പുരോഗമനസാഹിത്യത്തിന്റെ വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്നു കുറ്റിപ്പുഴ കൃഷ്ണപിള്ള. (1900 ഓഗസ്റ്റ് 1 -1971 ഫെബ്രുവരി 11). എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലെ കുറ്റിപ്പുഴയില്‍ ഊരുമനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരി, കുറുങ്ങാട്ട് വീട്ടില്‍ ദേവകി അമ്മ എന്നിവരുടെ മകനായി 1900 ഓഗസ്റ്റ് 1നാണ് കൃഷ്ണപിള്ള ജനിച്ചത്. അയിരൂര്‍ പ്രൈമറി സ്‌കൂള്‍, ആലുവ സെന്റ് മേരീസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1928ല്‍ മദിരാശി സര്‍വകലാശാലയുടെ വിദ്വാന്‍ പരീക്ഷ വിജയിച്ചു. ആലുവ യു.സി. കോളേജില്‍ മലയാളം അധ്യാപകനായി.മലയാളം പ്രൊഫസര്‍, കേരള സര്‍വകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍, യുക്തിവാദിസംഘം നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മതത്തെ യുക്തിപൂര്‍വ്വം പഠനവിധേയമാക്കിയ അദ്ദേഹം മാര്‍ക്‌സിസത്തോട് അനുഭാവം കാണിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ അവഗാഹമുണ്ടായിരുന്നു. കാള്‍ മാര്‍ക്‌സിന്റെ ദാസ് ക്യാപ്പിറ്റല്‍, ലെനിന്റെ തിരഞ്ഞെടുത്ത കൃതികള്‍ എന്നിവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. 1971 ഫെബ്രുവരി 11ന് അന്തരിച്ചു.

കൃതികള്‍

    സാഹിതീയം
    വിചാരവിപ്ലവം
    വിമര്‍ശരശ്മി
    നിരീക്ഷണം
    ചിന്താതരംഗം
    മനസോല്ലാസം
    മനനമണ്ഡലം
    സാഹിതീകൗതുകം
    നവദര്‍ശനം
    ദീപാവലി
    വിമര്‍ശദീപ്തി
    യുക്തിവിഹാരം
    വിമര്‍ശനവും വീക്ഷണവും
    ഗ്രന്ഥാവലോകനം
    സ്മരണമഞ്ജരി