തിരുവനന്തപുരം ജില്‌ളയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ നലുതട്ടുവിളവില്‍ ആണ് ജി.
ശങ്കരപ്പിള്ള 1930 ജൂണ്‍ 22ന് ജനിച്ചത്. അച്ഛന്‍ ഒറ്റവീട്ടില്‍ വി. ഗോപാലപിള്ള, അമ്മ മുട്ടയ്ക്കാല്
കമലാക്ഷി അമ്മ. പ്രൈമറി വിദ്യാഭ്യാസം കൊല്‌ളത്ത്. ചിറയിന്‍കീഴിലും, ആറ്റിങ്ങലും,
തിരുവനന്തപുരത്തും ആയി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. 1952ല്‍ മലയാളസാഹിത്യം ഐച്ഛികമായി
ഓണേഴ്‌സ് ബിരുദം, ഒന്നാംറാങ്കില്‍ നേടി. രണ്ടുവര്‍ഷം പത്തനംതിട്ടയിലെ കോളേജില്‍
അധ്യാപകനായി. 1954ല്‍ കേരളസര്‍വ്വകലാശാലയില്‍ നാടോടിപ്പാട്ടുകളെക്കുറിച്ച് ഗവേഷണം
നടത്തി. 1957ല്‍ മധുരയിലെ ഗാന്ധിഗ്രാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകനായി. 1961 മുതല്‍ കുറച്ചുകാലം
ലക്‌സിക്കണ്‍ ഓഫീസിലും സേവനം അനുഷ്ഠിച്ചു. 1964ല്‍ ശാസ്താംകോട്ടയില്‍ ദേവസ്വം ബോര്‍ഡ്
കോളേജില്‍ ജോലി സ്വീകരിച്ചു.
    കോഴിക്കോട്ട് സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയപേ്പാള്‍
അതിന്റെ ഡയറക്ടര്‍ ആയി, പിന്നീട് മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലറ്റേഴ്‌സ്
ഡയറക്ടര്‍ ആയിരുന്നു. ആ ഉദ്ദ്യോഗത്തില്‍ ഇരിക്കവെ 1989 ജനുവരി 1 ന് അന്തരിച്ചു.
    1980ല്‍ തൃശൂരില്‍ സ്ഥാപിതമായ രംഗചേതനയുടെ രക്ഷാധികാരിയായിരുന്നു. കേരള സംഗീത
നാടക അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ സ്‌കൂള്‍ ഓഫ്
ഡ്രാമയുടെ ഭരണസമിതി അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സംഗീത നാടക
അക്കാദമി, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം എന്നിവയില്‍ നിന്നും പുരസ്‌കാരങ്ങള്‍
ലഭിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ജി. ശങ്കരപ്പിള്ള വിവാഹം ചെയ്തിരുന്നില്‌ള.
നാടകരചന, അവതരണം, രംഗം എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ ആധികാരികമായി
അഭിപ്രായം പറയുവാനുള്ള പാണ്ഡിത്യം നേടിയ ശങ്കരപ്പിള്ള, ഓരോ നാടകത്തേയും ഓരോ
പരീക്ഷണമായി കണ്ട നാടകകൃത്തുകൂടിയാണ്. കോമാളിത്തത്തോട് അടുത്തുനില്ക്കുന്ന
പ്രഹസനങ്ങളിലും, സംസ്‌കൃതനാടകങ്ങളുടെ അനുകരണങ്ങളിലും, സംഗീതനാടകങ്ങളിലും
ഒതുങ്ങിപേ്പായ മലയാളിയുടെ നാടകാഭിരുചിയെ തട്ടിഉണര്‍ത്തുന്നതില്‍ എന്‍. കൃഷ്ണപിള്ളയോടും,
സി.ജെ. തോമസ്‌സിനോടും ഒപ്പം നിന്ന വ്യക്തിയാണ് ശങ്കരപ്പിള്ള. നാടകം എന്ന കലാരൂപത്തിന്
സമര്‍പ്പിക്കപെ്പട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. യൂറോപ്പിലേയും, അമേരിക്കയിലേയും
ഏറ്റവും പുതിയ നാടകപരീക്ഷണങ്ങളെക്കുറിച്ചുപോലും സുവ്യക്തമായ ധാരണകളോടെ ആണ്
അദ്ദേഹം മലയാള നാടകവേദിയെ തനതു നാടകസങ്കല്പവും ആയി ബന്ധപെ്പടുത്തിക്കൊണ്ടുളള
പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നത്. 1953ല്‍ പ്രസിദ്ധീകൃതമായ സ്‌നേഹദൂതന്‍ ആണ് ശങ്കരപ്പിള്ളയുടെ
ആദ്യ രചന. ശ്രീബുദ്ധന്റെ കഥ, ഒരേകാങ്കത്തില്‍ അതിഭദ്രമായി ഒതുക്കുന്ന ആ രചന അസാധാരണ
ശില്പസാമര്‍ത്ഥ്യത്തിന്റെ തെളിവാണ്. 1958ല്‍ വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്ന കൃതി
അദ്ദേഹം എഴുതി. കിരാതം, ഭരതവാക്യം, തിരുമ്പിവന്താന്‍ തമ്പി, രക്ഷാപുരുഷന്‍, ബന്ദി എന്നിവ
മലയാള നാടക രചനാസമ്പ്രദായത്തെ മാത്രമല്‌ള, മലയാളിയുടെ നാടകാസ്വാദന
പാരമ്പര്യത്തെപേ്പാലും മാറ്റിക്കുറിച്ച ധീരമായ പരീക്ഷണങ്ങളാണ്. ഭരതവാക്യം എന്ന രചനയും
ഈ കൂട്ടത്തില്‍പെ്പടുന്നു. ജീവിതത്തിന്റെ ഒരു കഷണം രംഗത്തെത്തിക്കുക എന്ന നാടക
സങ്കല്പത്തെ മാറ്റിക്കുറിക്കുകയാണ് ജി. ശങ്കരപ്പിള്ള ഈ പരീക്ഷണ നാടകങ്ങളിലൂടെ ചെയ്തത്.
മൃഗതൃഷ്ണ, ശരശയനം, പൊയ്മുഖങ്ങള്‍, കഴുകന്മാര്‍, വിലങ്ങും വീണയും, പേ പിടിച്ച ലോകം,
പൂജാമുറി, റെയില്‍പ്പാളങ്ങള്‍ എന്നീ രചനകളും ശ്രദ്ധിക്കപെ്പട്ടു. ചില യൂറോപ്യന്‍ നാടകങ്ങളുടെ
പരിഭാഷയാണ് കളിത്തട്ട്. മഹാഭാരതത്തിലെ ഉജ്ജ്വലമുഹൂര്‍ത്തങ്ങളുടെ നാടക രൂപത്തിലൂളള
ആവിഷ്‌കാരമാണ് ധര്‍മ്മകേ്ഷത്രേ കുരുകേ്ഷത്രേ. അദ്ദേഹം രചിച്ച ഏകാങ്കനാടകങ്ങള്‍ ഇന്ന്
ഒറ്റപ്പുസ്തകം ആയി ലഭിക്കും – അഞ്ച് ഏകാങ്കങ്ങള്‍. നാടകത്തോടു ബന്ധപെ്പട്ട കുറേകാര്യങ്ങള്‍
വിശദമായി ചര്‍ച്ച ചെയ്യുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് നാടകദര്‍ശനം. കേരളത്തിലെ
അമേച്വര്‍ നാടകസംഘങ്ങള്‍ക്കും, കോളേജ് തിയേറ്ററുകള്‍ക്കും, അദ്ദേഹത്തിന്റെ അറിവും
അനുഗ്രഹവും നല്കിയ സംഭാവനകള്‍ കുറച്ചല്‌ള. മലയാളനാടകചരിത്രം എന്ന അദ്ദേഹത്തിന്റെ
കൃതി, ആ വിഷയത്തില്‍ നമുക്ക് ലഭിച്ചിട്ടുള്ള ആധികാരിക ഗ്രന്ഥമാണ്.

കൃതികള്‍: മൃഗതൃഷ്ണ, ശരശയനം, പൊയ്മുഖങ്ങള്‍, കഴുകന്മാര്‍, വിലങ്ങും വീണയും, പേ പിടിച്ച ലോകം,
പൂജാമുറി, റെയില്‍പ്പാളങ്ങള്‍,നാടകദര്‍ശനം

നാടകങ്ങള്‍

    സ്‌നേഹദൂതന്‍ (1956)
    വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു (1958)
    റയില്‍പ്പാളങ്ങള്‍
    പൂജാമുറി (1966)
    ഭരതവാക്യം (1972)
    ബന്ദി (1977)
    മണല്‍ത്തരികള്‍ (1978)
    കറുത്ത ദൈവത്തെ തേടി (1980)
    കിരാതം (1985)
    സബര്‍മതി ദൂരെയാണ്