ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി (നവംബര്‍ 2, 1923- മേയ് 14 1999). ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമ നാമം. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതര മതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, ആദ്ധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലില്‍ 1924 നവംബര്‍ 2നാണ് ജയചന്ദ്രപ്പണിക്കര്‍ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കര്‍ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവന്‍ അലഞ്ഞു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്തിടപഴകാന്‍ കഴിഞ്ഞു. രമണമഹര്‍ഷിയില്‍ നിന്ന് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.സൂഫി ഫക്കീറുമാര്‍, ജൈന സന്ന്യാസികള്‍, ബുദ്ധസന്യാസിമാര്‍, തുടങ്ങി വളരെപ്പേരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
    കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947ല്‍ ആലുവ യൂ സി കോളേജില്‍ തത്ത്വശാസ്ത്ര പഠനത്തിനായി ചേര്‍ന്നു. ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടര്‍ന്നു. പഠനത്തിനു ശേഷം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങള്‍, സാഹിത്യം എന്നിവ പഠിച്ചു.
    1951ല്‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനു ശേഷം, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിന്‍ഗാമിയായി. വര്‍ക്കല നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുത്തു.
    അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനായ നിത്യ ചൈതന്യയതി കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെക്കുറിച്ച് മലയാളത്തില്‍ 120 പുസ്തകങ്ങളും ആംഗലേയത്തില്‍ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സര്‍വകലാശാല ചെയര്‍പേര്‍സണായും 'ലോക പൗരന്മാരുടെ ലോക ഗവര്‍ണ്‍മെന്റ്' എന്ന സംഘടനയുടെ മേല്‍നോട്ടക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചു.
    1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ സമാധി പ്രാപിച്ചു.

കൃതികള്‍

    ഭഗവദ് ഗീത, മഹര്‍ഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാര്‍ത്ഥന.
    ബൃഹദാരണ്യകോപനിഷദ്
    ഏകലോകാനുഭവം
    പ്രേമവും അര്‍പ്പണവും
    ഇതോ അതോ അല്ല  ഓം(നാരായണഗുരുവിന്റെ ആത്മോപദേശ ശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങള്‍)
    ദര്‍ശനമാലയുടെ മനശാസ്ത്രം
    അതുമാത്രം, ജ്ഞാനത്തിന്റെ ഉറവിടം (ആത്മോപദേശശതകത്തിന് ഒരു അടിക്കുറിപ്പ്)
    പ്രേമവും അനുഗ്രഹങ്ങളും
    ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം
    ഭാരതീയ മനശാസ്ത്രം
    യതിചരിതം, ആത്മകഥ
    സ്‌നേഹസംവാദം
    മരണം എന്ന വാതിലിനപ്പുറം
    വിശുദ്ധ ഖുര്‍ആന് ഹൃദയാജ്ഞലി
    ലാവണ്യനുഭവവും സൗന്ദര്യനുഭുതിയും
    നളിനി എന്ന കാവ്യശില്പം

പുരസ്‌കാരം

നളിനി എന്ന കാവ്യശില്പം എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌