തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ആദ്യകാലനേതാക്കളിലൊരാള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌സിന്റെ ഒരു ശാഖ തിരുവിതാംകൂറിലുണ്ടായത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്. തിരുവനന്തപുരത്ത് വക്കീലായി ജീവിതം ആരംഭിച്ചു. കൊട്ടാരം ഡോക്ടറായിരുന്ന നാരായണപിള്ളയുടെ ഭാഗിനേയി ഗൗരിയമ്മയെ 1910ല്‍ മേനോന്‍ വിവാഹം ചെയ്തു. ഏക പുത്രന്റെ ആദ്യജന്‍മനാളില്‍ ഇദ്ദേഹം എല്‌ളാ സമുദായത്തിലുമുള്ള സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തി സദ്യകൊടുത്തു. അന്ന് അത് ഒരു സാമൂഹികവിപ്‌ളവം ആയിരുന്നു.
    അഭിഭാഷകവൃത്തിയിലിരിക്കയാണ് മേനോന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനിറങ്ങിയത്. പ്രസിദ്ധമായ വൈക്കം സത്യാഗ്രഹ(1924)കാലത്ത് അവിടെനിന്നെത്തിയ സവര്‍ണഹിന്ദുജാഥയെ സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് കൂടിയ സമ്മേളനത്തിന്റെ അധ്യക്ഷനും സര്‍. എം. വിശ്വേശ്വരയ്യയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന നാട്ടുരാജ്യപ്രജാസമ്മേളനത്തിന്റെ പ്രധാന പ്രവര്‍ത്തകനും ഇദ്ദേഹമായിരുന്നു. 1920ലെ നിയമസഭാ പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് ഭാരതകേസരി ആഫീസില്‍ ചങ്ങനാശേ്ശരി പരമേശ്വരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലും മേനോന്‍ ഒരു പ്രധാന പങ്കുവഹിച്ചു. 1924ലെ പത്രനിയമത്തിനെതിരായ പൊതുജനരോഷം പ്രകടിപ്പിക്കാന്‍ സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ളയുടെ അധ്യക്ഷതയില്‍ തമ്പാനൂരില്‍ ചേര്‍ന്ന മഹാസമ്മേളനത്തിന്റെ സംഘാടകനും അച്യുതമേനോനായിരുന്നു. തിലകസ്വരാജ്യനിധിക്ക് പണം പിരിക്കുന്നതിലും മുന്‍കൈയെടുത്തു. പട്ടം താണുപിള്ളയ്‌ക്കെതിരായി നിയമസഭയിലേക്ക് തിരുവനന്തപുരത്തുനിന്ന് അന്നാചാണ്ടി മത്സരിച്ചപേ്പാള്‍ മേനോന്‍ അവര്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. 1962 ജൂല. 31ന് അച്യുതമേനോന്‍ അന്തരിച്ചു.