ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചത് ഇടപ്പള്ളിയില്‍ 1911 ഒക്‌ടോബര്‍ 10 (കൊ.വ. 1087 കന്നി 24 ) ന്
ആണ്. അച്ഛന്‍ തെക്കേടത്തു നാരായണമേനോന്‍. അമ്മ പാറുക്കുട്ടി അമ്മ. 1917 ല്‍
ഇടപ്പള്ളിയിലെ പ്രൈമറിസ്‌ക്കൂളില്‍ വിദ്യാഭ്യാസം തുടങ്ങി. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം
കുറച്ചുനാള്‍ ആലുവാ സെന്റ് മേരീസ് സ്‌ക്കൂളില്‍. പഠനം പൂര്‍ത്തിയാക്കാതെ പോന്ന ചങ്ങമ്പുഴ,
ഇടപ്പള്ളിയില്‍ ഒരു കടയില്‍ കണക്കെഴുത്തുകാരനായി. പിന്നീട് എറണാകുളം രാമവര്‍മ്മ
ഹൈസ്‌ക്കൂളില്‍ പഠനം തുടര്‍ന്നു. കൊച്ചിന്‍ സ്റ്റേറ്റില്‍ ഒന്നാമനായിട്ടാണ് പത്താംക്‌ളാസ് ജയിച്ചത്.
ഇടപ്പള്ളി കരുണാകരമേനോന്റെ നേതൃത്വത്തില്‍ നടത്തിപേ്പാന്ന സാഹിത്യസമാജത്തില്‍ ഈ
കാലമത്രയും സജീവമായി പങ്കെടുത്ത് ചങ്ങമ്പുഴ കാവ്യരചനയില്‍ ചുവടുറപ്പിച്ചുകഴിഞ്ഞിരുന്നു.
1927 ഇടപ്പള്ളിയില്‍ വച്ചു നടന്ന സാഹിത്യപരിഷത്തിന്റെ ശ്രമക്കാരില്‍ ഒരാളായി.
കരുണാകരമേനോന്റെ അനുയായി ആയി കൂടിയ ചങ്ങമ്പുഴയ്ക്ക്, അന്നത്തെ പ്രമുഖരായ എല്‌ളാ
എഴുത്തുകാരെയും കാണാനും ചിലരെയൊക്കെ പരിചയപെ്പടാനും സാധിച്ചു. ഇന്റര്‍മീഡിയറ്റിന്
എറണാകുളം മഹാരാജാസില്‍ പഠിച്ചു, പി. ശങ്കരന്‍ നമ്പ്യാര്‍, എല്‍.വി. രാമസ്വാമിഅയ്യര്‍,
കുറ്റിപ്പുറത്തു കേശവന്‍നായര്‍ തുടങ്ങിയവരുടെ കീഴില്‍.
    ഇതിനിടെ ഒട്ടേറെ കവിതകള്‍
ആനുകാലികങ്ങളില്‍ വന്നു. തിരുവനന്തപുരത്ത് പഠിച്ച് 1942 ല്‍ ബി.എ. (ഓണേഴ്‌സ്) നേടി. ഡോ.
ഗോദവര്‍മ്മയുടെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തുവാന്‍ ശ്രമിച്ചു എങ്കിലും ഫലിച്ചില്‌ള. പിന്നീട്
മിലിട്ടറി അക്കൗണ്ട്‌സില്‍ ജോലി കിട്ടി പൂനെയിലേയ്ക്കു പോയി.
അല്പകാലത്തിനുശേഷം മാറ്റം വാങ്ങി കൊച്ചിയില്‍ എത്തി. ആ ജോലി രാജിവച്ച്, മദിരാശിയില്‍
പോയി നിയമപഠനത്തിന് ശ്രമിച്ചു. പകേ്ഷ പഠനം പൂര്‍ത്തിയാക്കിയില്‌ള. നാട്ടില്‍ തിരിച്ചെത്തിയ
ചങ്ങമ്പുഴ മംഗളോദയം മാസികയില്‍ ജോലി സ്വീകരിച്ച് തൃശൂരില്‍ കാനാട്ടുകരയില്‍ ഒരു
വീടുവാങ്ങി താമസം തുടങ്ങി. താരതമ്യേന ഭദ്രമായിരുന്നു ആ ദിവസങ്ങള്‍. അപേ്പാഴേയ്ക്കും
അനാരോഗ്യം അദ്ദേഹത്തെ വല്‌ളാതെ അലട്ടിത്തുടങ്ങി. നേരത്തെ പിടിപെട്ടിരുന്ന രോഗം മൂര്‍ച്ഛിച്ചു.
1946 ല്‍ ഇടപ്പള്ളിക്കു മടങ്ങി. 1947 – '48 കാലത്ത് കിടപ്പിലായി. 1948 ജൂണ്‍ 17 ന് തൃശൂര്‍ മംഗളോദയം
നേഴ്‌സിംഗ് ഹോമില്‍ വച്ച് മരിച്ചു. ഇടപ്പള്ളിയില്‍ മൂസാമ്പറമ്പില്‍ ശ്രീദേവിയെ ആണ് ചങ്ങമ്പുഴ
വിവാഹം ചെയ്തത്.
    ഹ്രസ്വമായ ഒരു കാലയളവിനുള്ളില്‍ ചങ്ങമ്പുഴ വളരെ കൃതികള്‍ എഴുതി. ബാഷ്പാഞ്ജലി
ആണ് ആദ്യ കാവ്യസമാഹാരം. അദ്ദേഹം കവിതയും ജീവിതവും കൊണ്ട്
ധൂര്‍ത്തടിക്കുകയായിരുന്നു. ഉറ്റ ചങ്ങാതിയായ രാഘവന്‍പിള്ളയുടെ നിര്യാണത്തിനു ശേഷം
അദ്ദേഹം എഴുതിയ രമണന്‍, വില്പനയെ സംബന്ധിച്ച് അത്ഭുതംസൃഷ്ടിച്ച കൃതിയാണ്.
കാല്പനികതയുടെ ഏറ്റവും വര്‍ണ്ണാഭമായ ചിത്രങ്ങള്‍ ചങ്ങമ്പുഴക്കവിതയില്‍ കാണാം.
ഓടക്കുഴലുമായി എത്തിയ ഗന്ധര്‍വ്വന്‍ എന്നദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളതില്‍
അതിശയോക്തിയില്‌ള. വിഷാദം, പ്രതികാരമോഹം, നൈരാശ്യം, സ്‌നേഹം,
– ഏതുഭാവവും അതിന്റെ തീവ്രവും മനോഹരവും ആയ രൂപത്തില്‍ ചങ്ങമ്പുഴ ആവിഷ്‌ക്കരിച്ചു.
നിമിഷങ്ങളില്‍ നിന്ന് നിമിഷങ്ങളിലേയ്ക്ക് പാറിപേ്പായ ആ ഭാവന യൗവനത്തിന്റെ
വികാരതീവ്രതയെ സാക്ഷാത്ക്കരിച്ചു. ആരാധനയും അവഹേളനവും ഏറ്റുവാങ്ങിയ ചങ്ങമ്പുഴ,
ഏതു കാറ്റടിക്കുമ്പോഴും സംഗീതംചൊരിഞ്ഞ മുളങ്കാടായി. അദ്ദേഹത്തിന് ഒരു പ്രത്യയശാസ്ത്രമേ
ഉണ്ടായിരുന്നുള്ളു – വികാരജീവിയായ മനുഷ്യന്‍ എന്ന പ്രത്യയശാസ്ത്രം. നോവലുകള്‍ ഉള്‍പെ്പടെ
അദ്ദേഹത്തിന്റെ വര്‍ണ്ണാഭമായ സാഹിത്യപ്രപഞ്ചം ഇതാണ് കാണിക്കുന്നത്. സാഹിത്യചിന്തകള്‍,
പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്ന കാലത്ത് നടത്തിയ
പ്രഭാഷണമാണ്. വിവര്‍ത്തനങ്ങളിലുടെ ലോകകവിതയെ മലയാളിക്ക്
പരിചയപെ്പടുത്തിക്കൊടുത്തതും ആദ്യമായി ചങ്ങമ്പുഴയാണ്.

കൃതികള്‍: രക്തപുഷ്പങ്ങള്‍, സങ്കല്പകാന്തി, ആരാധകന്‍, സുധാംഗദ, തിലോത്തമ, വത്സല, മോഹിനി,
യവനിക, ദേവയാനി നിര്‍വൃതി, വസന്തോത്സവം (അപൂര്‍ണ്ണം), മഗ്ദലമോഹിനി (അപൂര്‍ണ്ണം),
പാടുന്ന പിശാച്, സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗസുധ, അപരാധികള്‍, അമൃതവീചി,
അസ്ഥിയുടെ പൂക്കള്‍, മയൂഖമാല, ഹേമന്തചന്ദ്രിക (കവിതാസമാഹാരങ്ങള്‍)