സാഹിത്യകാരന്‍, പത്രാധിപര്‍, ഗ്രന്ഥകാരന്‍, ഖുര്‍ആന്‍ വ്യഖ്യാതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്നു. പ്രബോധനം വാരികയുടെയും മലര്‍വാടി മാസികയുടേയും പത്രാധിപരും ഐ.പി.എച്ച്. പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ അസോസിയേറ്റ് എഡിറ്ററുമാണ്. ആദം ഹവ്വ, ലോകസുന്ദരന്‍ തുടങ്ങിയ ബാലസാഹിത്യ കൃതികളും സ്വതന്ത്ര ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ഖുര്‍ആന്‍ ബോധനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പൊന്നാനി താലൂക്കിലെ കാഞ്ഞിരമുക്ക് ഗ്രാമത്തില്‍ തൈപറമ്പില്‍ കളത്തില്‍ കുടുംബത്തില്‍ ഐ.ടി.സി മുഹമ്മദ് അബ്ദുല്ല നിസാമിയുടെയും ആഇശ ഹജ്ജുമ്മയുടെയും മകനായി 1948ല്‍ ജനനം. ശാന്തപുരം ഇസ്‌ലാമിയാകോളേജില്‍ നിന്ന് വിദ്യാഭ്യാസം. 1972 മുതല്‍ 74 വരെ പെരിന്തല്‍മണ്ണയില്‍ നിന്ന് ഇറങ്ങിയിരുന്ന സന്മാര്‍ഗ്ഗം എന്ന ബാലസാഹിത്യ പ്രസിദ്ധീകരണത്തിന്റെ സ്ഥാപക സഹപത്രാധിപരായി. 1974ല്‍ പ്രബോധനം വാരികയില്‍ ചേര്‍ന്നു. '77 മുതല്‍ '87 വരെ പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായിരുന്നു. '87 മുതല്‍ '92 വരെ പ്രബോധനം വാരികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി. '93'94ല്‍ മാധ്യമം ദിനപത്രത്തിന്റെ കൊച്ചി എഡിഷനില്‍ റസിഡന്റ് എഡിറ്ററും പ്രബോധനം വാരികക്ക് പകരമായി പുറത്തിറക്കിയ ബോധനം വാരികയുടെ എഡിറ്ററുമായിരുന്നു. 1993-94 വര്‍ഷത്തില്‍ മാധ്യമത്തിന്റെ കൊച്ചി എഡിഷനില്‍ റസിഡന്റ് എഡിറ്ററായിരുന്നു. പൊന്നാനി ചമ്രവട്ടം ജംഗഷനു സമീപം സ്ഥിര താമസം.
കാട്ടിപ്പരുത്തി കളത്തില്‍ കുഞ്ഞുട്ടിഹാജിയുടെ മകള്‍ സഹ്‌റയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റ, തസ്‌നീംഹാദി.

കൃതികള്‍

    ആദം ഹവ്വ
    ലോകസുന്ദരന്‍
    സ്വാതന്ത്ര്യത്തിന്റെ ഭാരം
    ഇസ്‌ലാമിക പ്രവര്‍ത്തനം ഒരു മുഖവുര
    പ്രശ്‌നങ്ങള്‍ വീക്ഷണങ്ങള്‍
    ഹദീസ് ബോധനം
    ഇസ്‌ലാമിക ശരീഅത്തും സാമൂഹ്യ മാറ്റങ്ങളും
    മനുഷ്യാ നിന്റെ മനസ്സ്
    അല്ലാഹു
    ഖുര്‍ആന്‍ ബോധനം ഭാഗം 1,2,3.4,5,6

വിവര്‍ത്തക കൃതികള്‍

    തഫ്ഹീമുല്‍ ഖുര്‍ആന്‍ ഭാഗം 16
    ഖുര്‍ആന്‍ ഭാഷ്യം
    കലീലയും ദിംനയും
    ഫിഖ്ഹുസ്സുന്ന
    ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍