കൈതക്കാട്ടു നാരായണ ഭട്ടതിരിയുടേയും കൈക്കുളങ്ങര നാരായണി വാരസ്യാരുടെയും
മകനായി 1832 ആഗസ്‌ററ് 22 നാണ് (കൊ. വ. 1008 ചിങ്ങമാസം ചോതി നക്ഷത്രം) രാമവാര്യര്‍
ജനിച്ചത്. കൈക്കുളങ്ങരവാര്യം തലപ്പിള്ളി താലൂക്കില്‍ ചെങ്ങഴിയോട് അംശം, കടങ്ങോട്ടു
ദേശത്താണ്. ആദ്യകാലപഠനം അമ്മാവന്മാരുടെ കീഴില്‍ ആയിരുന്നു. ഒരു അമ്മാവന്‍ ആയ
രാമവാര്യര്‍ പ്രസിദ്ധവൈദ്യനും, മറ്റെ ആള്‍ – കൃഷ്ണവാര്യര്‍ – വിളിപെ്പട്ട ജ്യോത്സ്യനും ആയിരുന്നു.
നന്നെ ചെറുപ്പത്തിത്തന്നെ രാമവാര്യര്‍ സൂര്യമണ്ഡല മധ്യസ്ഥയായ ധേനുസരസ്വതിയെ ഉപാസിച്ചു.
ഉന്മാദത്തിന്റെ വക്കോളം എത്തിയ ഈ ഉപാസനയാണ് അദ്ദേഹത്തെ മഹാപ്രതിഭാശാലി ആക്കിയത്
എന്ന് ആസ്തികര്‍ കരുതുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറയിലെത്തി, ഗോവിന്ദന്‍നമ്പ്യാരുടെ
ശിഷ്യനായി. എന്നാല്‍ സതീര്‍ത്ഥ്യരുടെ ഉപജാപങ്ങള്‍ മൂലം മനംമടുത്ത് പഠനം പൂര്‍ത്തിയാകാതെ
മടങ്ങി.
    തൃശൂര്‍ തെക്കെ കുറുപ്പത്ത് രാമഞ്ചിറ മഠത്തില്‍ കുറെക്കാലം താമസിച്ച് പലരേയും
സംസ്‌കൃതം പഠിപ്പിച്ചു. അക്കാലത്താണ് ബ്രഹ്മസ്വം മഠത്തില്‍ നമ്പൂതിരിമാര്‍ വേദം
പഠിക്കുന്നതുകേട്ട് മനസ്‌സിലാക്കിയത്. നൈയായികനായ ഭീമാചാര്യരില്‍നിന്നു തര്‍ക്കവും പഠിച്ചു.
പുന്നത്തൂര്‍ കോവിലകവും ആയി ഈ കാലത്ത് സൗഹൃദം സ്ഥാപിച്ചു. കുന്നംകുളത്തുവച്ച് വിദ്വാന്‍
പയ്യഴി നായരുമായുള്ള ശാസ്ത്രവാദത്തില്‍ പരാജയപെ്പട്ട വാര്യര്‍ നാട്ടിലേയ്ക്കു മടങ്ങി. കാട്ടുമാടം
മനയില്‍ അല്പകാലം ചികിത്സയ്ക്കു വിധേയനായി താമസിച്ചപേ്പാള്‍ മന്ത്രവാദവും പഠിച്ചു.
ദേശാടനത്തിനിറങ്ങിയത് പിന്നീടാണ്. കുമ്പളയില്‍ മായപ്പാടി കോവിലകത്തു
സംസ്‌കൃതാധ്യാപകനായിരിക്കവേ യോഗാനന്ദസ്വാമികളില്‍ നിന്നും വേദാന്തം പഠിച്ചു.
അദ്ദേഹത്തോടൊപ്പം മൂകാംബിയിലെത്തി ഭജിച്ചു. ഉള്ളാട്ടില്‍ അച്യുതന്‍ നായരുടെ
ക്ഷണമനുസരിച്ച് തൃക്കണ്ടിയൂര്‍ വാര്യത്തു താമസിച്ച് സംസ്‌കൃതം പഠിപ്പിച്ചു. ആ വാര്യത്തെ
കുട്ടിവാരസ്യാരെ വിവാഹം ചെയ്തു. കുന്നംകുളത്ത് പയ്യഴിനായരുമായി വീണ്ടും ശാസ്ത്രവാദം
നടത്തി അദ്ദേഹത്തെ തോല്പിച്ചു. കുന്നംകുളത്തെ ഇ.യു. ഇട്ടൂപ്പിന്റെ അഭ്യര്‍ത്ഥന അനുസരിച്ച്
എഴുത്തച്ഛന്റെ കൃതികള്‍ തെറ്റു തിരുത്തിക്കൊടുത്തു. രഘുവംശം, ശ്രീകൃഷ്ണവിലാസം, മാഘം
ഇവയുടെ വ്യാഖ്യാനങ്ങളും അക്കാലത്ത് ഇട്ടൂപ്പിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എഴുതിയവയാണ്.
ഇട്ടൂപ്പിന്റെ അച്ചടിശാലയ്ക്ക് അക്ഷരരത്‌നപ്രകാശിക – പ്രസിദ്ധമായ എ.ആര്‍.പി. പ്രസ്- എന്നു
പേരിട്ടത് വാര്യരാണ്. എ. ആര്‍.പി. പ്രസ് മാനേജരായിരുന്ന കുഞ്ഞുവറീത്, വാര്യരുടെ ഏതു
സാമ്പത്തികാവശ്യവും – അവ എന്നും പരിമിതമായിരുന്നു – നിറവേറ്റാന്‍ സന്നദ്ധനായിരുന്നു.
കുഞ്ഞുവറീത് തൃശൂരില്‍ കേരളകല്പദ്രുമം അച്ചുക്കൂടം മാനേജര്‍ ആകും വരെ രാമവാര്യര്‍
കുന്നംകുളത്താണ് സകുടുംബം കഴിഞ്ഞത്. കുഞ്ഞുവറീത് സ്ഥാപിച്ച ഭാരതവിലാസം
അച്ചുകൂടത്തിനുവേണ്ടിയും ചില കൃതികള്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഒമ്പതുകൊല്‌ളം തൃശൂര്‍ താമസിച്ചു.
കൊ.വ. 1073 കന്നി 21 ന് (1897 ഒക്‌ടോബര്‍ 5ന്) ആ മഹാപണ്ഡിതന്‍ അന്തരിച്ചു.
    ശങ്കരാചാര്യര്‍ക്കുശേഷം ഇത്ര പ്രതിഭാശാലിയായ ഒരാള്‍ കേരളത്തില്‍ ഉണ്ടായിട്ടില്‌ള എന്നാണ് പണ്ഡിതമതം.
കൃതികള്‍: ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം,
രഘുവംശം, കുമാരസംഭവം, മേഘസന്ദേശം, മാഘം, നൈഷദം, അമരുകശതകം,
പുഷ്പബാണവിലാസം (സംസ്‌കൃതകൃതികളുടെ വ്യാഖ്യാനങ്ങള്‍) , സിദ്ധരൂപം, അമരം, തര്‍ക്കശാസ്ത്രം,
സാമുദ്രികശാസ്ത്രം, ഹോരാശാസ്ത്രം, പദസംസ്‌കാര ചന്ദ്രിക, സംഗീതശാസ്ത്രം,
അഷ്ടാംഗഹൃദയം, ആരോഗ്യകല്പദ്രുമം, നേത്രരോഗചികിത്സ, ഗൗളിശാസ്ത്രം