സാമൂഹ്യജീവിതത്തിലും സാഹിത്യരംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തി. തൃശൂര്‍ ജില്ലയിലെ മണലൂരില്‍ കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത് പാപ്പു അമ്മയുടെയും മകന്‍. ജനനം 1891 ഒക്ടോബര്‍ 19ന്. കൊച്ചി രാജ്യത്തെ സര്‍വ്വാധികാര്യക്കാരര്‍, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. കേരളത്തിന്റെ, പ്രത്യേകിച്ച് കൊച്ചി നാട്ടുരാജ്യത്തിന്റേയും തൃശൂരിന്റേയും ചരിത്രത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കി. കേരളസാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്നു. വൈവിദ്ധ്യമാര്‍ന്ന നൂറോളം കൃതികളിലൂടെ അദ്ദേഹം തന്റെ പ്രതിഭ പ്രകടിപ്പിച്ചു. ഉപന്യാസകാരന്‍, ചെറുകഥാകൃത്ത് , നോവലിസ്റ്റ്, ജീവചരിത്രകാരന്‍, ഹാസ്യസാഹിത്യകാരന്‍ എന്നീ നിലകളില്‍ ശോഭിച്ചു.
    മലയാള സിനിമാ രംഗത്തും രാമന്‍മേനോന്‍ പ്രവര്‍ത്തിച്ചു. 1948ല്‍ ഇറങ്ങിയ നിര്‍മ്മല എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതി. മലയാളത്തില്‍ ആദ്യമായി പിന്നണി ഗാനങ്ങള്‍ പാടിയ ചിത്രവും, ആദ്യമായി ഒരു മലയാളി നിര്‍മ്മിച്ച ചിത്രവുമായിരുന്നു അത്. മലയാളത്തിലെ നാലാമത്തെ ചലച്ചിത്രമാണ് നിര്‍മ്മല. 1973 സെപ്തംബര്‍ 22 നു നിര്യാതനായി.

കൃതികള്‍

ശക്തന്‍ തമ്പുരാന്‍
ഹിന്ദുമതവും സംസ്‌കാരവും
ചതുരാധ്യായി ( നോവല്‍
കേരളത്തെ അറിയുക,
തൃശ്ശൂര്‍  ട്രിച്ചൂര്‍
കുട്ടികളെ നിങ്ങള്‍ ഈ ആളെ അറിയുമോ? (ബാലസാഹിത്യം)