മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്‌സിന്റെ സ്ഥാപകനുമായിരുന്നു ഡി.സി. കിഴക്കേമുറി എന്ന ഡൊമിനിക് ചാക്കോ ഡി സി കിഴക്കെമുറി (ജനുവരി 12, 1914 ഫെബ്രുവരി 26 1999). മലയാളത്തിലെ ആദ്യ കോളമെഴുത്തുകാരനായിരുന്നു. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയില്‍ ആരംഭിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം എം.പി. പോളിന്റെയും കാരൂര്‍ നീലകണ്ഠപിള്ളയുടെയും ഡീസിയുടെയും ശ്രമഫലമായാണ് രൂപംകൊണ്ടത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗമായിരുന്നു. 25 വര്‍ഷക്കാലം സംഘത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.1999ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.
    കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പാറത്തോടു ഭാഗത്തെ കിഴക്കേമുറി ഭവനത്തില്‍ ജനിച്ചു. പിതാവ് കിഴക്കേമുറി ചാക്കോ. മാതാവ് ഏലിയാമ്മ. ഇ.എസ്.എല്‍.സി. പാസ്സായതിനു ശേഷം 12 വര്‍ഷം അധ്യാപകനായി പ്രവര്‍ത്തിച്ചു. ജോലി ഉപേക്ഷിച്ച് കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടു. പിന്നീട് പൊന്‍കുന്നം വര്‍ക്കിയുടെ ക്ഷണമനുസരിച്ച് കോട്ടയത്തെത്തി. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. സ്വാതന്ത്യസമര സേനാനിയായിരുന്നു. 1946-47 കാലത്ത് ഡെറ്റിന്യൂ തടവുകാരനായി ജയില്‍വാസം അനുഭവിച്ചു. നാഷണല്‍ ബുക്സ്റ്റാളിന്റേയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റേയും സ്ഥാപകാംഗങ്ങളില്‍ ഒരാളാണ് ഡി.സി. എന്‍.ബി.എസ്സിന്റെ ജനറല്‍ മാനേജര്‍, സംഘം ഡയറക്ടര്‍ ബോര്‍ഡംഗം, പബ്‌ളിക്കേഷന്‍ മാനേജര്‍, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനു ശേഷം 1973ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. 12 വര്‍ഷക്കാലം കോട്ടയം പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായിരുന്നു.
    ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച ഡി.സി. സ്വന്തം നിലയില്‍ പുസ്തക പ്രസാധനവും വില്പനയും ആരംഭിച്ചു. അതിനായി ഡി.സി.ബുക്‌സ് എന്ന പ്രസിദ്ധീകരണശാലയും (1974) കൈരളീ മുദ്രാലയവും (1978) സ്ഥാപിച്ചു. കേരള ഗവണ്‍മെന്റ് ബുക് ഡെവലപ്‌മെന്റ് കൗണ്‍സില്‍, നാഷണല്‍ ബുക് ട്രസ്റ്റിന്റെ മലയാളം ഉപദേശക സമിതി, ഔദ്യോഗിക ഭാഷാ കമ്മിറ്റി എന്നീ സമിതികളില്‍ അംഗവുമായിരുന്നു. ഡെമോക്രാറ്റ്, പ്രസന്നകേരളം, ചിത്രോദയം എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യവും വഹിച്ചിട്ടുണ്ട്.
    മലയാളത്തിലെ ആദ്യത്തെ കോളം എഴുത്തുകാരനായിരുന്നു. പൗരപ്രഭ, കേരളഭൂഷണം, മാതൃഭൂമി, മനോരാജ്യം എന്നിവയില്‍ 'കറുപ്പും വെളുപ്പും'എന്ന പേരിലും കുങ്കുമത്തില്‍ 'ചെറിയ കാര്യങ്ങള്‍ മാത്രം'എന്ന പേരിലും എഴുതിയ കുറിപ്പുകള്‍ വളരെയധികം വായനക്കാരെ ആകര്‍ഷിക്കുകയുണ്ടായി. 'ചെറിയ കാര്യങ്ങള്‍ മാത്രം' 707 കോളങ്ങള്‍ പൂര്‍ത്തിയാക്കി. ചെറിയകാര്യങ്ങളില്‍ താന്‍ വ്യാപരിച്ച വിവിധ മേഖലകളിലെ സ്പന്ദനങ്ങളെ സൂക്ഷ്മമായി തിരിച്ചറിഞ്ഞ് ലളിതമായ ശൈലിയില്‍ പ്രതിപാദിച്ചു. ഇവ പിന്നീട് തിരഞ്ഞെടുത്ത് പതിനൊന്നു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവിധ വിജ്ഞാന ശാഖകളെ പരിചയപ്പെടുത്തുന്ന പരമ്പര, വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസുകളുടെ പുനരാഖ്യാനങ്ങള്‍, വിജ്ഞാനകോശങ്ങള്‍, പുതിയ മലയാള നിഘണ്ടുകള്‍ എന്നിങ്ങനെ ഇദ്ദേഹം ആസൂത്രണം ചെയ്ത പ്രസിദ്ധീകരണങ്ങള്‍ പലതാണ്. പുസ്തകങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വില്‍പ്പനനികുതി നിറുത്തലാക്കിയത് ഡി.സിയുടെ ശ്രമഫലമായിട്ടായിരുന്നു. കോട്ടയം പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയായിരിക്കെയാണ് ഡീസി ലോട്ടറി എന്ന ആശയം നടപ്പിലാക്കിയത്. ലൈബ്രറി കെട്ടിടം നിര്‍മ്മിക്കാനുള്ള ധനശേഖരണാര്‍ത്ഥമായിരുന്നു അത്. ഒന്നാം സമ്മാനം അംബാസഡര്‍ കാറായിരുന്നു. പിന്നീടാണ് സംസ്ഥാനസര്‍ക്കാര്‍ ലോട്ടറി ആരംഭിക്കുന്നത്. പുസ്തക പ്രസാധനത്തില്‍ പേപ്പര്‍ബാക്ക് രീതി കൊണ്ടുവന്നത് ഡീസിയാണ്.
    ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഏറ്റെടുത്ത് പ്രസിദ്ധീകരിച്ച് അതിന് ഇന്നുള്ള പ്രശസ്തി നേടിക്കൊടുത്തത് ഡി.സി.യാണ്. അതു പോലെ ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടു ഡി.സി. ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച് അതിനും പ്രചാരം നേടിക്കൊടുത്തു. സി. മാധവന്‍പിള്ളയുടെ അഭിനവ മലയാളം നിഘണ്ടു, മൂന്നു വാല്യങ്ങളുടെ ശബ്ദസാഗരം, ഹിന്ദി മലയാളം നിഘണ്ടു, നാലു വാല്യങ്ങളുള്ള അഖില വിജ്ഞാനകോശം, ഭാരത വിജ്ഞാനകോശം എന്നിവ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അതിനുപുറമേ ഡോ.ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്‌ളീഷ് നിഘണ്ടു പുതിയ തലമുറക്കാര്‍ക്ക് പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്. ബുക്ക് ക്ലബ്, വി.ഐ.പി ക്ലബ് വഴി വീട്ടില്‍ ഒരു ലൈബ്രറി എന്ന ആശയം പ്രചരിപ്പിച്ചു.

കൃതികള്‍

    എലിവാണം (1948)
    കറുപ്പും വെളുപ്പും (1948)
    കുറ്റിച്ചൂല്‍. (1950)
    മെത്രാനും കൊതുകും (1955)
    എന്നെ വെറുതേ വിടരുത് (1986)
    മുഖ്യമന്ത്രി മുത. (1987)
    സത്യം 95 ശതമാനം (1988)
    പത്രം പുസ്തകം ഉപദേശിയും (1989)
    പാലങ്ങളും പാലങ്ങളും (1990)
    തീവണ്ടി തീവണ്ടി തീവണ്ടി (1991)
    ധര്‍മ്മപുരാണം മുതല്‍ സര്‍ക്കാര്‍ പുരാണം വരെ (1993)
    ഓഫേഴ്‌സ് ഗില്‍ഡും മാങ്ങാച്ചാറും (1994)
    ഡല്‍ഹികഥകള്‍ കുറച്ചുകൂടി (1997)
    സെമിത്തേരിയില്‍ സ്ഥലം കുറവാണ് (1997)
    ദൈവത്തിനെന്തിനിത്ര ഒച്ച (1998)
    ക്രിസ്തു കേരളത്തില്‍ വന്നാല്‍ (2000)
    ചിരിക്കാം ചിന്തിക്കാം (2000)
    ജനങ്ങളുടെ രാജാവ് (2001)
    ചെറിയ കാര്യങ്ങള്‍ തൊട്ട് സി. കേശവന്‍വരെ (2002)
    മലയാള പുസ്തക പ്രസാധനം (2004)

പുരസ്‌കാരങ്ങള്‍

    പദ്മഭൂഷന്‍ ബഹുമതി (1999)
    സ്വദേശാഭിമാനി പുരസ്‌കാരം
    പുസ്തക പ്രസാധകരുടെ അവാര്‍ഡ്
    എം.കെ.കെ. നായര്‍ അവാര്‍ഡ്
    പുസ്തകരത്‌നം ബഹുമതി
    രാജീവ് ഗാന്ധി പുരസ്‌കാരം