കിളിമാനൂര്‍ കൊട്ടാരത്തില്‍ 1902 ജനുവരി 12 (കൊ.വ. 1077 ധനു 29) ന് ജനിച്ചു. അമ്മ
രോഹിണിത്തമ്പുരാട്ടി. അച്ഛന്‍ വൈക്കത്ത് വടയാര്‍വേല മാങ്കോല്‍ ഇല്‌ളത്ത് പരമേശ്വരന്‍ നമ്പൂതിരി.
അമ്മാവനില്‍ നിന്ന് സംസ്‌കൃതത്തിലെ ആദ്യപാഠങ്ങള്‍ പഠിച്ചു. 1920ല്‍ തിരുവനന്തപുരത്തുനിന്ന്
ഇന്റര്‍മീഡിയറ്റ് പാസായി. 1923ല്‍ മദിരാശി പ്രസിഡന്‍സി കോളേജില്‍നിന്ന് സംസ്‌കൃതം എം.എ.
ജയിച്ചു. 1924ല്‍ തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ മലയാളം ലക്ചറര്‍ ആയി ജോലിയില്‍
പ്രവേശിച്ചു. 1931ല്‍ ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഓറിയന്റ് സ്റ്റഡീസില്‍ ഗവേഷണത്തിന് അവസരം
കിട്ടിയപേ്പാള്‍ ഇംഗ്‌ളണ്ടിലേയ്ക്ക് പോയി. റാള്‍ഫ് ടേണറുടെ കീഴില്‍ ഇന്‍ഡോ ആര്യന്‍ ലോണ്‍
വേര്‍ഡ്‌സ് ഇന്‍ മലയാളം എന്ന പ്രബന്ധം തയ്യാറാക്കി ഡോക്ടര്‍ ബിരുദം നേടി. ഇംഗ്‌ളണ്ടില്‍
പോകുന്നതിനു മുന്‍പുതന്നെ വിവാഹം കഴിച്ചിരുന്നു. ഏ. ആറിന്റെ മകള്‍ സാവിത്രിയെ ആണ്
ഡോ. ഗോദവര്‍മ്മ വിവാഹം ചെയ്തത്.
    ഇംഗ്‌ളണ്ടില്‍നിന്നും തിരിച്ചെത്തിയശേഷം സംസ്‌കൃതകോളേജില്‍ പ്രിന്‍സിപ്പല്‍ ആയി. 1934- 39 ആയിരുന്നു സംസ്‌കൃതകോളേജിലെ സേവനകാലം. പിന്നീട് ആര്‍ട്‌സ് കോളേജില്‍ സംസ്‌കൃത വകുപ്പ് അദ്ധ്യക്ഷനായി സ്ഥാനമേറ്റു. എന്നാല്‍ 1941ല്‍ത്തന്നെ മലയാളം വകുപ്പ് അധ്യക്ഷനായി. കൂര്‍ഗ് ഭാഷ പഠിക്കുവാന്‍ കുറച്ചുനാള്‍ അദ്ദേഹം കൂര്‍ഗില്‍ താമസിച്ചു. ഗോത്രവര്‍ഗ്ഗക്കാരുടെ ചില ഭാഷകളും – കുറുമ്പ, എരവ – അദ്ദേഹംപഠിച്ചു. മദിരാശി സര്‍വ്വകലാശാലയിലേയും കേരളസര്‍വ്വകലാശാലയിലേയും പാഠപുസ്തക
സമിതികളിലും സെനറ്റുകളിലും അംഗമായി. ഇന്ത്യന്‍ ഭരണഘടന വിവര്‍ത്തനം ചെയ്യാനുള്ള
വിദഗ്ധ സമിതിയിലും അംഗം. 1952 ജൂണ്‍ 29-ാ0 തീയതി മരിച്ചു.
    ഡോ. ഗോദവര്‍മ്മയുടെ പ്രിയപെ്പട്ട വിഷയം ഭാഷാശാസ്ത്രം ആയിരുന്നു. സംസ്‌കൃതകോളേജ്
പ്രിന്‍സിപ്പാള്‍ ആയിരുന്ന കാലത്ത് അദ്ദേഹം ധ്വന്യാലോകത്തിന്റെ ഏതാനും ഭാഗം ഇംഗ്‌ളീഷിലേയ്ക്ക്
വിവര്‍ത്തനം ചെയ്തതായി പറയുന്നുണ്ട്. ഗവേഷണപ്രബന്ധത്തിനു പുറമെ, അഞ്ച്
ഉപന്യാസസമാഹാരങ്ങള്‍ അദ്ദേഹത്തിന്റെതായി ലഭിച്ചിട്ടുണ്ട്. ഉത്ക്കൃഷ്ട ബന്ധങ്ങള്‍,
വിചാരവീചി, പ്രബന്ധലതിക, കൈരളീദര്‍പ്പണം, പ്രബന്ധകൗമുദി. ഭാഷാശാസ്ത്രത്തിന്റെ
വെളിച്ചത്തില്‍ മലയാളഭാഷാഘടന മനസ്‌സിലാക്കുവാനുള്ള ശ്രമമാണ് കേരളഭാഷാവിജ്ഞാനീയം.
കാദംബരി, വാസവദത്ത, പ്രണയവൈചിത്ര്യം എന്ന് മൂന്നു നാടകങ്ങളും അദ്ദേഹം എഴുതി. എ
സര്‍വെ ഓഫ് മലയാളം ലിറ്ററേച്ചര്‍ എന്ന പേരില്‍, മലയാളസാഹിത്യചരിത്രം ഇംഗ്‌ളീഷില്‍ ഒരു
ദീര്‍ഘപ്രബന്ധമായി അദ്ദേഹം എഴുതിയിട്ടുണ്ട്. ഉത്ക്കൃഷ്ടബന്ധങ്ങളിലെ പ്രമേയം സാഹിത്യമല്‌ള.
മനുഷ്യബന്ധങ്ങളുടെ വൈവിധ്യത്തെപ്പറ്റി ഉള്ള വിചിന്തനമാണ് ആ പ്രബന്ധങ്ങളില്‍.
ഗോദവര്‍മ്മയിലെ സഹൃദയനെ വെളിപെ്പടുത്തുന്ന ഒട്ടേറെ ഉപന്യാസങ്ങള്‍ മറ്റു രചനകളില്‍ ഉണ്ട്.
സി.വി. യുടെ പ്രതിഭാവിലാസം, ഹാസ്യം, തോടയം തുടങ്ങിയവ ഉദാഹരണം. പ്രതിപാത്രം
ഭാഷണഭേദം എന്ന സത്യം സി.വി. സാഹിത്യത്തിന്റെ കരുത്തായി അദ്ദേഹം നേരത്തേത്തന്നെ
കണ്ടിരിക്കുന്നു. ആശാന്റെ കൃതികളിലെ ബുദ്ധമതസ്വാധീനത്തെപ്പറ്റി പറയുമ്പോള്‍, അത് ഹിന്ദുമത
നിഷേധമല്‌ള എന്ന് ഗോദവര്‍മ്മയിലെ സഹൃദയനിരൂപകന്‍ കണ്ടെത്തിയിരുന്നു. സംസ്‌കൃത
സാഹിത്യത്തിലെ കവിതകളുടെ ശബ്ദപെ്പാലിമയില്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. ഈ
ശബ്ദാഡംബര പ്രതിപത്തിയാണ് കാദംബരി പരിഭാഷയ്ക്ക് ഇട നല്കിയത് എന്ന അഭിപ്രായം
സത്യമാണ്. കഥകളിയിലെ പ്രാകൃതഭാഗങ്ങളെപ്പറ്റി നടത്തിയ അന്വേഷണം മൗലികമാണ്.
മലയാളത്തില്‍ സ്ഥലനാമപഠനം, ശാസ്ത്രീയമായി തുടങ്ങിയതും ഈ ഭാഷാസ്‌നേഹി തന്നെ.
പല പ്രബന്ധങ്ങളിലും ഗോദവര്‍മ്മയിലെ ഗവേഷകനും, നിരൂപകനും, സഹൃദയനും കൈകോര്‍ത്തു
നില്ക്കുന്നു.

കൃതികള്‍: എ സര്‍വെ ഓഫ് മലയാളം ലിറ്ററേച്ചര്‍, കേരളഭാഷാവിജ്ഞാനീയം. സി.വി.യുടെ പ്രതിഭാവിലാസം