ചരിത്രകാരനും, സാമൂഹ്യരാഷ്ട്രീയ വിമര്‍ശകനും, നിരൂപകനും, പത്രപ്രവര്‍ത്തകനും, നോവലിസ്റ്റുമായിരുന്നു പി.കെ.ബാലകൃഷ്ണന്‍. മുഴുവന്‍ പേര് പണിക്കശ്ശേരില്‍ കേശവന്‍ ബാലകൃഷ്ണന്‍. (ജനനം 1926 -മരണം 1991). ജനനം എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തില്‍. പിതാവ് കേശവന്‍ ആശാന്‍, മാതാവ് മണി അമ്മ. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക വിദ്യാഭ്യാസം.
വിദ്യാരംഭം കുറിച്ചത് മാധവന്‍ എന്ന ആശാന്റെ കളരിയിലായിരുന്നു. 1940ല്‍ ചെറായിയിലെ രാമവര്‍മ്മ യൂണിയന്‍ഹൈസ്‌കൂളിലും പഠിച്ചു. സ്‌കൂളില്‍ നിന്ന് സ്വര്‍ണ്ണമെഡലോടെയും ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പോടെയുമാണ് പഠിച്ചത്.  ഉന്നതവിദ്യാഭ്യാസം എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു. ശാസ്ത്രമാണ് വിഷയം. പഠിക്കുന്ന കാലത്ത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഷ്ഠിച്ചതിനെ തുടര്‍ന്ന് കലാലയ വിദ്യാഭ്യാസം മുടങ്ങി. നാലുവര്‍ഷം കലാലയത്തില്‍ പഠിച്ചെങ്കിലും ബിരുദം സമ്പാദിക്കാനായില്ല. തുടര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവുമായി മുന്നോട്ട് പോയി. ജയില്‍ ജീവിതത്തിനിടക്ക് സി.അച്യുതമേനോനെയും കെ. കരുണാകരനേയും അദ്ദേഹം പരിചയപ്പെട്ടിരുന്നു.
    ജയിലില്‍ നിന്നിറങ്ങിയ ശേഷം കുറച്ചുകാലം അദ്ദേഹം കൊച്ചി രാജ്യത്തിലെ പ്രജാമണ്ഡലത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. മത്തായി മാഞ്ഞൂരാന്റെ കീഴില്‍ പ്രജാമണ്ഡലത്തില്‍ ഭിന്നിപ്പ് ഉണ്ടായപ്പോള്‍ കേരള സൊഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് രാഷ്ട്രീയരംഗത്തെ അപചയം കണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ചു. ഇക്കാലത്ത് കോണ്‍ഗ്രസ്സിന്റെ യുവജനവിഭാഗത്തിന്റെ മുഖപത്രമായ ആസാദ് എന്ന വാരികയുടെ പിന്നില്‍ പ്രവര്‍ത്തിച്ചു. 'ആസാദി'ല്‍ അദ്ദേഹം എഴുതിയിരുന്ന നിരവധി ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിച്ചു. ചരിത്രത്തില്‍ ഗഹനമായ അറിവുണ്ടായിരുന്ന അദ്ദേഹം വേറിട്ടപാതയിലൂടെയാണ് അതിനെ സമീപിച്ചത്. അദ്ദേഹത്തിന്റെ 'ജാതിവ്യവസ്ഥിതിയും കേരളചരിത്രവും' എന്ന ഗ്രന്ഥത്തിലൂടെ അന്നുവരെ ചരിത്രമെന്ന് വിശ്വസിച്ചിരുന്ന പലതിനെയും ചോദ്യം ചെയ്തു . കേരളമാഹാത്മ്യം, കേരള ചരിത്രം എന്നീ പുസ്തകങ്ങളെയും പ്രൊഫ. ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ ചില പരാമര്‍ശങ്ങളേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ദിനസഭയുടെ എഡിറ്റര്‍, കേരളകൗമുദിയില്‍ ദീര്‍ഘകാലം പത്രാധിപസമിതിയംഗം, കേരളഭൂഷണം, മാധ്യമം എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപര്‍ എന്നീ നിലകളില്‍ പി.കെ. ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചു.
    പി.കെ. ബാലകൃഷ്ണന്‍ പരക്കെ അറിയപ്പെട്ടു തുടങ്ങിയത് സാഹിത്യരംഗത്തുള്ള സംഭാവനകളിലൂടെയാണ്. ബാലകൃഷ്ണന്റെ ആദ്യമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം നാരായണഗുരു (സമാഹാര ഗ്രന്ഥം) ആയിരുന്നു -1954ല്‍. പിന്നീടു വന്ന 'ചന്തുമേനോന്‍  ഒരു പഠനം', 'നോവല്‍  സിദ്ധിയും സാധനയും', 'കാവ്യകല കുമാരനാശാനിലൂടെ' തുടങ്ങിയ പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന് ഗണ്യമായ മുതല്‍ക്കൂട്ടാണ്. ഇനി ഞാന്‍ ഉറങ്ങട്ടെ ആണ് പി.കെ.ബാലകൃഷ്ണന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. 1973ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ മലയാളത്തിലെ മികച്ച നോവലുകളിലൊന്നായി കരുതപ്പെടുന്നു. മഹാഭാരത കഥയെ ആസ്പദമാക്കിയാണ് ഈ നോവല്‍. കര്‍ണ്ണന്റെ കഥയും ദ്രൗപദിയുടെ കഥയും ഈ നോവലില്‍ രണ്ട് സമാന്തരകഥകളായി വികസിക്കുന്നു. പലപ്പോഴും ഈ രണ്ട് കഥകളും ഇടകലരുന്നു. ദ്രൗപദിയുടെ ചിന്താധാരകളുടെ രൂപത്തില്‍ ആണ് നോവലിന്റെ ഭൂരിഭാഗവും രചിച്ചിരിക്കുന്നത്. മഹാഭാരതകഥയല്ലാതെ നോവലിന് മൂന്നാമത് ഒരു മാനവും കൈവരുന്നുണ്ട്. വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ഈ നോവലിന് ലഭിക്കുകയുണ്ടായി. ഇംഗ്ലീഷില്‍ നൌ ലെറ്റ് മീ സ്ലീപ് എന്ന പേരിലും തമിഴില്‍ ഇനി നാന്‍ ഉറങ്ങട്ടും എന്ന പേരിലും കന്നഡയില്‍ നാനിന്നു നിദ്രിസുവെ എന്ന പേരിലും ഈ നോവല്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

    ടിപ്പു സുല്‍ത്താന്‍, ശ്രീനാരായണഗുരു തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിക്കുന്നതോടെ അദ്ദേഹം ചരിത്രത്തിലേക്ക് തിരിഞ്ഞു. തിരഞ്ഞെടുക്കുന്ന വിഷയങ്ങളെ വിവിധ കോണുകളിലൂടെ പഠിക്കുവാനും അവയുടെ സത്യവും മിഥ്യയും വേര്‍തിരിച്ചെടുക്കാനും ശ്രമം നടത്തിയിരുന്നു. മറ്റുളളവരുടെ അഭിപ്രായങ്ങള്‍ അവ തെളിവുകളുടെ സാന്നിധ്യത്തില്‍ പരിശോധിക്കാനും അവ തെറ്റെന്ന് തോന്നുന്നിടത്ത് നിശിതമായി എതിര്‍ക്കാനും മടിച്ചില്ല. വളരെ മൗലികമായ സംഭാവന കേരള ചരിത്ര രചനയിലായിരുന്നു. കാലങ്ങളായി കേരളത്തിന്റെ ചരിത്രത്തില്‍ കടന്നു കൂടിയ മിഥ്യാ ധാരണകള്‍ അദ്ദേഹം തട്ടിത്തകര്‍ത്തു. 'ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും' എഴുതുന്നതില്‍ എത്തിച്ചതതാണ്. അക്കാലം വരെയുണ്ടായിരുന്ന ധാരണകള്‍ക്ക് വിപരീതമായി കേരളത്തില്‍ ഒരു സാമ്രാജ്യമോ കേമമായ ഒരു രാജസ്ഥാനമോ ഉണ്ടായിരുന്നില്ല എന്നും നാഗരികതയുടെ പൈതൃകം കേരളത്തിന് അത്രകണ്ട് അവകാശപ്പെടാനില്ല എന്നുമുള്ള വാദമാണ് ഗ്രന്ഥം മുന്നോട്ടുവച്ചത്. ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും എന്ന കൃതി കേരളചരിത്രത്തെപ്പറ്റി അതുവരെ ഉണ്ടായിരുന്ന ധാരണകളെ ചോദ്യംചെയ്യുകയും പുതിയ വസ്തുതകളുടെ വെളിച്ചത്തില്‍ ചരിത്രത്തെ സമീപിക്കുകയും ചെയ്തു. കേരള ചരിത്രതില്‍ അറിയപ്പെട്ടിരുന്ന 'രണ്ടാം ചേര സാമ്രാജ്യം', നൂറ്റാണ്ട് യുദ്ധം' തുടങ്ങിയവ ആവശ്യമായ തെളിവുകളില്ലാത്ത സങ്കല്‍പ്പങ്ങള്‍ മാത്രമാണെന്നു അദ്ദേഹം വാദിച്ചു.

കൃതികള്‍

    ഇനി ഞാന്‍ ഉറങ്ങട്ടെ (നോവല്‍)
    നാരായണഗുരു (സമാഹാര ഗ്രന്ഥം)
    ചന്തുമേനോന്‍  ഒരു പഠനം
    നോവല്‍ സിദ്ധിയും സാധനയും
    കാവ്യകല കുമാരനാശാനിലൂടെ
    എഴുത്തച്ഛന്റെ കല ചില വ്യാസഭാരത പഠനങ്ങളും
    പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ,
    ടിപ്പു സുല്‍ത്താന്‍
    ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും
    ബാലകൃഷ്ണന്റെ ലേഖനങ്ങള്‍ (2004)
    കേരളീയതയും മറ്റും (2004)
    വേറിട്ട ചിന്തകള്‍ പി.കെ ബാലകൃഷ്ണന്‍ (2011)

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1974)
സാഹിത്യ പ്രവര്‍ത്തക ബെനെഫിറ്റ് ഫണ്ട് അവാര്‍ഡ്
വയലാര്‍ അവാര്‍ഡ് (1978)