എറണാകുളം ജില്‌ളയില്‍ കാലടിക്കടുത്ത് നായത്തോട് എന്ന ഗ്രാമത്തില്‍ ആണ് 1901 ജൂണ്‍ 3
ന് ശങ്കരക്കുറുപ്പ് ജനിച്ചത്. അച്ഛന്‍ നെല്‌ളിയ്ക്കാപ്പിള്ളി ശങ്കരവാര്യര്‍. അമ്മ ലക്ഷ്മിക്കുട്ടി അമ്മ.
മൂന്നാം വയസ്‌സില്‍ ശങ്കരക്കുറുപ്പിനെ എഴുത്തിനിരുത്തി. പ്രസിദ്ധ ജ്യോതിഷി ആയിരുന്ന അമ്മാവന്‍
ഗോവിന്ദക്കുറുപ്പാണ് ആദ്യ ഗുരു. പ്രാഥമിക വിദ്യാഭ്യാസം നാട്ടിലെ പ്രൈമറി സ്‌ക്കൂളില്‍ത്തന്നെ.
പിന്നീട് പെരുമ്പാവൂരും ആലുവയിലും സ്‌ക്കൂളുകളില്‍ പഠിച്ചു. മൂവാറ്റുപുഴ സ്‌ക്കൂളില്‍ പഠിച്ച്
മലയാളം ഹയര്‍ ജയിച്ചു. 1919ല്‍ പണ്ഡിതര്‍ പരീക്ഷ ജയിച്ച് തിരുവില്വാമല സ്‌ക്കൂളില്‍
ഭാഷാധ്യാപകനായി. അവിടെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഇംഗ്‌ളീഷ് പഠിച്ചു. ചാലക്കുടി
ഹൈസ്‌ക്കൂളില്‍ അധ്യാപകനായിരിക്കുമ്പോഴാണ് വിദ്വാന്‍ പരീക്ഷ പാസ്‌സായത്. 1927ല്‍ തൃശൂര്‍
രാമവര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി. 1937ല്‍ എറണാകുളം മഹാരാജാസ് കോളേജിലെ
മലയാള പണ്ഡിതനായി. 1950ല്‍ അവിടെ പ്രൊഫസര്‍ ആയി. 1956ല്‍ ജോലിയില്‍നിന്നും വിരമിച്ചു.
    ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ഒരു വര്‍ഷം പ്രൊഡ്യൂസര്‍
ആയും പിന്നീട് ഉപദേഷ്ടാവായും ജോലി ചെയ്തു. 1931ല്‍ ആണ് ശങ്കരക്കുറുപ്പ് പി. സുഭദ്രാമ്മയെ
വിവാഹം ചെയ്തത്. 1945 മുതല്‍ 1957 വരെ സാഹിത്യപരിഷത്ത് മാസികയുടെ പത്രാധിപര്‍
ആയിരുന്നു. അക്കാലത്താണ് പരിഷത്ത് ത്രൈമാസികം മാസികയായിത്തീര്‍ന്നത്. കൂടാതെ തിലകം
എന്നൊരു മാസികയും അദ്ദേഹം നടത്തി. കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍
ആയിരുന്നു ജി. സാഹിത്യപരിഷത്തിന്‍േറയും.
    1968ല്‍ അദ്ദേഹത്തെ രാജ്യസഭാംഗമായി നോമിനേറ്റു ചെയ്തു. കല്യാണി കൃഷ്ണമേനോന്‍ പുരസ്‌ക്കാരം, കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍, സോവിയറ്റ്‌ലാന്റ് നെഹ്രു അവാര്‍ഡ്, ജ്ഞാനപീഠ പുരസ്‌ക്കാരം എന്നിവലഭിച്ചിട്ടുണ്ട്. കൊച്ചി മഹാരാജാവ് കവിതിലകന്‍ സ്ഥാനവും, തൃപ്പൂണിത്തുറ ശാസ്ത്രസദസ്‌സ്
സാഹിത്യനിപുണന്‍ എന്ന പദവിയും നല്കി. ഔദ്യോഗികജീവിതകാലത്തും, പിന്നീടും റഷ്യയും
ജര്‍മ്മനിയും സന്ദര്‍ശിച്ചു. ഇംഗ്‌ളീഷ്, റഷ്യന്‍, ഇറ്റാലിയന്‍ തുടങ്ങിയ വിദേശഭാഷകളിലേയ്ക്കും,
മിക്ക ഭാരതീയ ഭാഷകളിലേയ്ക്കും ജിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപെ്പട്ടിട്ടുണ്ട്. 1978
ജനുവരിയില്‍ രോഗബാധയെത്തുടര്‍ന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്കു വിധേയനായി. 1978
ഫെബ്രുവരി 2 ന് മരിച്ചു.
    കവിത, നാടകം, നിരൂപണം, വ്യാകരണം, ജീവചരിത്രം – വൈവിദ്ധ്യപൂര്‍ണ്ണമാണ് ജി. യുടെ
സാഹിത്യസേവന മണ്ഡലം. കാവ്യലോകത്തിലേയ്ക്കു കടന്നുവരുമ്പോള്‍, വള്ളത്തോള്‍
ആയിരുന്നു ജി. യുടെ ആദര്‍ശപുരുഷന്‍. ആദ്യകാല കവിതകളുടെ സമാഹാരത്തിന്
സാഹിത്യകൗതുകം എന്നാണ് പേര്- സാഹിത്യമഞ്ജരിയെ അനുസ്മരിപ്പിക്കുന്ന പേര്. ടാഗോര്‍
കവിതകളുമായുള്ള പരിചയം അദ്ദേഹത്തിന്റെ ആസ്തിക്യബോധത്തെ സ്വാധീനിച്ചു. കൂടുതല്‍
ചിന്താപ്രധാനവും ആധ്യാത്മികതയോട് ചായ്‌വുള്ളതും ആയ ഭാവഗീതങ്ങളിലേയ്ക്ക് ജിയുടെ
കാവ്യപ്രതിഭ മാറി. കവിത അദ്ദേഹത്തിന് ആത്മാവിഷ്‌ക്കാരവും, അന്വേഷണവും ആയി മാറി.
പ്രകൃതിയുടെ പിറകിലെ പിടികിട്ടാത്ത സത്യത്തിനുമുന്നില്‍, സ്വന്തം ഹൃദയമാകുന്ന ഉടുക്കും
കൊട്ടിപ്പാടി നില്‍ക്കുന്നതില്‍ ആ പ്രതിഭ സാഫല്യം തേടി. സൂര്യകാന്തി, മേഘഗീതം, പുഷ്പഗീതം,
നിമിഷം, പൂജാപുഷ്പം, മുത്തുകള്‍, ഇതളുകള്‍, ചെങ്കതിരുകള്‍, നവാതിഥി, പഥികന്റെ പാട്ട്,
അന്തര്‍ദ്ദാഹം, വെള്ളില്‍ പറവകള്‍, വിശ്വദര്‍ശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം,
മധുരം സൗമ്യം ദീപ്തം ഇവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതാസമാഹാരങ്ങള്‍.
    ജ്ഞാനപീഠപുരസ്‌ക്കാരം നേടിയ ഓടക്കുഴല്‍ തിരഞ്ഞെടുത്ത കവിതകളുടെ- ആദ്യകാല
കവിതകളുടെ- സമാഹാരമാണ്. ശങ്കരക്കുറുപ്പിന്റെ തിരഞ്ഞെടുത്ത രണ്ടു കവിതാസമാഹാരങ്ങള്‍
കൂടി ഉണ്ട്. ജിയുടെ തിരഞ്ഞെടുത്ത കവിതകള്‍, പാഥേയം.  ഇളംചുണ്ടുകള്‍, ഓലപ്പീപ്പി എന്നിവ കുട്ടികള്‍ക്കു വേണ്ടിഎഴുതിയ കവിതകളാണ്. രാധാമണി, രാജനന്ദിനി, ഹരിശ്ചന്ദ്രന്‍ എന്നിവയും കുട്ടികള്‍ക്കുള്ള
രചനകളാണ്. സന്ധ്യ, ഇരുട്ടിനു മുമ്പ്, ആഗസ്റ്റ് പതിനഞ്ച് എന്നീ നാടകങ്ങള്‍,
    ലോകമഹായുദ്ധത്തിന്‍േറയും സ്വാതന്ത്ര്യസമരത്തിന്‍േറയും പശ്ചാത്തലത്തില്‍ രചിക്കപെ്പട്ടവയത്രെ.
മരിക്കാനും പിറക്കാനും പേടി എന്നൊരു നാടകവും മധ്യമവ്യായോഗവും അദ്ദേഹം
പരിഭാഷപെ്പടുത്തിയിട്ടുണ്ട്. ടാഗോറിന്റെ ഏതാനും കവിതകള്‍ നൂറ്റൊന്നു കിരണങ്ങള്‍ എന്ന പേരില്‍
പരിഭാഷപെ്പടുത്തിയ ജി. ഗീതാഞ്ജലിയും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഒമര്‍ഖയ്യാമിന്റെ
റുബയ്യാത്തിന്റെ പരിഭാഷയാണ് വിലാസലഹരി. മേഘദൂതത്തിന്റെ പരിഭാഷയാണ് മേഘച്ഛായ.
നിരൂപകന്‍, ഉപന്യാസകാരന്‍ എന്നീ നിലകളിലും ജി. ശ്രദ്ധേയനാണ്. ഗദ്യോപഹാരം, മുത്തും
ചിപ്പിയും, രാക്കുയിലുകള്‍, ലേഖമാല എന്നിങ്ങനെ ഉള്ള ഗദ്യഗ്രന്ഥങ്ങളിലെ ലേഖനങ്ങള്‍, ജി.
യുടെ ഗദ്യലേഖനങ്ങള്‍ എന്ന പേരില്‍ ലഭ്യമാണ്. ഡയറിക്കുറിപ്പുകളും, ആത്മകഥാപരമായ
ലേഖനങ്ങളും ചേര്‍ന്ന കൃതിയാണ് ജി. യുടെ നോട്ടുബുക്ക് – പത്രാധിപര്‍ എന്ന നിലയില്‍
അദ്ദേഹത്തിന്റെ കുറിപ്പുകളും ഇതിലുണ്ട്.

കൃതികള്‍: സൂര്യകാന്തി, മേഘഗീതം, പുഷ്പഗീതം, നിമിഷം, പൂജാപുഷ്പം, മുത്തുകള്‍, ഇതളുകള്‍, ചെങ്കതിരുകള്‍, നവാതിഥി, പഥികന്റെ പാട്ട്, അന്തര്‍ദ്ദാഹം, വെള്ളില്‍ പറവകള്‍, വിശ്വദര്‍ശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം, മധുരം സൗമ്യം ദീപ്തം  (കവിതാസമാഹാരങ്ങള്‍), വിലാസലഹരി, മേഘച്ഛായ, ഗദ്യോപഹാരം, മുത്തുംചിപ്പിയും, രാക്കുയിലുകള്‍, ലേഖമാല