മലപ്പുറം ജില്ലയിലെ മൂക്കുതല ഗ്രാമത്തില്‍ 1928ല്‍ ജനിച്ചു. അന്തര്‍ജന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ദേവകി നിലയങ്ങോടിന്റെ രചനകളേറെയും. കാലത്തിന്റെ തുടിപ്പും കിതപ്പും മുഴങ്ങുന്ന അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. അടുക്കളയുടെ ഇരുണ്ട മൂലയില്‍ ഒതുങ്ങാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങള്‍, നാട്ടിലെങ്ങും അലയടിച്ച വിമോചന വിപ്ലവ പ്രസ്ഥാനങ്ങളുടെ ഭാഗമായി മെല്ലെ മാറിയതിന്റെ നാള്‍വഴികള്‍ ദേവകി ഓര്‍ത്തെടുക്കുകയാണ്. വലിയ നാലുകെട്ടിലും പത്തായപ്പുരയിലുമായി നടക്കുന്ന ഒളിച്ചുകളി കുട്ടിക്കാലത്തിന്റെ മായാസ്മരണയായി മാറുന്നു. ഈ ബാല്യകാല സ്മരണകളില്‍ യഥാര്‍ത്ഥത്തില്‍ വെളിപ്പെടുന്നത് നമ്പൂതിരി ഇല്ലങ്ങളിലെ ജീവിതചര്യകളാണ്. പത്തായമെന്നത് കുടുംബത്തിന്റെ ഐശ്വര്യവും സമൃദ്ധ്യയും വിളിച്ചറിയിക്കുന്നു. പത്തായത്തില്‍ നെല്ലു നിറഞ്ഞു കിടന്നാല്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും സമാധാനം. പാതി തുറന്നിട്ട പത്തായത്തില്‍ താവളമടിച്ച കൂറകള്‍ ശര്‍ക്കര പുരട്ടിയ ആഭരണങ്ങള്‍ നക്കിത്തുടച്ച് മിനുക്കിത്തരുന്ന കൗതുകക്കാഴ്ച.

കൃതികള്‍
നഷ്ടബോധങ്ങളില്ലാതെ തൃശൂര്‍: കറന്റ് ബുക്‌സ്, 2003.
യാത്ര കാട്ടിലും നാട്ടിലും മാതൃഭൂമി ബുക്‌സ്, 2006.
കാലപ്പകര്‍ച്ചകള്‍ മാതൃഭൂമി ബുക്‌സ്, 2008.
വാതില്‍പ്പുറപ്പാട് തൃശൂര്‍ എച്ച് ആന്റ് സി, 2009.