ചങ്ങനാശേ്ശരി ലക്ഷ്മീപുരം കൊട്ടാരത്തില്‍ 1863 ഫെബ്രുവരി 20ന് ( കൊ.വ. 1038 കുംഭം 9 പൂരൂരുട്ടാതി) ജനിച്ചു. അച്ഛന്‍ പാറ്റിയാല്‍ ഇല്‌ളത്ത് വാസുദേവന്‍ നമ്പൂതിരി. അമ്മ ഭരണിതിരുനാള്‍ കുഞ്ഞിക്കാവു തമ്പുരാട്ടി (അംബാലിക). ചില കുടുംബവഴക്കുകളെത്തുടര്‍ന്ന് ഇവര്‍ കുറച്ചുകാലം കാര്‍ത്തികപ്പള്ളിയിലും പിന്നീട് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സഹായത്താല്‍ പണിതീര്‍ത്ത അരിപ്പാട്ട് അനന്തപുരത്തു കൊട്ടാരത്തിലും താമസിച്ചു. (അരിപ്പാട്ട് എന്നതിന്റെ ആദ്യാക്ഷരം ആണ് എ. രാജരാജവര്‍മ്മ എന്ന അമ്മാവന്റെ പേരിന്റെ ആദ്യാക്ഷരം ആര്‍) വലിയമ്മയായിരുന്ന ചിത്തിര തിരുനാള്‍ അംബികത്തമ്പുരാട്ടിയാണ് ഏ.ആറിന്റെ വളര്‍ത്തമ്മ. ചുനക്കര അച്യുതവാര്യര്‍ ആയിരുന്നു ആദ്യഗുരു. പിന്നീട് ചുനക്കര ശങ്കരവാര്യരില്‍ നിന്നും കാവ്യനാടകാദികള്‍ പഠിച്ചു.
               1877 മുതല്‍ കേരളവര്‍മ്മ കോയിത്തമ്പുരാന്റെ ശിഷ്യന്‍. 1881ല്‍ അല്പദിവസം രവിവര്‍മ്മ കോയിത്തമ്പുരാനും പഠിപ്പിച്ചു. 1881ല്‍ തിരുവനന്തപുരത്ത് സ്‌ക്കൂളില്‍ ചേര്‍ന്നു. 1886ല്‍ ഇന്റര്‍മീഡിയറ്റ് ജയിച്ചു. 1889ല്‍ രസതന്ത്രം ഐച്ഛികമായി ബി.എ. പരീക്ഷ എഴുതി എങ്കിലും ആദ്യശ്രമത്തില്‍ ജയിച്ചില്‌ള. 1889ല്‍ ബി.എ.യും 1891ല്‍ സംസ്‌കൃതം എം.എ.യും ജയിച്ചു. മേല്പത്തൂരിന്റെ കൃതികളെക്കുറിച്ചാണ് എം.എ. പ്രബന്ധം. ഇതിനിടെ 1890ല്‍ മാവേലിക്കര സ്‌പെഷ്യല്‍ സ്‌ക്കൂള്‍ അധ്യാപകനായി. അതേവര്‍ഷം സംസ്‌കൃതപാഠശാല ഇന്‍സ്‌പെക്ടറായി. 1894ല്‍ സംസ്‌കൃതകോളേജ് പ്രിന്‍സിപ്പല്‍ ആയി. 1899ല്‍ മഹാരാജാസ് കോളേജില്‍ നാട്ടുഭാഷാസൂപ്രണ്ട്. 1912ല്‍ സംസ്‌കൃതത്തിന്റെയും ദ്രാവിഡഭാഷകളുടെയും പ്രൊഫസര്‍. കുറച്ചു കാലം ആക്ടിംഗ് പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
            1888 ഒക്‌ടോബര്‍ 31ന് മാവേലിക്കര സ്വാതിതിരുനാള്‍ മഹാപ്രഭ കൊച്ചുതമ്പുരാട്ടിയെ വിവാഹം ചെയ്തു. 1916ല്‍ അയ്മനത്തിനടുത്ത് ഒരുവീട് വാങ്ങി സകുടുംബം താമസം തുടങ്ങി. 1918 ജൂണ്‍ ആദ്യം അസുഖം ബാധിച്ചു. രണ്ടാഴ്ചയോളം അദ്ദേഹം രോഗബാധിതനായി കിടന്നു. 1918 ജൂണ്‍ 18ന് (കൊ.വ. 1093 മിഥുനം 4) അന്തരിച്ചു. നന്നെചെറുപ്പത്തില്‍ത്തന്നെ ഏ.ആര്‍.തിരുമേനി സാഹിത്യസേവനത്തില്‍ ഏര്‍പെ്പട്ടിരുന്നു. പതിനാറുവയസ്‌സു തികയുന്നതിനുമുന്‍പ് എഴുതിയ ഒരു കൃതിയാണ് ഗണേശാഷ്ടകം. ദേവീമംഗലം എന്നൊരു സംസ്‌കൃതസ്‌തോത്രവും ആയിടെ എഴുതി. ഇംഗ്‌ളീഷും സംസ്‌കൃതവും-ഹൗണിയും ഗൈര്‍വ്വാണിയും-തമ്മിലുള്ള തര്‍ക്കവും, ബ്രഹ്മാവ് ഇടപെട്ട് സമാധാനം സ്ഥാപിക്കുന്നതും ആണ് ഗൈര്‍വ്വാണീ വിജയം എന്ന ഏകാങ്കനാടകപ്രമേയം. രാധാമാധവന്മാരുടെ പ്രണയകേളിയാണ് വിടവിഭാവരിയിലെ വിഷയം. 23 സര്‍ഗ്ഗങ്ങള്‍ ഉള്ള മഹാകാവ്യം ആങ്ഗലസാമ്രാജ്യം ആണ് സംസ്‌കൃതരചനകളില്‍ പ്രധാനം. ഷേക്‌സ്പിയറുടെ ഒഥലേ്‌ളാവിന്റെ കഥ, ചുരുക്കി എഴുതിയ ഉദ്ദാലചരിതം കുട്ടികള്‍ക്കുവേണ്ടിയാണ് രചിക്കപെ്പട്ടത്. ചിത്രനക്ഷത്രമാല, ചിത്രശേ്‌ളാകരചനയിലെ വൈദഗ്ദ്ധ്യം തെളിയിക്കുന്നു-കവിത കരകൗശലമാക്കുന്നതിനെതിരെ പ്രാസവാദക്കാലത്ത് സന്ധിയില്‌ളാതെ സമരം ചെയ്ത തമ്പുരാന്റെ ഒരു നേരമ്പോക്ക്. മേഘദൂതത്തിനും കുമാരസംഭവത്തിനും വിവര്‍ത്തനം തയ്യാറാക്കി. സഹ്യപര്‍വ്വതവര്‍ണ്ണനയായ മലയവിലാസം, മലയാളത്തിലെ കാല്പനികകവിതയുടെ ആദ്യാങ്കുരങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ പ്രൗഢപ്രബന്ധങ്ങളുടെ സമാഹാരമാണ് പ്രബന്ധസംഗ്രഹം. മയൂരസന്ദേശത്തിന് എഴുതിയ മര്‍മ്മപ്രകാശ വ്യാഖ്യാനവും, നളചരിതത്തിനെഴുതിയ കാന്താരതാരകം വ്യാഖ്യാനവും ഏ.ആറിലെ സഹൃദയനേയും നിരൂപകനേയും കാണിച്ചുതരുന്നു. പ്രസാദമാല, ശ്രീമൂലം തിരുനാളിന്റെ ഷഷ്ട്യബ്ദപൂര്‍ത്തിക്ക് സമര്‍പ്പിച്ച ഉപഹാരമാണ്. തമ്പുരാന്‍ കവി എന്നതിലധികം വൈയാകരണന്‍ എന്ന നിലയിലാണ് ഇന്ന് ആദരിക്കപെ്പടുന്നത്. മലയാളഭാഷയുടെ മികച്ച വ്യാകരണഗ്രന്ഥമാണ് കേരളപാണിനീയം. മലയാളവ്യാകരണപഠനം ഇന്നും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ആ ഗ്രന്ഥത്തെ ആണ്. പ്രഥമവ്യാകരണം, മധ്യമവ്യാകരണം, ശബ്ദശോധിനി എന്നിവയും മലയാളവ്യാകരണം പഠിക്കുന്നവര്‍ക്ക് ഏറെ സഹായകമായ ലഘുഗ്രന്ഥങ്ങളാണ്.
                   കേരളപാണിനീയം ആദ്യപതിപ്പ് സൂത്ര- വൃത്തിരൂപത്തിലായിരുന്നു. 1917ലെ പരിഷ്‌കരിച്ച പതിപ്പാണ് ഇന്ന് ലഭിക്കുക. സംസ്‌കൃതത്തിലെ അലങ്കാരശാസ്ത്രത്തെപ്പറ്റി, മലയാളിക്ക് സാമാന്യം നല്‌ളവിവരം കിട്ടുവാന്‍വേണ്ടി എഴുതപെ്പട്ട കൃതിയാണ് ഭാഷാഭൂഷണം. അലങ്കാരങ്ങള്‍ക്ക് പ്രാധാന്യം നല്കി; ഔചിത്യം, ധ്വനി, വക്രോക്തി തുടങ്ങിയ പദ്ധതികള്‍ക്ക് വേണ്ടത്ര പ്രധാന്യം നല്കിയില്‌ള അതില്‍. ഭാഷാവൃത്തങ്ങളേയും സംസ്‌കൃതവൃത്തങ്ങളെയും കുറിച്ചുള്ള പാഠപുസ്തകമാണ് തമ്പുരാന്റെ വൃത്തമഞ്ജരി. ഗദ്യരചനയെപ്പറ്റി പ്രതിപാദിക്കുന്ന മികച്ച രചന സാഹിത്യസാഹ്യം.

കൃതികള്‍:

ഭംഗവിലാപം. വീണാഷ്ടകം, മേഘോപാലംഭം, പിതൃപ്രലാപം, ശ്രീപത്‌നാഭപഞ്ചകം എന്നിങ്ങനെ ചില കൃതികളും. ഗൈര്‍വ്വാണീ വിജയം എന്ന ഏകാങ്കനാടകവും ദേവീദണ്ഡകവും ചേര്‍ത്ത് 'സാഹിത്യകുതൂഹലം' എന്ന് ഒരു കൃതി. ആങ്ഗലസാമ്രാജ്യം (സംസ്‌കൃതരചന) ശാകുന്തളം, ചാരുദത്തന്‍, മാളവികാഗ്നിമിത്രം, സ്വപ്നവാസവദത്തം (നാടകപരിഭാഷകള്‍) മലയവിലാസം, പ്രബന്ധസംഗ്രഹം, കാന്താരതാരകം വ്യാഖ്യാനം, പ്രഥമവ്യാകരണം, മധ്യമവ്യാകരണം, ശബ്ദശോധിനി, കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം