ഇന്ത്യയിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ മുന്‍നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായിരുന്നു കെ.വേണു എന്ന കോയമ്പറമ്പ് വേണു (ജനനം: 1945 ഡിസംബര്‍). കേരളത്തിലെ ഇടതു ധൈഷണികരിലൊരാളായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) എന്ന സംഘടനയുടെ സെക്രട്ടറിയായിരുന്നു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള പുല്ലൂറ്റില്‍ 1945 ഡിസംബറില്‍ വേലായുധന്‍ നായരുടെയും അമ്മാളുവമ്മയുടെയും ഏഴു മക്കളില്‍ ഒരാളായി ജനനം. സ്വദേശമായ കൊടുങ്ങല്ലൂരില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് ബിരുദവും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. സ്വകാര്യ ട്യൂഷ്യന്‍ മാസ്റ്ററായി. ആദ്യനാളുകളില്‍ വേണു മാര്‍ക്‌സിസ്റ്റ് ആശയക്കാരനും അനുഭാവിയും ആയിരുന്നു. 1967 ലെ നക്‌സല്‍ബാരി കലാപവും 1968ലെ തലശ്ശേരി-പുല്‍പള്ളി സംഭവങ്ങളും വേണുവില്‍ നക്‌സല്‍ ചിന്തയുണര്‍ത്തി. 1970കളില്‍ അദ്ദേഹം നക്‌സലിസത്തിന്റെ വക്താവായി. 1970 മുതല്‍ 75 വരെയുള്ള അഞ്ചുവര്‍ഷങ്ങളില്‍ അദ്ദേഹം തടവുശിക്ഷ അനുഭവിച്ചു. അടിയന്തരാവസ്ഥ നാളുകളില്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.1990 കളില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ജെ.എസ്.എസ്. സ്ഥാനാര്‍ഥിയായി ഇടതുമുന്നണിയിലെ മീനാക്ഷിതമ്പാനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ചകിരിതൊഴിലാളിയായിരുന്ന മണിയെ 1981ല്‍ വിവാഹം ചെയ്തു. അനൂപ്, അരുണ്‍ എന്നീ മക്കളുണ്ട്.

കൃതികള്‍

    പ്രപഞ്ചവും മനുഷ്യനും (1970)
    വിപ്ലവത്തിന്റെ ദാര്‍ശനിക പ്രശ്‌നങ്ങള്‍ (1979)
    സ്വാതന്ത്ര്യത്തിന്റെ സാക്ഷാല്‍ക്കാരം (1984)
    കേരള പഠനത്തിനൊരു മുഖവുര (1987)
    ഇന്ത്യന്‍ വിപ്ലവത്തിന്റെ കാഴ്ചപ്പാട്
    ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്‍പം (1992)
    ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങള്‍ (2003)
    ഇന്ത്യന്‍ ജനാധിപത്യം പ്രശ്‌നങ്ങളും സാധ്യതകളും (2010)
    ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങള്‍ (2010)