ആദ്യകാല കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളിലൊരാളും പത്രപ്രവര്‍ത്തകനും ചരിത്രകാരനും സാംസ്‌കാരികവിമര്‍ശകനുമാണ് പി.കെ. മുഹമ്മദ് കുഞ്ഞി. കൂടല്ലൂര്‍ പള്ളി മഞ്ഞായലില്‍ കുഞ്ഞുമുഹമ്മദിന്റെയും വലയികത്ത് പെരുമ്പുള്ളിപ്പാട്ട് പാത്തുണ്ണിയുമ്മയുടേയും മകനായി 1929 ല്‍ ജനനം. ബാല്യം വന്നേരിയില്‍. പിന്നീട് തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവിലേക്ക് താമസം മാറ്റി. ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത അദ്ദേഹം 1943 ല്‍ തന്റെ പതിനാലാം വയസ്സിലാണ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. വൈകാതെ ദേശാഭിമാനിയുടെ പത്രാധിപസമിതി അംഗമായി. കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ ഗതാഗതമന്ത്രിയുമായിരുന്ന ഇമ്പിച്ചിബാവയാണ് മുഹമ്മദ് കുഞ്ഞിയെ പാര്‍ട്ടിയുമായി അടുപ്പിച്ചത്. 1949 ല്‍ സജീവ പാര്‍ട്ടിബന്ധം വിട്ട അദ്ദേഹം ജയകേരളത്തില്‍ എഴുത്തും കേന്ദ്രകലാസമിതി പ്രവര്‍ത്തനവുമായി നടന്നു. എങ്കിലും പാര്‍ട്ടി അദ്ദേഹത്തെ വീണ്ടും അടുപ്പിക്കുകയും 1957 ലെ തിരഞ്ഞെടുപ്പില്‍ കൊണ്ടോട്ടിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിപ്പിക്കുകയും ചെയ്തു. മുസ്ലിംലീഗിന്റെ അഹമദ് കുരിക്കളോട് അദ്ദേഹം പരാജയപ്പെട്ടു. ഇ.എം.എസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വീണ്ടും അദ്ദേഹം ദേശാഭിമാനിയില്‍ ചേര്‍ന്നു. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ സജീവപ്രവര്‍ത്തനത്തില്‍ നിന്നും പിന്‍വാങ്ങി. പിന്നെ എഴുത്തിലും ഗവേഷണത്തിലുമായി മുഴുകി. സി. അച്ചുതമേനോന്റെ ഭരണകാലത്ത് അക്കാദമികളില്‍ പലസ്ഥാനങ്ങളും വഹിച്ചു.

കൃതികള്‍

മുസ്ലികളും കേരളസംസ്‌കാരവും-കേരള സാഹിത്യ അക്കാഡമി
ഉമ്മീംമോളും
ഒഴിയാബാധ
കൈവിലങ്ങ് (നാടകങ്ങള്‍)
അറബി ഭാഷയും സാഹിത്യവും
കേരളത്തിലെ മുസ്ലിം പള്ളികള്‍:സമന്വയ സാക്ഷികള്‍
അല്‍ അമീന്‍
മുണ്ടശ്ശേരി വ്യക്തി, വിമര്‍ശകന്‍
ബൊക്കൊച്ചിയോവും പിന്‍ഗാമികളും
അന്വേഷണവും കണ്ടെത്തലും
11 മഹാകവികള്‍
സമന്വയം

പുരസ്‌കാരങ്ങള്‍

    പി.എ സെയ്ത് മുഹമ്മദ് സ്മാരക അവാര്‍ഡ്
    സി.എച്ച്.സ്മാരക അവാര്‍ഡ്
    എം.കെ.രാജ അവാര്‍ഡ്