മലയാളത്തില്‍ സുപ്രധാനമായ നിഘണ്ടുകള്‍ രചിച്ച പണ്ഡിതനാണ് ടി. രാമലിംഗംപിള്ള.1880 ഫെബ്രുവരി 22നു തിരുവനന്തപുരത്തെ ഒരു തമിഴ് കുടുംബത്തില്‍ ജനിച്ചു. പിതാവ് സ്ഥാണുപിള്ള സംസ്‌കൃതപണ്ഡിതനും ജ്യോതിഷിയുമായിരുന്നു. സംസ്‌കൃതത്തിന്റെയും തമിഴിന്റെയും ബാലപാഠങ്ങള്‍ അച്ഛനില്‍നിന്ന് സ്വായത്തമാക്കി.തിരുവനന്തപുരത്തും മദ്രാസിലുമായി രാമലിംഗംപിള്ള കലാലയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1904ല്‍ അദ്ദേഹം ബി.എ. പൂര്‍ത്തിയാക്കിയശേഷം സെക്രട്ടറിയേറ്റില്‍  ഗുമസ്തനായി. 1914ല്‍ മലയാളത്തില്‍ എം.എ. ബിരുദാനന്തര ബിരുദം. ഇംഗ്ലീഷ്, മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടി. ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും രാമലിംഗംപിള്ള പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ മുഖ്യ പരിഭാഷകനായി അദ്ദേഹം 10 വര്‍ഷം സേവനം അനുഷ്ഠിച്ചു. മുപ്പത്തഞ്ചുവര്‍ഷത്തെ നിരന്തര പരിശ്രമംകൊണ്ട് 1956ല്‍ 76-ാം വയസ്സിലാണ് ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു പൂര്‍ത്തിയാക്കിയത്. മലയാള ശൈലീ നിഘണ്ടു 1937ല്‍ പ്രസിദ്ധപ്പെടുത്തി.1968 ഓഗസ്റ്റ് 1നു  തിരുവനന്തപുരത്തു അന്തരിച്ചു.

കൃതികള്‍

    ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു
    മലയാള ശൈലി നിഘണ്ടു
    ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം മിനി നിഘണ്ടു
    ശൈലികള്‍ കുട്ടികള്‍ക്ക്
    പദ്മിനി
    ഷേക്‌സ്പീയറുടെ പന്ത്രണ്ടു സ്ത്രീരത്‌നങ്ങള്‍
    ആധുനിക മലയാള ഗദ്യ രീതി
    സി.ആര്‍ ബോസിന്റെ ജീവചരിത്രം
    ലേഖന മഞ്ജരി
    അന്നപൂര്‍ണ്ണാലയം(തമിഴ്)
    Aryabhata
    Horrors of Cruetly to Animals
    Evolution of Malayalam Drama