പ്രമുഖനായ മലയാള സാഹിത്യ നിരൂപകനും എഴുത്തുകാരനുമായിരുന്നു ഡോ. കെ. രാഘവന്‍പിള്ള (25 നവംബര്‍ 1925 – 25 ഏപ്രില്‍ 1987). ചെങ്ങന്നൂരിന് സമീപമുള്ള പുലിയൂരില്‍ പണിക്കത്ത് മഠത്തിലേത്ത് തറവാട്ടില്‍ ശങ്കരപ്പിള്ളയുടെയും ലക്ഷ്മിപ്പിള്ളയുടെയും മകനായി ജനിച്ചു. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് തിരുവനന്തപുരത്ത് കോളേജ് പഠനത്തിനായി ചേര്‍ന്നു. 1944ല്‍ ഒന്നാം ക്‌ളാസോടെ സംസ്‌കൃതത്തില്‍ ഓണേഴ്‌സ് പാസായി. തുടര്‍ന്ന് ഗവേഷണ വിദ്യാര്‍ത്ഥിയായി. 1947ല്‍ ചങ്ങനാശേരി എന്‍.എസ്.എസ്. കോളേജില്‍ അദ്ധ്യാപകനായി. മലയാളത്തിലെ ശബ്ദഘടനാവൈചിത്ര്യത്തെപ്പറ്റി പഠിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്നെത്തിയ മിസ്. ഐവാന്‍സിനൊപ്പം സഹായിയായി ലണ്ടനിലേക്കു പോയി. ലണ്ടന്‍ സര്‍വ്വകലാശാലയില്‍നിന്ന് 'വാക്യപദീയ'ത്തെപ്പറ്റി ഉള്ള ഗവേഷണപ്രബന്ധത്തിന് പി.എച്ച്.ഡി. നേടി. വി.കെ. കൃഷ്ണമേനോന്‍, ഹാരോള്‍ഡ് വില്‍സണ്‍, മൗണ്ട് ബാറ്റണ്‍ തുടങ്ങി പല പ്രമുഖരുമായി ലണ്ടന്‍ ജീവിതകാലത്ത് പരിചയപ്പെട്ടു. ഇന്ത്യന്‍ സ്‌റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ആയി. തിരികെ വന്നപ്പോള്‍ 1951ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ സംസ്‌കൃതവകുപ്പ് അദ്ധ്യാപകനായി. 1956ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ അമേരിക്കന്‍ അക്കാദമി ഓഫ് ഏഷ്യന്‍ സ്റ്റഡീസില്‍ സംസ്‌കൃതത്തിന്റെയും പൗരസ്ത്യ തത്ത്വശാസ്ത്രത്തിന്റെയും അദ്ധ്യാപകനായി. 1958 മുതല്‍ കേരള സര്‍വകലാശാല മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയുടെ ക്യൂറേറ്ററും 1966 മുതല്‍ ഡയറക്ടറുമായി പ്രവര്‍ത്തിച്ചു. സംസ്ഥാന ഔദ്യോഗിക ഭാഷാ കമ്മീഷന്‍, ആര്‍ക്കൈവ്‌സ് ഉപദേശകബോര്‍ഡ്, ശാസ്ത്രീയസാങ്കേതിക പദ കമ്മിഷന്റെ ഉപദേഷ്ടാവ്, ഓറിയന്റല്‍ സ്റ്റഡീസ് ഡീന്‍, എസ്.പി.സി.എസ്. വൈസ് പ്രസിഡന്റ്, വിശ്വവിജ്ഞാനകോശം ഉപദേശക സമിതി അംഗം തുടങ്ങി പല നിലകളിലും പ്രവര്‍ത്തിച്ചു. 1971ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മെഡിക്കല്‍ കോളേജ്അദ്ധ്യാപികയായിരുന്ന ഡോ. ശാരദാദേവിയായിരുന്നു ഭാര്യ.

കൃതികള്‍:

    എന്റെ ലണ്ടന്‍ ജീവിതം
    അര്‍ത്ഥത്തിന്റെ അതിര്‍ത്തികള്‍
    സമീപനങ്ങള്‍ സമന്വയങ്ങള്‍
    സാര്‍ത്രിന്റെ അസ്തിത്വദര്‍ശനം
    കൃതി ഒരു കൃഷിഭൂമി
    മലയാളപ്പിറവി
    അസ്തിത്വവാദികളും ഭഗവദ്ഗീതയും
    കണ്ണാടിയില്‍ ആലീസ് കണ്ട അത്ഭുതലോകം (വിവര്‍ത്തനം)
    കല്‍ഹണന്‍ (വിവര്‍ത്തനം)
    ബന്ധനസ്ഥനായ അനിരുദ്ധന്‍
    മൂഷികവംശം കാവ്യം പരിഭാഷയും വ്യാഖ്യാനവും
    രാവണസ്യ കൈലാസോദ്വഹനം (സംസ്‌കൃത കവിത)
    സന്ധ്യാപ്രണാമഃ (സംസ്‌കൃത കവിത)
    കര്‍ണ്ണഭൂഷണത്തിന്റെ ഇംഗ്‌ളീഷ് പരിഭാഷ

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1971)