ജനനം 1909 മാര്‍ച്ച് 30 ന് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയ്ക്കടുത്ത് കോടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍. ദാമോദരന്‍ പോറ്റിയുടെ പുത്രി. പിതാവ് പ്രജാസഭാമെമ്പറും പണ്ഡിതനും സമുദായ പരിഷ്‌കര്‍ത്താവുമായിരുന്നു. മാതാവ് ചെങ്ങാരപ്പളളി നങ്ങയ്യ അന്തര്‍ജനം. നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരന്‍ പോറ്റിയുടെ സഹോദരി. പാലാ രാമപുരത്ത് അമനക്കര ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്. യുവതലമുറയിലെ പ്രമുഖ കഥാകൃത്തുക്കളില്‍ ഒരാളായ എന്‍. മോഹനന്‍ പുത്രനാണ്. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. വീട്ടിലിരുന്ന് ഗുരുക്കന്മാരുടെ അടുത്ത് നിന്ന് സംസ്‌കൃതവും മലയാളവും പഠിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം നേടി. തിരുവിതാംകൂര്‍ ഭാഗത്ത് നമ്പൂതിരി സമുദായത്തില്‍ നടന്ന പരിഷ്‌കരണ പരിപാടികളില്‍ ആദ്യകാലത്ത് പങ്കെടുത്തിരുന്നു. കവിതയിലൂടെയാണ് സാഹിത്യ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് കഥാരചനയില്‍ ഏര്‍പ്പെട്ടു. സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, സാഹിത്യ അക്കാദമി, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തക കമ്മറ്റി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. 1987 ഫെബ്രുവരി 6 ന് അന്തരിച്ചു. നോവല്‍, കഥാസമാഹാരം, കവിതാസമാഹാരം, നാടകം, ബാലസാഹിത്യം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി മുപ്പതിലധികം കൃതികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ലളിതാംബിക  'അഗ്‌നിസാക്ഷി' എന്ന നോവല്‍. അഗ്‌നിസാക്ഷിയായി വേളി കഴിച്ച് ഇല്ലത്തിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ട ആത്തേന്മാരുടെ ഏകാന്ത ദുഃഖത്തിന്റെയും ഗദ്ഗദങ്ങളുടേയും തുടിപ്പുകള്‍ ഇതില്‍ ദര്‍ശിക്കാം.

കൃതികള്‍

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണ്ണം കോട്ടയം ഡി. സി ബുക്‌സ് 2009.
അംബികാഞ്ജലി 1937
മൂടുപടത്തില്‍ 1946
കാലത്തിന്റെ ഏടുകള്‍ 1949
തകര്‍ന്ന തലമുറ 1949
കിളിവാതിലിലൂടെ 1950
കൊടുങ്കാറ്റില്‍ നിന്ന് 1951
കണ്ണീരിന്റെ പുഞ്ചിരി 1955
അഗ്‌നിപുഷ്പങ്ങള്‍ 1960
തിരഞ്ഞെടുത്ത കഥകള്‍ 1966
സത്യത്തിന്റെ സ്വരം 1968
വിശ്വരൂപം 1971
ധീരേന്ദ്രമജുംദാറിന്റെ അമ്മ 1973
പവിത്രമോതിരം 1979.

അവാര്‍ഡുകള്‍

1973 ല്‍ 'സീത മുതല്‍ സത്യവതി വരെ' എന്ന പഠന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
കുഞ്ഞോമന' എന്ന ബാല സാഹിത്യ കൃതിക്ക് 1964 ല്‍ കല്യാണി കൃഷ്ണമേനോന്‍ പ്രൈസ്
ഗോസായി പറഞ്ഞ കഥ'യ്ക്ക് 1965 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
'അഗ്‌നിസാക്ഷി' എന്ന നോവലിന് 1977 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ സമ്മാനം, ആദ്യത്തെ വയലാര്‍ അവാര്‍ഡ്