തിരുവനന്തപുരത്തിനടുത്ത് കുന്നപ്പുഴയില്‍ ഒരു ഇടത്തരം നായര്‍ തറവാട്ടില്‍ 1919 ഏപ്രില്‍
4-ാ0 തീയതിയാണ് സരസ്വതിയമ്മ ജനിച്ചത്. അച്ഛന്റെ പേര് പത്മനാഭപ്പിള്ള. അമ്മ കാര്‍ത്ത്യായനി
അമ്മ. കുന്നപ്പുഴ പ്രൈമറി സ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. കുടുംബം
പാല്‍ക്കുളങ്ങരയിലേയ്ക്കു താമസം മാറ്റിയപേ്പാള്‍ അവരുടെ പഠനം തിരുവനന്തപുരത്ത്
എന്‍.എസ്.എസ്. സ്‌ക്കൂളിലായി. പിന്നീട് പാളയം ഇംഗ്‌ളീഷ് ഹൈസ്‌ക്കൂളില്‍ പഠിച്ചു. ഗവണ്‍മെന്റ്
വിമന്‍സ് കോളേജില്‍ ഇന്റര്‍ മീഡിയറ്റിനു പഠിച്ചു. ആദ്യതവണ ഇന്റര്‍ പാസായില്‌ള. 1936ല്‍ അച്ഛന്‍
മരിച്ചു. കുടുംബാന്തരീക്ഷം ആകെ തകരാറിലായി. അമ്മയുടെ രോഗഭീതി വീട്ടിലെ അന്തരീക്ഷത്തെ
അപ്രസന്നമാക്കി. സരസ്വതി അമ്മ സന്യസിക്കുവാന്‍ തീരുമാനിച്ചു. ചില ആശ്രമങ്ങളുമായി ഈ
കാര്യത്തില്‍ കത്തിടപാടുകള്‍ നടത്തുകപോലും ചെയ്തു. പിന്നെ എന്തുകൊണ്ടോ അതുണ്ടായില്‌ള.
സഹോദരിമാര്‍ വിവാഹിതരായി. കുടുംബഭാരം ഏറ്റെടുത്തു. പരീക്ഷ മുഴുവനാക്കി 1941ല്‍
ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്നും മലയാളം ഐച്ഛിക വിഷയമായി ബിരുദം നേടി.
നിയമപഠനത്തിന് ശ്രമിച്ചു. എന്നാല്‍ ഇടയ്ക്കുവച്ച് അതുനിര്‍ത്തി. പിന്നീട് മലയാളം ഓണേഴ്‌സിനു
ചേര്‍ന്നങ്കിലും അതും മുഴുവനാക്കിയില്‌ള.
    1942ല്‍, മന്നത്തു പത്മനാഭന്‍ അവര്‍ക്ക് എന്‍.എസ്.എസ്. സ്‌ക്കൂളില്‍ ജോലി നല്‍കി. മൂന്നു വര്‍ഷം കഴിഞ്ഞ് ആ ജോലി വിട്ട് ലോക്കല്‍ ഫണ്ട് ഓഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. ഓഡിറ്റ് ഇന്‍സ്‌പെക്ടറായി പെന്‍ഷന്‍ പറ്റി. സ്വന്തമായി പണിയിച്ച 'സിതാര'യില്‍ അവര്‍ ഒറ്റയ്ക്കു താമസിച്ചു. പുസ്തകങ്ങളായിരുന്നു സരസ്വതി അമ്മയ്ക്ക് കൂട്ട്. അവര്‍ക്ക് ഇംഗ്‌ളീഷ് സിനിമകളിലും ഫോട്ടോഗ്രാഫിയിലും താല്പര്യം ഉണ്ടായിരുന്നു. പി.എം. രവീന്ദ്രന്‍ നായര്‍ എന്നൊരു യുവാവിനെ അവര്‍ വളര്‍ത്തുമകനായി സ്വീകരിച്ചു. സുകു
എന്നാണയാളെ വിളിച്ചിരുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ ഉദ്യോഗം നേടി കോട്ടയത്തെത്തിയ സുകു
പെട്ടെന്നു മരിച്ചു. അപേ്പാള്‍ തൃശൂരില്‍ ആയിരുന്നു സരസ്വതി അമ്മയ്ക്കു ജോലി. ആ ആഘാതം
അവരെ തകര്‍ത്തു. 1960ല്‍ സുകുവിന്റെ മരണശേഷം, സരസ്വതി അമ്മ എഴുത്ത് പൂര്‍ണ്ണമായും
വെടിഞ്ഞു. 1972ല്‍ അവര്‍ ലീവില്‍ പ്രവേശിച്ചു. 1973ല്‍ പെന്‍ഷന്‍ വാങ്ങി പിരിഞ്ഞു. 1975ല്‍
രോഗം ബാധിച്ചു. 1975 ഡിസംബര്‍ 26 ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് അവര്‍
മരിച്ചു. സരസ്വതി അമ്മയുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ഉണ്ടായിരുന്നില്‌ള.
സാഹിത്യകാരന്‍മാരായ ചില സുഹൃത്തുക്കളാണ് മൃതദേഹം ഏറ്റുവാങ്ങിയതും
പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചതും.
    ചെറുകഥ എന്ന മാധ്യമമാണ് അവര്‍ സ്വീകരിച്ചത്. തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ
വസ്തുതകള്‍ കാണുവാന്‍ ശ്രമിച്ചതുകൊണ്ടുതന്നെ സരസ്വതി അമ്മയുടെ കഥകള്‍ക്ക്
വൈകാരികതയുടെ നിറപ്പകിട്ടു കുറയും. ജീവിതത്തിനു നേരെ അവരുടെ സമീപനം
ബുദ്ധിപരമായിരുന്നു, സരസ്വതി അമ്മ കഥകള്‍ എഴുതുന്ന കാലത്ത് മലയാളത്തില്‍ പെണെ്ണഴുത്ത്
എന്ന ശബ്ദകോലാഹലം ഒന്നും ഉണ്ടായിരുന്നില്‌ള. അവരുടെ തൊട്ടുമുന്നിലെ കഥാകാരി ആയിരുന്ന
ലളിതാംബികാ അന്തര്‍ജ്ജനമാകട്ടെ, സാമൂഹികമാറ്റം എന്ന മഹാപ്രവാഹത്തിന്റെ ശക്തിയിലാണ്
കഥകള്‍ എഴുതിയത്. സരസ്വതിഅമ്മയ്ക്ക് അത്തരം പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും തന്റെ
കഥകളിലൂടെ സാക്ഷാത്കരിക്കാന്‍ ഉണ്ടായിരുന്നില്‌ള. ബുദ്ധിപരമായി ജീവിതത്തെ കാണണം എന്ന്
ശഠിച്ചിരുന്നതുകൊണ്ട് നിസ്‌സംഗതയില്‍നിന്നും പിറന്ന, മുന കൂര്‍ത്ത നര്‍മ്മം പലപേ്പാഴും അവരുടെ
കഥകളില്‍ കണ്ടെത്താനാവും. സ്ത്രീയും പുരുഷനും സാമൂഹികജീവിതത്തില്‍
തുല്യപങ്കാളികളാണ് എന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും, വലിയ പങ്കാളി പുരുഷനാണ് എന്ന സത്യം
അവര്‍ കണ്ടു, അതുമല്‌ള സ്ത്രീ ആ വലിയ പങ്കാളിത്തം അംഗീകരിക്കുവാന്‍ സമൂഹം പരോക്ഷമായി
നിര്‍ബന്ധിക്കുന്നതും, പുരുഷനും സമൂഹവും അത് മുതലാക്കുന്നതും, അവസാനം സ്ത്രീ തന്നെ
അത് അംഗീകരിക്കുന്നതും അവര്‍ കണ്ടു. പെണ്‍ബുദ്ധി, ജന്‍മാവകാശം, കുലമഹിമ, വിലക്കപെ്പട്ട
വഴി തുടങ്ങിയ പല കഥകളും ഇതിനു ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ഒരു ചെറുകഥയുടെ
ചട്ടക്കൂടിനകത്ത് ഒതുങ്ങാത്തത്ര സ്ഥൂലമാണ്, പല കഥകളിലും അവര്‍ ആവിഷ്‌കരിക്കുന്ന ജീവിതം.
അത് ഒരുക്കുന്ന അത്ഭുതകരമായ രചനാകൗശലം അവര്‍ കാണിക്കുന്നും ഇല്‌ള. എന്നാല്‍ ജീവിതത്തെ
ബുദ്ധിമതി ആയ ഒരു സ്ത്രീ, നര്‍മ്മബോധമുള്ള ഒരു സ്ത്രീ എങ്ങനെ കാണുന്നു എന്നതിന് അവ
മികച്ച തെളിവുകളാണ്. പുരുഷവിദ്വേഷം എന്ന ലേബല്‍ ആ കഥകള്‍ക്ക് ഒട്ടിച്ചുകൊടുക്കുന്നത്
ശരിയല്‌ള. ജീവിതത്തിനുനേരെ ഒരു സിനിക്കിന്റെ സമീപനം ആയിരുന്നു. അക്കൂട്ടത്തില്‍ സ്ത്രീ സമൂഹത്തിനു നേര്‍ക്കുംനിശിതമായ പരിഹാസം അവര്‍ പൊഴിക്കുന്നുണ്ട്.

കൃതികള്‍: ഇടിവെട്ടു തൈലം, വിവാഹസമ്മാനം, സ്ത്രീ ജന്മം, ചോലമരങ്ങള്‍, കീഴ്ജീവനക്കാരി, പെണ്‍ബുദ്ധി, കനത്ത മതില്‍ (കഥാസമാഹാരങ്ങള്‍), പ്രേമഭാജനം (നോവല്‍), പുരുഷന്മാര്‍ (ലേഖനസമാഹാരം).