മലയാള സാഹിത്യകാരനായിരുന്നു തുമ്പമണ്‍ തോമസ് (23 ജനുവരി 1945 -17 ജൂലൈ 2014). സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഡയറക്ടര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ചാര്‍ജ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1945 ജനുവരി 23ന് പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കരയില്‍ ജോസഫ് മാത്യുവിന്റെയും മറിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. പത്തനംതിട്ട കാതലിക്കേറ്റ് കോളജ്, പന്തളം എന്‍.എസ്.എസ്. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തി. കുറച്ചുകാലം കേരളധ്വനി, മലയാളമനോരമ പത്രങ്ങളിലും സാഹിത്യലോകം മാസികയിലും എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. പാപവിചാരം സി.ജെ.യുടെ നാടകങ്ങളില്‍ എന്ന ഗ്രന്ഥത്തിനു മികച്ച നാടക ഗ്രന്ഥത്തിനുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.തോമസ് തിരുവല്ല മാര്‍ തോമാ കോളജില്‍ 33 വര്‍ഷം അധ്യാപകനായിരുന്നു. സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പിന്റെ ഉപദേശക സമിതി ചെയര്‍മാന്‍ എന്ന പദവിയും നിര്‍വഹിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, നാഷണല്‍ ബുക്ക് ട്രസ്റ്റ് എന്നിവയില്‍ അംഗമായിരുന്നു.കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും സി.ജെ. തോമസിന്റെ നാടകങ്ങളിലെ പാപസങ്കല്പം എന്ന പ്രബന്ധത്തിന് പിഎച്ച്.ഡി. ലഭിച്ചു.

കൃതികള്‍

    മലയാള നോവലിന്റെ വേരുകള്‍ (1983)
    മലയാള നോവല്‍ ഒരു പുനഃപരിശോധന (1992)
    കുട്ടനാടിന്റെ ഇതിഹാസകാരന്‍ (തകഴിയുടെ സാഹിത്യ ജീവിതത്തെ ആസ്പദമാക്കി രചിച്ച കൃതി)

പുരസ്‌കാരങ്ങള്‍

    യു.എ.ഇ. മലയാളി സമാജം അവാര്‍ഡ്
    ഇ.വി. സ്മാരക അവാര്‍ഡ്
    ധിഷണ അവാര്‍ഡ്
    കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം