ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ നാമം രാമാനുജന്‍ എന്നും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയൂരില്‍ ആയിരുന്നു കവിയുടെ ജനനം (ഇപ്പോള്‍ ഈ സ്ഥലം തുഞ്ചന്‍പറമ്പ് എന്നറിയപ്പെടുന്നു.) രാമാനുജന്‍ എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അര്‍ദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്‌കൃതപഠനവും നേടിയ രാമാനുജന്‍ എഴുത്തച്ഛന്‍, നാനാദിക്കിലേക്കുള്ള ദേശാടനങ്ങള്‍ക്കു ശേഷം തൃക്കണ്ടിയൂരില്‍ താമസമാക്കി.
    എഴുത്തച്ഛന്‍ എന്നുള്ളത് ഒരു ജാതിപ്പേരല്ലെന്നും സ്ഥാനപ്പേരാണെന്നും, രാമാനുജന്‍ എഴുത്തച്ഛനു ശേഷം പിന്‍തലമുറയില്‍ പെട്ടവര്‍ ഈ നാമം ജാതിപ്പേരായി ഉപയോഗിക്കുകയാണുണ്ടായതെന്നും കരുതുന്നു. കവിയുടെ കുടുംബപരമ്പരയില്‍ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്. വാല്മീകി മഹര്‍ഷി എഴുതിയ രാമായണത്തോട് ഉപമിക്കുമ്പോള്‍ അധ്യാത്മരാമായണം ഋഷിപ്രോക്തമല്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്, കാരണം വാല്മീകിരാമായണത്തിലും മറ്റും രാമന്‍ വിഷ്ണുവിന്റെ അവതാരമാണെങ്കിലും മഹാനായ ഒരു രാജാവായാണ് ചിത്രീകരിക്കുന്നത്.എന്നാല്‍ അദ്ധ്യാത്മരാമായണമാകട്ടേ, രാമന്‍ ഈശ്വരനാണെന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഐതിഹ്യം

    വിഷ്ണുഭക്തനായ ഒരു ബ്രാഹ്മണനാണ് അദ്ധ്യാത്മരാമായണം എഴുതിയത് എന്ന് ഒരു ഐതിഹ്യമുണ്ട്. തന്റെ അദ്ധ്യാത്മരാമായണം മറ്റുള്ളവരാല്‍ സ്വീകരിക്കപ്പെടാന്‍ കഴിവതും ശ്രമിക്കുകയും അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി. അദ്ദേഹത്തിന്റെ വിഷമം കണ്ട ഒരു ഗന്ധര്‍വന്‍ ഇങ്ങനെ ഉപദേശിച്ചു: ഗോകര്‍ണ്ണത്തു വച്ച് ഒരു തേജസ്വിയായ ബ്രാഹ്മണനും നാലു പട്ടികളും ശിവരാത്രി നാളില്‍ വരും. അദ്ദേഹത്തെ കണ്ട് ഗ്രന്ഥം ഏല്‍പ്പിച്ചാല്‍ അതിന് പ്രചാരം സിദ്ധിക്കും. പട്ടികള്‍ വേദങ്ങളും ആയിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധര്‍വനെ ശുദ്രനായി ജനിക്കാനുള്ള ശാപവും നല്‍കി. അദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധര്‍വ്വന്‍ ശൂദ്രനായി ജനിക്കുകയും ചെയ്തു. അത് തുഞ്ചത്ത് എഴുത്തച്ഛനായിട്ടായിരുന്നു. അതാണ് അദ്ദേഹത്തിന് രാമായണം കിളിപ്പാട്ട് എഴുതാന്‍ അദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണം എന്നും പറയപ്പെടുന്നു.

മലയാളഭാഷയുടെ പിതാവ്

    എഴുത്തച്ഛനു മുമ്പും മലയാളത്തില്‍ ചെറുശ്ശേരി നമ്പൂതിരിയെ പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും രാമാനുജന്‍ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്‌കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജന്‍ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസര്‍ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ 'ഹരി:ശ്രീ ഗണപതയേ നമഃ' എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികള്‍ക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛന്‍ തുടങ്ങിയതാണ്. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകര്‍ന്നു നല്‍കിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം.
    എഴുത്തച്ഛന്റെ കാവ്യങ്ങള്‍ തെളിമലയാളത്തിലായിരുന്നില്ല, സംസ്‌കൃതം പദങ്ങള്‍ അദ്ദേഹം തന്റെ കാവ്യങ്ങളില്‍ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയില്‍ നാടോടി ഈണങ്ങള്‍ ആവിഷ്‌കരിച്ചതിലൂടെ കവിത കുറേക്കൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛന്‍. അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനം ഈ ഒരു കര്‍മ്മത്തില്‍ സഹായകരമായി വര്‍ത്തിക്കുകയും ചെയ്തിരിക്കാം. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛന്‍ ആവിഷ്‌കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ, സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങള്‍ കുറേകൂടി ജനങ്ങള്‍ക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാന്‍. മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയില്‍ ഇതിഹാസങ്ങളുടെ സാരാംശം വര്‍ണ്ണിച്ച് ഭാഷാകവിതകള്‍ക്കു ജനഹൃദയങ്ങളില്‍ ഇടംവരുത്തുവാന്‍ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛന്‍ സാധ്യമാക്കിയത്.

എഴുത്തച്ഛന്റെ കൃതികള്‍

    അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകള്‍ രാമാനുജന്‍ എഴുത്തച്ഛന്റേതായിട്ടുണ്ട്. പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികള്‍ക്ക് പുറമേ ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട് എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഇരുപത്തിനാലു വൃത്തം എഴുത്തച്ഛന്റേതാണെന്ന് ഇരുപതാംനൂറ്റാണ്ടുവരെ പലരും വിശ്വസിച്ചിരുന്നുവെങ്കിലും ഉള്ളൂര്‍, എന്‍. കൃഷ്ണപിള്ള, എ. കൃഷ്ണപിഷാരടി തുടങ്ങിയവര്‍ ഈ വാദം തെറ്റാണെന്ന് ശക്തമായ രചനാലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍ത്ഥിച്ചിട്ടുണ്ട്.    
    രാമായണം എഴുതാന്‍ എഴുത്തച്ഛന്‍ തിരഞ്ഞെടുത്ത വൃത്തങ്ങളും ശ്രദ്ധേയമാണ്. ദ്രാവിഡനാടോടിഗാനങ്ങളില്‍ നിന്നും, ആര്യാവര്‍ത്തികളുടെ സംസ്‌കൃത ഛന്ദസ്സുകളില്‍ നിന്നും വ്യത്യസ്തമായി പ്രാചീനദ്രാവിഡ കവനരീതിയാണ് എഴുത്തച്ഛന്‍ അവലംബിച്ചിരിക്കുന്നത്. കഥാഗതിയുടെ അനുക്രമമനുസരിച്ച് ആഖ്യാനത്തില്‍ താളബോധം വരുത്തുവാനെന്നോളം ഓരോ കാണ്ഡങ്ങള്‍ക്കും അനുയോജ്യമായ വൃത്തങ്ങളാണ് എഴുത്തച്ഛന്‍ ഉപയോഗിച്ചിരിക്കുന്നത്. ബാലകാണ്ഡത്തിലും ആരണ്യകാണ്ഡത്തിലും കേക വൃത്തമാണെങ്കില്‍ അയോദ്ധ്യാകാണ്ഡത്തിനും യുദ്ധകാണ്ഡത്തിനും കാകളിയും ഇടയില്‍ സുന്ദരകാണ്ഡത്തിനുമാത്രമായി കളകാഞ്ചിയും ഉപയോഗിച്ചിരിക്കുന്നു. പാരായണത്തില്‍ ആസ്വാദ്യമായ താളം വരുത്തുവാന്‍ ഇത്തരം പ്രയോഗത്തിലൂടെ എഴുത്തച്ഛനു സാധിച്ചു.
എഴുത്തച്ഛന്റെ കൃതികള്‍ അവയുടെ കാവ്യമൂല്യങ്ങള്‍ക്കപ്പുറം സാംസ്‌കാരികപരിച്ഛേദങ്ങള്‍ക്ക് പ്രശസ്തമാണ്. മലയാളഭാഷയുടെ സംശ്ലേഷകന്‍ എന്നതിലുപരി എഴുത്തച്ഛനു സാംസ്‌കാരികനായകന്റെ പരിവേഷം നല്‍കുവാനും അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ക്കായി.
    ചെറുശ്ശേരിയില്‍ നിന്നു എഴുത്തച്ഛനിലേക്കുള്ള മലയാളം കവിതയുടെ വളര്‍ച്ച മദ്ധ്യകാലത്തുനിന്ന് ആധുനികകാലത്തേക്കുള്ള വളര്‍ച്ചയായി കരുതാവുന്നതാണ്. രാവണന്‍, ദുര്യോധനന്‍ എന്നീ നായകവിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലും തികഞ്ഞമാന്യതയോടും സംശുദ്ധിയോടും കൂടി അവതരിപ്പിക്കുകയാണ് എഴുത്തച്ഛന്‍ ചെയ്തത്. ആത്മീയതയും സാഹിത്യചിന്തയും ഒരേ അളവില്‍ ചേര്‍ത്തായിരുന്നു എഴുത്തച്ഛന്റെ സാഹിത്യരചന. അദ്ദേഹം കഥ പറയുന്നതില്‍ എടുത്ത സ്വാതന്ത്ര്യമാകട്ടെ അന്നുവരെ കാണാതിരുന്ന രസങ്ങളെയും ഭാവങ്ങളെയും കവിതയില്‍ അനന്യസാധാരണമായ ശൈലിയില്‍ വര്‍ണ്ണിക്കുവാനും അദ്ദേഹത്തിനു സഹായകമായി.