പത്രപ്രവര്‍ത്തകന്‍, സ്വാതന്ത്ര്യപ്പോരാളി, യുക്തിവാദി, പരിഷ്‌കര്‍ത്താവ്, തൊഴിലാളിപ്രവര്‍ത്തകന്‍, പരിഭാഷകന്‍ എന്നീ മേഖലകളില്‍ പ്രസിദ്ധനായ വ്യക്തിയാണ് ചൊവ്വര പരമേശ്വരന്‍. മാതൃഭൂമിയുടെ ലേഖകനായിരുന്നു. 1942ല്‍ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനൊപ്പം ഇദ്ദേഹം തടവില്‍ കഴിഞ്ഞിട്ടുണ്ട്. 'ചൊവ്വരഗാന്ധി' എന്ന് ഇദ്ദേഹത്തെ വിളിച്ചിരുന്നു. പത്രപ്രവര്‍ത്തകരുടെ സംഘടനയില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം പത്രപ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ക്കായി മുന്‍കൈയെടുത്തിരുന്നു. 1923ല്‍ പാലക്കാട് നടന്ന കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തില്‍ പങ്കെടുത്തു. 1924ല്‍ വൈക്കം സത്യാഗ്രഹത്തിലും 1930ല്‍ സിവില്‍ നിയമലംഘന പ്രസ്ഥാനത്തിലും, 1942ല്‍ ക്വിറ്റിന്ത്യാ സമരത്തിലും പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയില്‍ 1949 മുതല്‍ ജോലി ചെയ്തു. 1968 ഡിസംബര്‍ 20ന് അന്തരിച്ചു. കേരള പ്രസ്സ് അക്കാദമി ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ചൊവ്വര പരമേശ്വരന്‍ പുരസ്‌കാരം നല്‍കിവരുന്നു. കൊച്ചിയിലെ ചൊവ്വര പരമേശ്വരന്‍ സ്മാരക സമിതിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.