ചങ്ങനാശേരിയില്‍ ലക്ഷ്മീപുരത്തു കൊട്ടാരത്തില്‍ 1845 ഫെബ്രുവരി 19-ാം (കൊ. വ. 1020
കുംഭം 10 പൂയം) തീയതി ജനിച്ചു. അച്ഛന്‍ മുല്‌ളപ്പള്ളി നാരായണന്‍നമ്പൂതിരി. അമ്മ ദേവിയംബ.
അച്ഛനമ്മമാര്‍ ഇട്ട പേര് രാമവര്‍മ്മ. തിരുവാര്‍പ്പില്‍ രാമവാര്യരോട് സംസ്‌കൃതത്തിലെ ആദ്യപാഠങ്ങള്‍
പഠിച്ചു. 10-ാ0 വയസ്‌സില്‍ മാതുലനായ ചങ്ങനാശേരി രാജരാജവര്‍മ്മ കോയിത്തമ്പുരാന്റെ കീഴില്‍
സംസ്‌കൃത പഠനം തുടര്‍ന്നു. ഇതേ കാലത്ത് ഇംഗ്‌ളീഷും, സംഗീതവും, വൈദ്യവും അഭ്യസിച്ചു.
1859ല്‍ റാണി ലക്ഷ്മീഭായി എന്ന ആറ്റിങ്ങല്‍ മൂത്തതമ്പുരാനെ വിവാഹം ചെയ്തതോടെ താമസം
തിരുവനന്തപുരത്തായി. അവിടെ വച്ച് സുബ്ബാദീക്ഷിതര്‍, ശീനുഅയ്യങ്കാര്‍ ശാസ്ത്രികള്‍
എന്നിവരില്‍നിന്ന് വ്യാകരണവും, രാമസ്വാമി ശാസ്ത്രികളില്‍നിന്നു തര്‍ക്കവും, ഇലത്തൂര്‍
രാമസ്വാമി ശാസ്ത്രികളില്‍നിന്നു വേദാന്തവും പഠിച്ചു. ഡോക്ടര്‍ വെയറിങ്, അണ്ണാജിരായര്‍
എന്നിവരില്‍നിന്നു ഇംഗ്‌ളീഷും പഠിപ്പിച്ചു. ഇതിനു പുറമെ ഹിന്ദുസ്ഥാനിയും തമിഴും കേരളവര്‍മ്മയ്ക്ക്
അറിയാമായിരുന്നു. തെലുങ്ക്, മറാട്ടി, എന്നീ ഭാഷകളില്‍ സാമാന്യജ്ഞാനവും നേടി. വെങ്കിടാദ്രി
ഭാഗവതര്‍, കല്യാണകൃഷ്ണ ഭാഗവതര്‍, പത്‌നിയായ റാണിലക്ഷ്മീഭായി എന്നിവരില്‍ നിന്നും
വീണ വായിക്കാനും പഠിച്ചിരുന്നു.
    ആയില്യം തിരുനാളിന്റെ ഉത്തമസുഹൃത്തായിരുന്നു കോയിത്തമ്പുരാന്‍ വളരെക്കാലം. എന്നാല്‍ ഇന്നും അജ്ഞാതമായ ചില കാരണങ്ങളാല്‍ 1873 നോടടുത്ത് അദ്ദേഹം രാജാവിന്റെ അപ്രീതിക്ക് പാത്രമായി. 1875ല്‍ (1050 കര്‍ക്കിടകം 21) രാജദ്രോഹകുറ്റത്തിന്ബന്ധിതനായ കോയിത്തമ്പുരാന്‍ 1880 വരെ ആലപ്പുഴയും, ഹരിപ്പാട്ടും കൊട്ടാരത്തില്‍ബന്ധനസ്ഥനായി കഴിയേണ്ടിവന്നു. ആയില്യം തിരുനാള്‍ മരിച്ച് വിശാഖം തിരുനാള്‍
മഹാരാജാവായതോടെ ബന്ധനമുക്തനായി വീണ്ടും തിരുവനന്തപുരത്തെത്തി. പഴയ
ടെക്‌സ്റ്റ്ബുക്ക് കമ്മിറ്റി പുനരുദ്ധരിക്കപെ്പട്ടു. കേരളവര്‍മ്മ അതിന്റെ നേതൃത്വം ഏറ്റെടുത്തു.