മലയാളി പൊതു പ്രവര്‍ത്തകനും പൊതുജന വ്യവഹാരിയുമായിരുന്നു നവാബ് രാജേന്ദ്രന്‍ (1950 -ഒക്ടോബര്‍ 10, 2003) ടി.എ രാജേന്ദ്രന്‍ എന്നാണ് യഥാര്‍ത്ഥനാമം .'നവാബ്'രാജേന്ദ്രന്‍ 1950ല്‍ പയ്യന്നൂരില്‍ ജനിച്ചു. കുഞ്ഞിരാമ പൊതുവാളും ഭാര്‍ഗവിയമ്മയും ആണ് മാതാപിതാക്കള്‍. പൊതുതാല്‍പര്യ ഹര്‍ജികളിലൂടേയാണ് രാജേന്ദ്രന്‍ പ്രശസ്തനായത്.സാമൂഹ്യ തിന്മകളോടുള്ള എതിര്‍പ്പിന്റെ പര്യായമായിരുന്നു രാജേന്ദ്രന്‍.തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'നവാബ്' എന്ന പത്രത്തിലുടെയാണ് രാജേന്ദ്രന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. അക്കാലത്തു നടന്ന അഴിമതികളേയും, അധര്‍മ്മങ്ങളേയും കുറിച്ച് 'നവാബ്' പത്രത്തില്‍ വിമര്‍ശന രൂപത്തിലുള്ള ലേഖനങ്ങള്‍ രാജേന്ദ്രന്‍ പ്രസിദ്ധീകരിച്ചു. ഇതു കൊണ്ടു തന്നെ രാജേന്ദ്രന്‍ 'നവാബ് രാജേന്ദ്രന്‍' എന്ന പേരില്‍ അറിയപ്പെട്ടു.
'തട്ടില്‍ കൊലക്കേസ്' എന്നറിയപ്പെടുന്ന തട്ടില്‍ എസ്റ്റേറ്റ് മാനേജര്‍ ജോണിന്റെ കൊലപാതകത്തെക്കുറിച്ച് സുപ്രധാനമായ തെളിവുകള്‍ ആദ്യമായി കിട്ടുന്നത് നവാബ് രാജേന്ദ്രനാണ്. അതിനുശേഷം നവാബ് രാജേന്ദ്രന്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായി. അദ്ദേഹത്തിന്റെ പത്രവും ഈ സമയത്ത് എതിരാളികള്‍ തല്ലിത്തകര്‍ത്തു. നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ് രാജേന്ദ്രന്‍ പിന്നീട് അനീതിക്ക് എതിരായി പോരാടിയത് കോടതികളിലൂടെയായിരുന്നു. നവാബ് സമര്‍പ്പിച്ച പല പൊതു താല്‍പര്യ ഹര്‍ജികളിലും അദ്ദേഹത്തിന് (പൊതുജനത്തിനും) അനുകൂലമായ വിധിയുണ്ടായി.നവാബ് കെ. കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കരുണാകരന്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന എം.പി. ഗംഗാധരന് നവാബിന്റെ കേസിനെ തുടര്‍ന്ന് സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. ഗംഗാധരന്‍ പ്രായ പൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ്.
    നിരന്തരം വ്യവഹാരങ്ങള്‍ നടത്തിയ നവാബ് രാജേന്ദ്രനെ ശല്യക്കാരനായ വ്യവഹാരി ആയി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ ഒരിക്കല്‍ കോടതിയിലെത്തി. പക്ഷേ കോടതി ഈ ഹര്‍ജി ഫയലില്‍ പോലും സ്വീകരിച്ചില്ല. ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ജഡ്ജി കെ.സുകുമാരന്‍ നടത്തിയ പ്രസ്താവന ഇതായിരുന്നു:ഒരു വ്യക്തിയേയോ പ്രവര്‍ത്തനത്തേയോ കേന്ദ്രീകരിച്ചല്ല നവാബ് രാജേന്ദ്രന്റെ വ്യവഹാരം. ഭരണ -പ്രതിപക്ഷ ഭേദമെന്യേ അതുണ്ട്. രാഷ്ട്രീയക്കാരും പത്രാധിപന്മാരും മുഖ്യമന്ത്രിമാരും സ്പീക്കര്‍മാരും ജഡ്ജിമാര്‍ പോലമുണ്ട്. ചിലപ്പോഴൊക്കെ പൊതു പ്രാധാന്യമുള്ള കാര്യങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ വ്യവഹാരങ്ങള്‍ സഹായകരമാവുന്നുണ്ട'
    പത്രപ്രവര്‍ത്തകനായ കമല്‍ റാം സജീവ് നവാബ് രാജേന്ദ്രനെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. നവാബ് നല്‍കിയ കേസിന്റെ കഥകളാണ് നവാബ് രാജേന്ദ്രന്‍ ഒരു മനുഷ്യാവകാശപ്പോരാട്ടത്തിന്റെ ചരിത്രം എന്ന ഈപുസ്തകത്തിലെ വിഷയം.അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് മാനവസേവാ അവാര്‍ഡ് നവാബിന് ലഭിച്ചിട്ടുണ്ട്. അവാര്‍ഡ് തുകയായ രണ്ട് ലക്ഷം രൂപ എറണാകുളം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി നിര്‍മ്മാണത്തിനായി നവാബ് നല്‍കിയിരുന്നു. രാത്രിയിലും മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നതായിരുന്നു നവാബിന്റെ ആവശ്യം.
    ക്യാന്‍സര്‍ രോഗബാധിതനായ നവാബ് രാജേന്ദ്രന്‍ 2003 ഒക്ടോബര്‍ 10ന് അന്തരിച്ചു. ഹോട്ടല്‍ മുറിയില്‍ അവശനായി കിടന്ന അദ്ദേഹത്തെ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. ഇതനുസരിച്ച്, പോസ്റ്റുമോര്‍ട്ടം നടത്തി എംബാം ചെയ്ത മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് അനാട്ടമി ഡിപ്പാര്‍ട്ടമെന്റിന് കൈമാറി. എന്നാല്‍, ശരീരം അഴുകുകയും, തുടര്‍ന്ന് രഹസ്യമായി മറവ് ചെയ്തു എന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.