നോവലിസ്റ്റും കഥാകൃത്തുമായിരുന്നു ഭദ്ര എന്‍. മേനോന്‍ (1931 – 2012). മലയാളത്തിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ് നോവലിസ്റ്റ്. 2004ല്‍ പുറത്തിറങ്ങിയ സില്‍വര്‍ ജയിംസ് ആണ് ഇവര്‍ രചിച്ച കുറ്റാന്വേഷണ നോവല്‍. ഭദ്ര കൊല്ലം തേവള്ളി മലയാളിസഭാമന്ദിരം സ്‌കൂളിലെ വിദ്യാഭ്യാസ കാലത്ത് ഘോരവനം എന്ന പേരില്‍ ഒരു ഡിറ്റക്ടീവ് നോവല്‍ എഴുതിയിരുന്നു. നോട്ട് ബുക്കില്‍ എഴുതി തുടങ്ങിയ ഈ നോവല്‍ വീട്ടുകാരുടെ കണ്ണില്‍പെട്ടതോടെ എഴുത്തിനു വിരാമമിടേണ്ടി വന്നു. ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷം വിവാഹിതയായി ഭര്‍ത്താവിന്റെ വടക്കന്‍ പറവൂരിലെ വീട്ടിലെത്തിയതോടെ വീണ്ടും ശ്രദ്ധ എഴുത്തിലേക്ക് തിരിഞ്ഞു. ഇക്കാലയളവില്‍ എഴുതിയ പെണ്ണുകാണലിനുശേഷം എന്ന ചെറുകഥ ദേശബന്ധുവിന്റെ വാരാന്തപതിപ്പില്‍ 'ലേഖ' എന്ന തൂലികാനാമത്തില്‍ പ്രസിദ്ധീകരിച്ചു.
സില്‍വര്‍ ജയിംസ് എഴുതാന്‍ ഭദ്രാ മേനോന് പ്രചോദനമായത് ഷെര്‍ലക് ഹോംസ് കഥകളായിരുന്നു. 2002ലെ ലണ്ടന്‍ യാത്രക്കിടെ ബേക്കര്‍ സ്ട്രീറ്റിലെ ഷെര്‍ലക് ഹോംസ് മ്യൂസിയം സന്ദര്‍ശിക്കുവാന്‍ സാധിച്ചത് ഇവരില്‍ വലിയ ആവേശം ജനിപ്പിച്ചു. ലണ്ടനില്‍നിന്ന് മടങ്ങിയെത്തിയ ഉടന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പാതിവഴിയില്‍ രചന ഉപേക്ഷിച്ച സില്‍വര്‍ ജെയിംസിന്റെ കൈയെഴുത്തുപ്രതി പൊടിതട്ടിയെടുത്ത് വീണ്ടും എഴുതിത്തുടങ്ങി. 'മലയാളത്തില്‍ ആദ്യമായി ഒരു വനിത എഴുതിയ അപസര്‍പ്പക നോവല്‍' എന്ന വിശേഷണത്തോടെയാണ് 2004 മാര്‍ച്ചില്‍ സില്‍വര്‍ ജെയിംസ്' പുറത്തിറങ്ങിയത്. സൈന്ധവ ബുക്‌സ് ആയിരുന്നു പ്രസാധകര്‍.  പരേതനായ കെ. നാരായണമേനോനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീലതാമേനോന്‍, പ്രൊഫ. വിനോദ്ചന്ദ്ര മേനോന്‍, ഡോ. വിനീതാമേനോന്‍, അഡ്വ. എന്‍.ശരത്ചന്ദ്ര മേനോന്‍, ഡോ.എന്‍. ജയചന്ദ്രമേനോന്‍.

കൃതികള്‍
അര്‍ച്ചനാപുഷ്പങ്ങള്‍
കഥാകുസുമങ്ങള്‍(കഥകള്‍)
സില്‍വര്‍ ജയിംസ് (അപസര്‍പ്പകനോവല്‍)