കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെക്കുറിച്ചും തെക്കന്‍ പാട്ടുകളെക്കുറിച്ചും ശ്രദ്ധേയമായ നിരവധി ഗവേഷണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷകനാണ് ഡോ. തിക്കുറിശ്ശി ഗംഗാധരന്‍. പൂര്‍ണ്ണനാമം വാസുദേവന്‍ പിള്ള ഗംഗാധരന്‍ നായര്‍. 1934 ഒക്ടോബര്‍ 31ന് കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി എന്ന ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ സുബ്രഹ്മണ്യന്‍ പോറ്റി, അമ്മ പരമേശ്വരി അമ്മ. തിക്കുറിശ്ശി ആര്‍.സി. സ്‌കൂള്‍, കുഴിത്തുറ മാധവ വിലാസം സ്‌കൂള്‍, മാര്‍ത്താണ്ഡം ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം. വിളവംകോട് ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂളില്‍ നിന്നും ടി.ടി.സി വിജയിച്ച് 1958ല്‍ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായി തിരുവനന്തപുരത്ത് എത്തി. ഇതോടൊപ്പം പഠനവും തുടര്‍ന്നു. ബി.എ., ബി.എഡ്., എം.എ. എന്നീ ബിരുദങ്ങള്‍ നേടിയശേഷം 1982ല്‍ പിഎച്ച്ഡി യും നേടി. ദീര്‍ഘകാലം തിരുവനന്തപുരം എസ്.എം.വി. സ്‌കൂളില്‍ അധ്യാപകനായിരുന്നു. തലശ്ശേരി ട്രെയിനിംഗ് കോളേജ് അധ്യാപകനായിരിക്കെ കേരളാ സര്‍വ്വകലാശാലയില്‍ ലെക്‌സിക്കന്റെ സബ് എഡിറ്ററായി നിയമിതനായി. 1994ല്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞു. തുടര്‍ന്ന് ഗവേഷണവും സാഹിത്യ പ്രവര്‍ത്തനങ്ങളും.
    കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഗവേഷണം. കേരളവര്‍മ്മ മലയാള ഭാഷയ്ക്കുനല്‍കിയ സേവനങ്ങള്‍ അനാവരണം ചെയ്തു. കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലാത്ത തെക്കന്‍ പാട്ടുകള്‍ക്കുപിന്നിലെ സംസ്‌കൃതിയെ ആധുനിക കേരളത്തിനു പരിചയപ്പെടുത്തുന്ന നിരവധി പഠനങ്ങള്‍ അദ്ദേഹം നടത്തി. ബാലരാമപുരത്തിനടുത്ത് ഭഗവതിനട എന്ന ഗ്രാമത്തിലെ കൈരളീ സദനത്തിലാണ് താമസം.

കൃതികള്‍

ഗവേഷണകൃതികള്‍ (പാട്ടുകള്‍)

    വേണാടിന്റെ കഥാഗാനങ്ങള്‍ (2011)
    ഉലകുടെ പെരുമാള്‍ പാട്ടുകഥ (2006)
    പുത്തരിയങ്കം (പാഠവും പഠനവും)
    തെക്കന്‍ കഥാഗാനങ്ങള്‍
    ഇരവിക്കുട്ടിപ്പിള്ളപ്പോര്; ഒരു പഠനം
    ജീവതാളങ്ങളുടെ പാട്ടുകള്‍

ഗവേഷണ കൃതികള്‍ (കേരളവര്‍മ്മ പഠനം)

    കേരളവര്‍മ്മയും മലയാള ഗദ്യവും (പി.എച്ച്.ഡി. പ്രബന്ധം) (1982)
    കേരളവര്‍മ്മയുടെ ഗദ്യ കൃതികള്‍
    കേരളവര്‍മ്മ പ്രഭാഷണങ്ങളിലൂടെ
    ദൈവയോഗം (സമ്പാദനം)
    ശ്രീ പദ്മനാഭ പദപത്മ ശതകവും സ്തുതി ശതകവും (സമ്പാദനം) (2004)
    കേരളവര്‍മ്മ പഠനങ്ങള്‍ (2004)

ബാല സാഹിത്യവും പാഠപുസ്തകങ്ങളും

    സാഹിത്യ വിസ്മയങ്ങള്‍ (2005)
    മലയാള ഭാഷാപരിചയം (2002)
    കൈരളീ പാഠാവലി (പാഠപുസ്തകം  10 വാല്യങ്ങള്‍)
    ആസാം (നവസാക്ഷര സാഹിത്യം)

ജീവചരിത്രങ്ങള്‍

    സുഭാഷ് ചന്ദ്ര ബോസ്
    സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
    മഹച്ചരിതമാല (4 വാല്യങ്ങള്‍)