കഥാകൃത്തുണ് എസ്. വി. വേണുഗോപന്‍ നായര്‍. 1945 ഏപ്രില്‍ 18ന് നെയ്യാറ്റിന്‍കര താലൂക്കിലെ കാരോടു ദേശത്ത് ജനിച്ചു. അച്ഛന്‍ പി. സദാശിവന്‍ തമ്പി. അമ്മ ജെ. വി. വിശാലാക്ഷിയമ്മ.
കുളത്തൂര്‍ (നെയ്യാറ്റിന്‍കര) ഹൈസ്‌കൂളിലും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും വിദ്യാഭ്യാസം ചെയ്തു. മലയാള സാഹിത്യത്തില്‍ എം.എ., എം.ഫില്‍., പിഎച്ച്.ഡി ബിരുദങ്ങള്‍ നേടി. 1965 മുതല്‍ കോളേജ് അദ്ധ്യാപകനായി. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്റ്റിയന്‍ കോളേജിലും മഞ്ചേരി, നിലമേല്‍, ധനുവച്ചപുരം, ഒറ്റപ്പാലം, ചേര്‍ത്തല എന്‍. എസ്. എസ്. എന്നീ കോളേജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗമായിരുന്നു.

കൃതികള്‍

കഥാസമാഹാരങ്ങള്‍

    ആദിശേഷന്‍
    ഗര്‍ഭശ്രീമാന്‍
    മൃതിതാളം
    രേഖയില്ലാത്ത ഒരാള്‍
    തിക്തം തീക്ഷ്ണം തിമിരം
    ഭൂമിപുത്രന്റെ വഴി
    ഒറ്റപ്പാലം
    കഥകളതിസാദരം
    എന്റെ പരദൈവങ്ങള്‍

പഠനം

    വാത്സല്യം സി. വി. യുടെ ആഖ്യായികകളില്‍

തര്‍ജ്ജമ

    സൗ സുയേജിന്‍ രചിച്ച ചൈനീസ് ഗ്രന്ഥമായ ഹങ് ലൗ മെങ് അദ്ദേഹം ചുവന്ന അകത്തളത്തിന്റെ കിനാവ് എന്ന പേരില്‍ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തു.

പുരസ്‌കാരം

    'രേഖയില്ലാത്ത ഒരാള്‍' ഇടശ്ശേരി അവാര്‍ഡിനും (1984) 'ഭൂമിപുത്രന്റെ വഴി' കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും (1990) അര്‍ഹമായി. ഡോ. കെ. എം. ജോര്‍ജ് അവാര്‍ഡ് ട്രസ്റ്റിന്റെ ഗവേഷണപുരസ്‌കാരവും (1995) ലഭിച്ചു.