ്‌സിന്റെ സ്ഥാപനത്തിലൂടെ നാടകസമിതിയിലും സജീവമായി. ഒരാള്‍ കൂടി കള്ളനായി, വിലകുറഞ്ഞ മനുഷ്യന്‍, യാഗശാല എന്നിവയായിരുന്നു കല്പനാ തിയേറ്റേഴ്‌സിന്റെ നാടകങ്ങള്‍. പിന്നീട് സുര്യസോമ തിയേറ്റേഴ്‌സ് സ്ഥാപിച്ചു. മലയാള നാടകരംഗത്തെ ഏറെ ജനപ്രിയ നാടകങ്ങളിലൊന്നായ കാട്ടുകുതിര അരങ്ങിലെത്തിച്ചു. എന്നും പറക്കുന്ന പക്ഷി, ആയിരം ചിറകുള്ള മോഹം എന്നീ നാടകങ്ങളും ഈ സമിതിയുടേതായി അരങ്ങിലെത്തി. കാക്കപ്പൊന്ന് എന്ന നാടകത്തിന് 1963ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.    
    മലയാളചലച്ചിത്രങ്ങളുടെ തിരക്കഥാരചനയിലും എസ്.എല്‍. പുരം സജീവമായിരുന്നു. 1967ല്‍ അഗ്‌നിപുത്രിയുടെ രചനയിലൂടെ മലയാളസിനിമയ്ക്ക് ആദ്യമായി നല്ല തിരക്കഥയ്ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. 1965ല്‍ ചെമ്മീനുവേണ്ടി സംഭാഷണം എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശിച്ചത്. നെല്ല്, യവനിക, ഒരു പെണ്ണിന്റെ കഥ, അഴിയാത്ത ബന്ധങ്ങള്‍, എന്റെ കാണാക്കുയില്‍, കുഞ്ഞാറ്റക്കിളികള്‍ തുടങ്ങി നൂറിലേറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

പ്രധാന നാടകങ്ങള്‍

    ഒരാള്‍ കൂടി കള്ളനായി
    വില കുറഞ്ഞ മനുഷ്യര്‍
    യാഗശാല
    കാക്കപൊന്ന്
    അഗ്‌നിപുത്രി
    കല്ലു കൊണ്ടൊരു പെണ്ണ്
    കാട്ടുകുതിര

പുരസ്‌കാരം

    തിരക്കഥയ്ക്കുള്ള ആദ്യ ദേശീയപുരസ്‌കാരം (1967)
    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1963)

എസ്.എല്‍. പുരം സദാനന്ദന്‍ പുരസ്‌കാരം

    മലയാളനാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് എസ്.എല്‍. പുരം സദാനന്ദന്‍ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നാടകരചയിതാവ്, സംവിധായകന്‍, നാടകസമിതി ഉടമ എന്നീ നിലകളില്‍ പ്രസിദ്ധനായ എസ്.എല്‍. പുരം സദാനന്ദന്റെ പേരില്‍ 2007 മുതല്ക്കാക്കാണ് കേരള സര്‍ക്കാര്‍ ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.