മനോരോഗവിദഗ്ദ്ധനും തിരക്കഥാകൃത്തും സംഗീതസംവിധായകനുമായിരുന്നു ഡോ. എസ്.പി രമേഷ് (25 മാര്‍ച്ച് 1945 – 30 ജൂലൈ 2011). കോട്ടയം തിരുനക്കര മങ്കൊമ്പില്‍ അഡ്വ.ഇ.പി.ശങ്കരക്കുറുപ്പിന്റെയും പി.ഭാനുമതി അമ്മയുടെയും മകനാണ്. 'അര്‍ദ്ധവിരാമം' എഴുതിയ അമര്‍ത്യാനന്ദ മൂത്ത ചേട്ടനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബോംബെ കെ.ഇ.എം.ഹോസ്പിറ്റലിലും പഠിച്ചു. 2000 മാര്‍ച്ചില്‍ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടായി വിരമിച്ചു. അരവിന്ദനുമൊത്ത് പോക്കുവെയിലിന്റെ തിരക്കഥ രചിച്ചു. നോക്കുകുത്തി, അന്തിപ്പൊന്‍വെട്ടം, ബഷീര്‍ ദ മാന്‍, കോവിലന്‍ എന്റെ അച്ഛാച്ഛന്‍ എന്നിവയ്ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. സംസ്ഥാന അവാര്‍ഡ് നേടിയ 'മാര്‍ഗം' എന്ന സിനിമയുടെ തിരക്കഥ രാജീവ് വിജയരാഘവന്‍, അന്‍വര്‍ അലി എന്നിവരൊത്താണ് തയ്യാറാക്കിയത്. അന്തിപ്പൊന്‍വെട്ടത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണ്. 'അന്തിപ്പൊന്‍വെട്ടം', 'സൂത്രധാരന്‍' എന്നീ സിനിമകളുടെ ഗാനരചനയും നടത്തി. രവീന്ദ്രസംഗീതത്തില്‍ പണ്ഡിതന്‍ കൂടിയായിരുന്നു. ഇടശ്ശേരിയുടെയും ഒ.വി.ഉഷയുടെയും കവിതകള്‍ക്ക് സംഗീതാവിഷ്‌കാരം നല്‍കി. ചെക്കോവിന്റെ 'യോണ്‍' എന്ന കഥ, തിരക്കഥയാക്കി.

കൃതികള്‍

    ചെങ്ങഴിനീര്‍പൂവ് (ചെറുകഥാസമാഹാരം),
    ദൈ­വാ­യ­നം (യാത്രാവിവരണം)
    കാരൂര്‍ നീലകണ്ഠപിള്ള (ജീവചരിത്രം)