രാഷ്ട്രീയ നേതാവും കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ടി.ഡി.സി) ചെയര്‍മാനുമായിരുന്നു ചെറിയാന്‍ ഫിലിപ്പ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറിയാന്‍ ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനാണ്. കേരള ദേശിയവേദി എന്ന സംഘടനയുടെ പ്രസിഡന്റ് ആയിരുന്നു.  കെ.പി.പി.സി മുന്‍ സെക്രട്ടറി ആയിരുന്നു. ചെങ്ങന്നൂരില്‍, കെ.സി.ഫിലിപ്പിന്റെ മൂത്ത മകനായി ചെറിയാന്‍ ഫിലിപ്പ് 1953 നവംബര്‍ 21 ന് ജനിച്ചു. പകലോമറ്റം അയരൂകുഴിയില്‍ എന്ന സുറിയാനി ക്രിസ്ത്യാനി കുടുംബത്തിലാണ് ജനിച്ചത്. സെന്റ് ജോസഫ് ഹൈസ്‌കൂള്‍, മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ് എന്നിവയില്‍ പഠനം നടത്തി. 1967ല്‍ കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ (കെഎസ്‌യു) എന്ന വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ആണ് ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. 1974 ല്‍ കേരള സര്‍വ്വകലാശാല യൂണിയന്‍ സെക്രട്ടറിയും കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും ആയിരുന്നു. 1975 ല്‍ കെഎസ്‌യു ജനറല്‍ സെക്രട്ടറിയും 1979 യില്‍ പ്രസിഡന്റും ആയിരുന്നു. 1980 ല്‍ കേരള പ്രദേശ് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആയി, 1982-89 ല്‍ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്നു. 1984-89 ല്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ആയിരുന്നു. തുടര്‍ന്ന് കെ.പി.പി.സി സെക്രട്ടറിയായി. 1992 ല്‍ അദ്ദേഹം കേരള ദേശിയവേദി എന്ന സഘടന ആരംഭിച്ചു. അതിന്റെ സ്ഥാപക പ്രസിഡന്റും ആയിരുന്നു.
    1991 ല്‍ ടി.കെ.രാമകൃഷ്ണനെതിരെ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി കോട്ടയത്ത് മത്സരിച്ചു. കോണ്‍ഗ്രസില്‍ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാന്‍ ഫിലിപ് 2001 ല്‍ കോണ്‍ഗ്രസ് വിട്ടു. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇടതുപിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്ലൂപ്പാറ മണ്ഡലത്തില്‍ ഇടതുസ്വതന്ത്രനായി കേരള കോണ്‍ഗ്രസിലെ ജോസഫ് എം. പുതുശേരിക്കെതിരെ മത്സരിച്ചെങ്കിലും തോറ്റു.പിന്നീടു അദ്ദേഹം കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയി. ചെറിയാന്‍ ഫിലിപ്പ് 7 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് . കേരളപ്പിറവിക്കു ശേഷമുള്ള 25 വര്‍ഷക്കാലത്തെ കേരള രാഷ്ട്രീയ രംഗത്തെ അവലോകനം ചെയ്യുന്ന 'കാല്‍നൂറ്റാണ്ട്' ആണ് പ്രധാന കൃതി.