രാഷ്ട്രീയ പ്രവര്‍ത്തകനും, സാമ്പത്തികശാസ്ത്രജ്ഞനുമാണ് ഡോ. ടി. എം. തോമസ് ഐസക്ക്.
അമ്പലപ്പുഴ സ്വദേശി ആയ ടി.പി. മാത്യുവിന്റെയും കൊടുങ്ങല്ലൂര്‍ സ്വദേശിനി സാറാമ്മ മാത്യുവിന്റെയും മകനായി കൊടുങ്ങല്ലൂരിനടുത്തുള്ള കോട്ടപ്പുറത്ത് 1952 സെപ്റ്റംബര്‍ 26ന് ജനിച്ചു. ഭാര്യ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ നാദാദൂരി ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്. മക്കള്‍: ഡാറ, ഡോറ.
1985ല്‍ 'കയര്‍ത്തൊഴില്‍ മേഖലയിലെ വര്‍ഗ്ഗസമരവും വ്യവസായ ബന്ധവും' എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി. 1980 മുതല്‍ 2001 വരെ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിലെ ഓണററി ഫെലോ. കേരളത്തിന്റെ സമ്പദ്ഘടന, കേരളത്തിലെ തൊഴിലാളി ചരിത്രം, കാര്‍ഷികവ്യവസായിക ബന്ധ രൂപീകരണത്തിലെ പ്രശ്‌നങ്ങളും സാമൂഹ്യ പ്രസ്ഥാനങ്ങളും, വികേന്ദ്രീകൃത ആസൂത്രണം തുടങ്ങിയ വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തി. ധനതത്വശാസ്ത്രം, ആസൂത്രണം, രാഷ്ട്രീയം, എന്നീ മേഖലകളില്‍ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ മാസികകളില്‍ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി സാമ്പത്തിക വ്യവസ്ഥ, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ അദ്ദേഹം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് അംഗമായി 2001 മുതല്‍ 2006 വരെ പ്രവര്‍ത്തിച്ചിരുന്നു.
    1971ല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനായിട്ടാണ് തോമസ് ഐസക് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1973-1974 കാലത്ത് എറണാകുളം മഹാരാജാസ് കോളേജിലെ യൂണിയന്‍ ഭാരവാഹിയായി. 1974 തൊട്ട് 1980 വരെ എസ്.എഫ്.ഐ.യുടെ എറണാകുളം ജില്ലാ പ്രസിഡന്റ്. 1979ല്‍ എസ്.എസ്.ഐ സംസ്ഥാന  പ്രസിഡന്റായി. 1977 മുതല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനാണ്.
    1991 മുതല്‍ സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗമാണ് തോമസ് ഐസക്. 2001ല്‍ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് നിന്ന് ജയിച്ചു. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സി.പി.ഐ. (എം) പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് നിന്ന് വീണ്ടും ജയിച്ച് വി.എസ് മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രിയായി. 2016 ലെ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ നിന്ന് മൂന്നാമതും ജയിച്ച് പിണറായി മന്ത്രിസഭയില്‍ വീണ്ടും ധനകാര്യ മന്ത്രിയായി പ്രവര്‍ത്തിക്കുകയാണ്.

കൃതികള്‍

മലയാളം

    ലോട്ടറി വിവാദം മറ്റൊരു ചൂതാട്ടം
    ദാരിദ്ര്യത്തിന്റെ അര്‍ത്ഥശാസ്ത്രം
    ലോകമുതലാളിത്ത കുഴപ്പം
    അര്‍ത്ഥശാസ്ത്രം ഹരിശ്രീ
    ലോകബാങ്കും നാണയനിധിയും
    വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍
    ആഗോള പ്രതിസന്ധിയും ആഗോളവത്കരണവും
    വ്യാജ സമ്മതിയുടെ നിര്‍മ്മിതി (മാധ്യമ വിമര്‍ശനം)
    കേരളം  മണ്ണും മനുഷ്യനും കരിയുന്ന കല്പ്പ വൃക്ഷം
    കീഴടങ്ങലിന്റെ അര്‍ത്ഥശാസ്ത്രം
    ജനകീയാസൂത്രണം സിദ്ധാന്തവും പ്രയോഗവും
    ജനകീയാസൂത്രണം ചോദ്യങ്ങളും ഉത്തരങ്ങളും
    ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം
    മരുപ്പച്ചകള്‍ ഉണ്ടാകുന്നത്
    സാമ്പത്തിക ബന്ധങ്ങള്‍, കേന്ദ്രവും കേരളവും
    ആലപ്പുഴയുടെ സമര പാത

ഇംഗ്ലീഷ്

    സയന്‍സ് ഫോര്‍ സോഷ്യല്‍ റെവല്യൂഷന്‍(ഡോ. ഇക്ബാലുമായി ചേര്‍ന്ന് 1989)
    മോഡേര്‍ണൈസേഷന്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്: ദ കയര്‍ ഇന്‍ഡസ്റ്റ്‌റി ഇന്‍ കേരള (1984).
    ഡെമോക്രസി അറ്റ് വര്‍ക്ക് ഇന്‍ ആന്‍ ഇന്‍ഡസ്റ്റ്‌റിയല്‍ കോപ്പറേറ്റീവ്: ദ സ്റ്റോറി ഓഫ് ദിനേശ് ബീഡി (റിച്ചാര്‍ഡ് ഫ്രാങ്കിയോടൊപ്പം1998)
    ലോക്കല്‍ ഡെമോക്രസി ആന്‍ഡ് ഡെവലപ്‌മെന്റ്: ദ കേരള പീപ്പിള്‍സ് കാമ്പയിന്‍ ഫോര്‍ ഡിസെന്റ്‌റലൈസ്ഡ് പ്ലാനിംഗ് (റിച്ചാര്‍ഡ് ഫ്രാങ്കിയോടൊപ്പം 2000)

പുരസ്‌കാരം

കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്1989