ശ്രദ്ധേയനായ ഗദ്യകാരനും ആദ്യകാല ഫോക്‌ലോര്‍ പണ്ഡിതനുമാണ് ഡോ. ചേലനാട്ട് അച്യുതമേനോന്‍ (1894-1952). 1938ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്ഡി. ലഭിച്ചു. ഒരു വിദേശസര്‍വ്വകലാശാലയില്‍  മലയാളത്തെ സംബന്ധിച്ച് ആദ്യമായി ഗവേഷണം ചെയ്യുന്നത് ചേലനാട്ട് അച്യുതമേനോനാണ്.
1894 ഏപ്രില്‍ 30ന് വള്ളുവനാട് താലൂക്കിലെ വെള്ളിനേഴിയില്‍ ചേലനാട്ട് മാധവിയമ്മയുടെയും പൊട്ടത്തില്‍ അച്യുതമേനോന്റെയും മകനായാണ് അച്യുതമേനോന്‍ ജനിച്ചത്. നാട്ടെഴുത്തച്ഛന്റെ കീഴില്‍ അക്ഷരം അഭ്യസിച്ച ശേഷം വെള്ളിനേഴി പ്രൈമറി സ്‌കൂള്‍, സാമൂതിരി കോളേജ് സ്‌കൂള്‍, ഒറ്റപ്പാലം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സാമൂതിരി കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. 1917ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദം നേടി. യൂണിവേഴ്‌സിറ്റി കോളേജില്‍ ഏ.ആര്‍. രാജരാജവര്‍മ്മ, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി തുടങ്ങിയവര്‍ അച്യുതമേനോന്റെ ഗുരുനാഥന്മാരായിരുന്നു.
    തപാല്‍ ഉദ്യോഗസ്ഥനായി ജോലി ആരംഭിച്ചു. രണ്ടു മാസം തപാല്‍ ഗുമസ്തനായും പിന്നീട് മദ്രാസ് ഡി.പി.ഐ. ഓഫീസിലും ജോലിചെയ്തു. 1919ല്‍ കോഴിപ്പുറത്ത് നാരായണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. 1921ല്‍ മദ്രാസ് ക്വീന്‍ മേരീസ് കോളേജില്‍ അദ്ധ്യാപകനായി. മദിരാശി സര്‍വ്വകലാശാലയില്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോള്‍ അതില്‍ മലയാളവിഭാഗം തലവനായി. മദിരാശി സര്‍വ്വകലാശാലയില്‍ ദീര്‍ഘകാലം മലയാളവിഭാഗം തലവനായി സേവനമനുഷ്ഠിച്ച അച്യുതമേനോന്‍ 1938ല്‍ ലണ്ടനിലേക്ക് പോയി. അവിടെ ഡോ. ബാര്‍ണറ്റിന്റെ കീഴില്‍ എഴുത്തച്ഛന്റെ കൃതികളെക്കുറിച്ച് (Ezhuthachan and his age)പഠിച്ച് പി.എച്ച്.ഡി. നേടി. മലയാളത്തിന് ഒരു വിദേശ സര്‍വകലാശാലയില്‍ നിന്ന് കിട്ടുന്ന ആദ്യ ഡോക്ടറേറ്റ് ചേലനാട്ട് അച്യുതമേനോന്റേതായിരുന്നു. 1952 ഫെബ്രുവരി 6നായിരുന്നു ചേലനാട്ട് അച്യുതമേനോന്റെ മരണം.

കൃതികള്‍

ചെറുകഥാസമാഹാരം

    ഇന്ദ്രജാലം
    മണിമാല

നോവല്‍

    കുമാരന്‍
    കോമന്‍ നായര്‍

നാടകം

    അന്നും ഇന്നും
    തച്ചോളിച്ചന്തു
    ബില്ലുകൊണ്ടുള്ള തല്ല്
    വീരവിലാസം
    വീരാങ്കണം (ഏകാങ്കസമാഹാരം)
    പുഞ്ചിരി (ഏകാങ്കസമാഹാരം)

ബാലസാഹിത്യം

    പുരാണമഞ്ജരി
    ശ്രീകൃഷ്ണന്‍

പഠനം

    Catalogue of the Malayalam manuscripts in the India Office Library by Chelnat Achyuta Menon, 1954
    കേരളത്തിലെ കാളീസേവ
    എഴുത്തച്ഛനും അദ്ദേഹത്തിന്റെ കാലവും (Ezhuthachan and his age)
    പ്രദക്ഷിണം