ചിറ്റൂര്‍ താലൂക്കില്‍ ചമ്പത്തുതറവാട്ടില്‍ 1857 മാര്‍ച്ച് 17-ാം തീയതി (കൊ.വ. 1032 മീനം 5)
ജനിച്ചു. അച്ഛന്‍ എലപ്പുള്ളി അംശത്തില്‍ കേനാത്തുവീട്ടില്‍ പാറുമേനോന്‍. അമ്മ അമ്മു
മന്നാടിശ്യാര്‍. ചാത്തുക്കുട്ടി മന്നാടിയാര്‍ക്ക് മൂന്നുവയസ്‌സുള്ളപേ്പാള്‍ അമ്മ മരിച്ചു. അമ്മയുടെ
സഹോദരി കാളു മന്നാടിശ്യാര്‍ ആണ് വളര്‍ത്തിയത്. ചിറ്റൂര്‍ കോതാത്ത് അപ്പു എഴുത്തച്ഛന്റെ
കീഴിലായിരുന്നു പഠനം തുടങ്ങിയത്. പിന്നീട് തൃശൂരില്‍ വെങ്കിടാദ്രിശാസ്ത്രികളുടെ
അന്തേവാസിയായി സംസ്‌കൃതം പഠിച്ചു. നാട്ടില്‍ മടങ്ങി എത്തിയതിനുശേഷം 1877ല്‍
തിരുവിതാംകൂറിലെ വക്കീല്‍ പരീക്ഷ ജയിച്ചു. 1879 മുതല്‍ മൂവാറ്റുപുഴ മുന്‍സിഫ് കോടതിയില്‍
വക്കീലായി ജോലി നോക്കി. കൊച്ചി സര്‍ക്കാര്‍ നടത്തുന്ന വക്കീല്‍ പരീക്ഷയിലും ജയിച്ചു.
അതോടെ താമസം തൃശൂര്‍ക്കു മാററി. തൃശൂര്‍ കോടതിയിലായി അഭിഭാഷകവൃത്തി. രണ്ടു
മൂന്നുമാസക്കാലത്തേയ്ക്ക,് 1887ല്‍, കേരളനന്ദിനി എന്ന പത്രത്തിന്റെ പത്രാധിപരായി.
    മന്നാടിയാര്‍ ആദ്യവിവാഹം ചെയ്തത് അമ്പാട്ടു ജാനകിഅമ്മയെ ആയിരുന്നു. പിന്നീട് കോരപ്പത്തു കൊച്ചുകുട്ടിഅമ്മയേയും, 1899ല്‍ മുറപെ്പണ്ണായ കേനാത്തു കല്യാണികുഞ്ചി അമ്മയേയും വിവാഹം ചെയ്തു.
സംഗീതവും ചതുരംഗവും മന്നാടിയാര്‍ക്ക് താല്പര്യമുള്ള വിഷയങ്ങളായിരുന്നു.
പ്രമേഹരോഗത്തെത്തുടര്‍ന്ന് 1904 നവംബര്‍ 29 (കൊ.വ. 1080 വൃശ്ചികം 14) ന് അദ്ദേഹം മരിച്ചു.
വളരെ കുറച്ചു കൃതികളേ മന്നാടിയാര്‍ എഴുതിയിട്ടുള്ളൂ. സംസ്‌കൃതത്തില്‍ ഒരു
പുഷ്പഗിരീശസ്‌തോത്രം അദ്ദേഹം രചിച്ചിട്ടുണ്ട്. ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ടാണ് ഏറ്റവും
വലിയകൃതി. ഇതിന്റെ ആദ്യഭാഗം അദ്ദേഹം മൂവാറ്റുപുഴയില്‍ ജോലിചെയ്തിരുന്നപേ്പാഴാണ്
തര്‍ജ്ജമ ചെയ്യാന്‍ തുടങ്ങിയത്. പിന്നീട് അഞ്ചാറുവര്‍ഷക്കാലം ആ ജോലി മുടങ്ങി. 1888ലാണ്
വിവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ഇതിനിടെ 1887ല്‍ ജാനകീപരിണയം എന്ന സംസ്‌കൃതനാടകം
പരിഭാഷപെ്പടുത്തി. 1894ലാണ് ഭവഭൂതിയുടെ ഉത്തരരാമചരിതം വിവര്‍ത്തനം ചെയ്തത്.മന്നാടിയാരുടെ പുഷ്പഗിരീശസ്‌തോത്രംഗീതിവൃത്തത്തില്‍ നൂറ്റിഇരുപതു ശേ്‌ളാകങ്ങളില്‍ ഉള്ള രാമായണകഥാസംഗ്രഹമാണ്. അതിന്ആര്യാശതകം എന്നും പേരുണ്ട്. ഇവ കൂടാതെ ഒരു താരാട്ടും, ചില മുക്തകങ്ങളും അദ്ദേഹം
രചിച്ചു. സംഗീതശാകുന്തളം കുറച്ചുഭാഗം മന്നാടിയാര്‍ എഴുതിയതായി സാഹിത്യചരിത്രകാരന്മാര്‍
പറയുന്നു.
കൃതികള്‍: ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്, ജാനകീപരിണയം, ഉത്തരരാമചരിതം (വിവര്‍ത്തനം)