ചരിത്രകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ഡോ. എം.എസ്. ജയപ്രകാശ് (ഏപ്രില്‍ 14 1950-മേയ് 10 2013) കേരള യൂനിവേഴ്‌സിറ്റി റിസര്‍ച്ച് ഗൈഡും കോളേജ് പ്രൊഫസറുമായിരുന്നു. 1950 ഏപ്രില്‍ 14നു തിരുവനന്തപുരം ജില്ലയിലെ ജഗതിയില്‍ സ്വാതന്ത്ര്യസമര സേനാനിയായ എം ശ്രീധരപ്പണിക്കരുടെ മകനായാണു ജനനം. കോട്ടണ്‍ഹില്‍ സ്‌കൂള്‍, എസ്.എം.വി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജില്‍ നിന്ന് പ്രീഡിഗ്രിയും യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിരുദ ബിരുദാനന്തര പഠനവും പൂര്‍ത്തിയാക്കി. തിരുവനന്തപുരം ട്രെയിനിങ് കോളജില്‍നിന്ന് ബി.എഡും പാസായി. 1979 ല്‍ തൃശൂര്‍ വെറ്റിലപ്പാറ ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായി നിയമനം ലഭിച്ചു. തൊട്ടടുത്ത വര്‍ഷം ശാസ്താംകോട്ട ഡി.ബി കോളജില്‍ ചരിത്രവിഭാഗത്തില്‍ അധ്യാപകനായി. 2005 ല്‍ ചരിത്രവിഭാഗം മേധാവിയായി വിരമിച്ചു. കേരള സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി നേടിയത്. 'തിരുവിതാംകൂറിലെ സാമൂഹികപ്രതിരോധം സി. കേശവനെ പ്രത്യേകം അടയാളപ്പെടുത്തിക്കൊണ്ട്' എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ്. ന്യൂനപക്ഷ രാഷ്ടീയത്തിന്റെ വക്താവായിരുന്നു. ബി.എസ്.പിയടക്കം വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. പിന്നാക്ക സമുദായങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതും പ്രതിഫലിപ്പിക്കുന്നതുമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ചരിത്ര നിരീക്ഷണങ്ങളില്‍ വേറിട്ട ചിന്തകളും പുതിയ രീതിയിലുള്ള പൊളിച്ചെഴുത്തുകളും നടത്തി. ന്യൂനപക്ഷ ദളിത് രാഷ്ട്രീയത്തെ പിന്തുണച്ചു. സവര്‍ണ രാഷ്ട്രീയത്തിന്റെ ശക്തനായ എതിരാളി. പി.കെ. ബാലകൃഷ്ണനുശേഷം കേരളത്തിന്റെ ജാതി സമ്പ്രദായത്തില്‍ ഊന്നി നിന്ന് ചരിത്ര വിശകലനം നടത്തി.ആലപ്പുഴ നഗരത്തിന്റെ ശില്‍പ്പികളില്‍ ഒരാളായി അറിയപ്പെടുന്ന തച്ചില്‍ മാത്തൂതരകന്റെ ഇരുന്നൂറാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ആലപ്പുഴ പഴവങ്ങാടി പള്ളി കാര്‍മല്‍ ഹാളില്‍ ഫെറോന വിശ്വാസവര്‍ഷാചരണ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയാണ് ജയപ്രകാശ് കുഴഞ്ഞുവീണത്. മൂന്ന് തവണ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം 2013 മെയ് 10 ന് അന്തരിച്ചു.

കൃതികള്‍

    ശ്രീനാരായണനും സാസ്‌കാരിക വിപ്ലവവും
    ഈഴവ ശിവന്‍ ഇന്ത്യന്‍ വിപ്ലവത്തിന്റെ വിത്ത്
    മതേതര ഭാരതവും ഗുരുദര്‍ശനവും
    എ സ്റ്റഡി ഓഫ് ഈഴവാസ് ഇന്‍ കേരള
    ദ ഹിസ്റ്ററി ഓഫ് നിവര്‍ത്തന്‍ അജിറ്റേഷന്‍

പുരസ്‌കാരങ്ങള്‍

    ചരിത്ര പഠനങ്ങള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കെ. സുകുമാരന്‍ അവാര്‍ഡ്
    ഡോ. പല്‍പ്പു മെമ്മോറിയല്‍ പ്രബന്ധ രചനാ പുരസ്‌കാരം
    എസ്.എന്‍.ഡി.പി നടത്തിയ സംസ്ഥാനതല പ്രബന്ധരചനാ മത്സരത്തില്‍ സ്വര്‍ണമെഡല്‍