സാഹിത്യകാരനും ബഹുഭാഷാപണ്ഡിതനും അധ്യാപകനും. ഹിന്ദിയിലും മലയാളത്തിലുമായി മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. ഉപന്യാസം, താരതമ്യസാഹിത്യം, വിവര്‍ത്തനം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എന്‍.ഇ. വിശ്വനാഥഅയ്യര്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഹിന്ദി സാഹിത്യകാരന്മാരില്‍ അഗ്രഗണ്യനാണ്.
    നൂറണി ഈശ്വര്‍ അയ്യര്‍ വിശ്വനാഥ അയ്യര്‍ എന്ന ഡോ. എന്‍.ഇ. വിശ്വനാന്‍ അയ്യര്‍ 1920 ല്‍ പാലക്കാട്ട് ജനിച്ചു. മാതൃഭാഷ തമിഴാണ്. പ്രാഥമികവിദ്യാഭ്യാസം സംസ്‌കൃതത്തിലായിരുന്നു. പിന്നീട് മഹാത്മജിയുടെ ആഹ്വാനത്തില്‍ ആകൃഷ്ടനായി ഹിന്ദിപഠനം തുടങ്ങി. 1936 ല്‍ മഹാത്മജിയില്‍ നിന്ന് രാഷ്ട്രഭാഷ പരീക്ഷാ സര്‍ട്ടിഫിക്കറ്റ് വാങ്ങുവാനുള്ള സൗഭാഗ്യവും ലഭിച്ചു. 1940 ല്‍ തിരുവനന്തപുരത്ത് സ്‌കൂള്‍ അധ്യാപകനായി ഔദോഗികജീവിതം ആരംഭിച്ചു. 1944 ല്‍ ആലുവ യു.സി. കോളജില്‍ അധ്യാപകനായി. 1952 ല്‍ കൊല്ലം ശ്രീനാരായണകോളജില്‍ സംസ്‌കൃതം അധ്യാപകനും 1953 മുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഹിന്ദി അധ്യാപകനുമായി. ഇതിനിടെ ഇദ്ദേഹം ബനാറസ് സര്‍വ്വകലാശാലയില്‍ നിന്ന് ഹിന്ദി എം.എ. യും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് സംസ്‌കൃതം എം.എ. യും 1959 ല്‍ സാഗര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. തുടര്‍ന്ന് പ്രൊഫ. എ. ചന്ദ്രഹാസനു ശേഷം കേരള സര്‍വകലാശാലയിലും അതിനുശേഷം കൊച്ചി സര്‍വകലാശാലയിലും ഹിന്ദി വിഭാഗം അധ്യക്ഷനായി. 1980 വരെ ആ പദവിയില്‍ തുടര്‍ന്നു.
    കൊച്ചി സര്‍വകലാശാലയില്‍ ഭാഷാ വിഭാഗം ഡീന്‍, കേരള സര്‍വകലാശാലയില്‍ ഹിന്ദി വിഭാഗം സ്‌പെഷ്യല്‍ ഓഫീസര്‍, ഹിന്ദിവാരാഘോഷ കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങി പല പദവികളിലും ഡോ. അയ്യര്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഹിന്ദിസാഹിത്യമണ്ഡലത്തിന്റെ രൂപീകരണത്തിലും  സാഹിത്യമണ്ഡലം പത്രികയുടെ പ്രഥമ എഡിറ്റര്‍ എന്ന നിലയിലും ഇദ്ദേഹത്തിന്റെ സേവനം വിലപ്പെട്ടതാണ്.
    ഡോ. അയ്യരുടെ ഗവേഷണവിഷയം ആധുനിക ഹിന്ദി-മലയാളം കവിതയുടെ താരതമ്യപഠനമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അനേകം ഹിന്ദിഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായി. മലയാളത്തിലും ഏതാനും കൃതികള്‍ രചിച്ചിട്ടുണ്ട്. കേരളത്തിലെ ഹിന്ദികൃതികളെക്കുറിച്ചുള്ള സാഹിത്യചരിത്രങ്ങള്‍, പ്രബന്ധസമാഹാരങ്ങള്‍, നിരൂപണങ്ങള്‍, 4 ഹിന്ദി രമ്യോപന്യാസ സമാഹാരങ്ങള്‍, താരതമ്യപഠനങ്ങള്‍, വിവര്‍ത്തനത്തെക്കുറിച്ചുള്ള സൈദ്ധാന്തികപഠനങ്ങള്‍, വിജ്ഞാന കോശലേഖനങ്ങള്‍, ഡിക്ഷണറികള്‍ എന്നിവ ശ്രദ്ധേയമായ സംഭാവനകളാണ്. ഉജ്ജയിനി,  രാമരാജാ ബഹാദൂര്‍, അരനാഴികനേരം, വേരുകള്‍, മരുന്ന്, മരണസര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കൃതികളുടെ ഹിന്ദി വിവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടവയാണ്.
    ഡോ. വിശ്വനാഥ അയ്യരുടെ സാഹിത്യസേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ്, വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ഉത്തര്‍പ്രദേശ്-മധ്യപ്രദേശ്-ബീഹാര്‍ ഗവണ്‍മെന്റുകളുടെ അവാര്‍ഡുകള്‍, രാഹുല്‍ സാംകൃത്യായന്‍ അവാര്‍ഡ്, ഗോയങ്ക ഫൗണ്ടേഷന്‍ സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.