കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്‌കരൻ (1924 മെയ് 21 -2007 ഫെബ്രുവരി 25). ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകി. ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെ ചെയർമാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ് നന്തിലത്ത് പത്മനാഭമേനോൻ, ഭാര്യ ഇന്ദിര, മക്കൾ: രാജീവൻ, വിജയൻ, അജിതൻ, രാധിക.
വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്‌കരൻ മാസ്റ്റർ 1942ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം വരിച്ചു. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി. അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച വയലാർ ഗർജ്ജിക്കുന്നു എന്ന സമാഹാരം തിരുവിതാംകൂറിൽ ദിവാൻ സി.പി.രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു. വളരെ പിന്നീട് അദ്ദേഹം രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിച്ച് സാഹിത്യ-സാംസ്‌കാരിക പ്രവർത്തകനായി.
കലാജീവിതം
    ഇരുപതാമത്തെ വയസിൽ തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, എക്കാലത്തും കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മലയാള ചലച്ചിത്ര ഗാനശാഖയിൽ ലളിത ഗാന ശൈലി ഉണ്ടാക്കിയത് ഭാസ്‌കരൻ മാസ്റ്റർ ആണ്.
    അപൂർവ്വസഹോദരർകൾ എന്ന ചിത്രത്തിലെ ഗാനത്തിൽ ഏതാനും മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്ര ഗാനം. മലയാളത്തിൽ ചന്ദ്രിക എന്ന ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങളോടെ പി. ഭാസ്‌കരൻ മലയാള ചലച്ചിത്രത്തിന്റെ അനിവാര്യ ഘടകമായി. രാഷ്ട്രപതിയുടെ രജതകമലം നേടിയ ഈ ചിത്രം രാമു കാര്യാട്ടും പി. ഭാസ്‌കരനും ചേർന്ന് സംവിധാനം ചെയ്തു. ഇരുട്ടിന്റെ ആത്മാവ്, ജഗത്ഗുരു ആദിശങ്കരാചാര്യർ, കള്ളിച്ചെല്ലമ്മ തുടങ്ങി 47 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. 2007 ഫെബ്രുവരി 28 നു അന്തരിച്ചു.

പുരസ്‌കാരം

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ജെ.സി. ദാനിയേൽ പുരസ്‌കാരം
ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിക്ക് 1981ൽ ഓടക്കുഴൽ പുരസ്‌കാരം, 82ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്
2000 ൽ വള്ളത്തോൾ അവാർഡ്