കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്നു ഏറ്റുമാനൂര്‍ സോമദാസന്‍ (16 മേയ് 1936 – 21 നവംബര്‍ 2011). സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കന്‍ കുന്നേല്‍ തറവാട്ടില്‍ ജനിച്ചു. എസ് മാധവന്‍ പിള്ള പിതാവും പാറുക്കുട്ടിയമ്മ മാതാവുമാണ്. 1959 മുതല്‍ 64 വരെ കമ്പിത്തപാല്‍ വകുപ്പില്‍ ജോലി ചെയ്തു. 66 മുതല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലും തുടര്‍ന്ന് വിവിധ എന്‍.എസ്.എസ് കോളേജുകളിലും മലയാള അധ്യാപകനായിരുന്നു. 91 ല്‍ പെരുന്ന എന്‍.എസ്.എസ് കോളേജില്‍ നിന്ന് വിരമിച്ചു. 91 മുതല്‍ 2009 വരെ പെരുന്നയില്‍ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തി. എം. സോമദാസന്‍ പിള്ള എന്ന ആദ്യകാല നാമം മാറ്റി പിന്നീട് ഏറ്റുമാനൂര്‍ സോമദാസന്‍ എന്നാക്കുകയായിരുന്നു. ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയിട്ടുണ്ട്. 1958ല്‍ പി.ആര്‍ ചന്ദ്രന്റെ 'പുകയുന്ന തീമലകള്‍' എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങള്‍ എഴുതിയത്. ചങ്ങനാശ്ശേരി ഗീഥ, തരംഗം, പെരുമ്പാവൂര്‍ നാടകശാല തുടങ്ങിയ നാടക സമിതികള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ എഴുതി. 1967 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങള്‍ എഴുതി. അക്കല്‍ദാമ ആണ് ആദ്യം പുറത്തു വന്ന ചിത്രം. പിന്നീട് മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങള്‍ക്കും സോമശേഖരന്‍ പാട്ടുകള്‍ എഴുതി.എ. തുളസീബായി അമ്മയാണ് ഭാര്യ. മക്കള്‍: എസ്. കവിത, ഡോ. എസ്. പ്രതിഭ.

കൃതികള്‍

    പടവാളില്ലാത്ത കവി (കവിത)
    സഖി
    നീയെന്റെ കരളാ (നോവല്‍)
    അതിജീവനം (നോവല്‍)

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
    വാമദേവന്‍ പുരസ്‌കാരം
    കൃഷ്ണഗീതി പുരസ്‌കാരം
    മൂലൂര്‍ കവിതാ അവാര്‍ഡ്
    ഉള്ളൂര്‍ സ്മാരക പുരസ്‌കാരം,
    പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക പുരസ്‌കാരം