അലങ്കാരം എന്നാല്‍ എന്ത്? ശബ്ദാര്‍ത്ഥങ്ങളില്‍ വച്ചൊന്നില്‍ വാച്യമായിട്ടിരുന്നിടും ചമല്‍ക്കാരം ചമയ്ക്കുന്ന മട്ടലങ്കാരമായത്. മഹാകവികളുടെ കൃതികള്‍ വായിക്കുമ്പോള്‍ എന്തോ ഒരു ആഹ്‌ളാദം അനുഭവപ്പെടുന്നു. ഈ ആഹ്‌ളാദത്തെ അനുഭവിക്കുന്നതിന് അനുകൂലമായ ബുദ്ധിയുള്ളവരെയാണ് സഹൃദയന്മാര്‍ എന്നുപറയുന്നത്. സഹൃദയന്മാരുടെ ഹൃദയത്തിന് ആഹ്‌ളാദത്തെ ജനിപ്പിക്കുന്ന കവിതാ ധര്‍മ്മത്തിന് ചമല്‍ക്കാരം എന്നുപറയുന്നു. ചമല്‍ക്കാരത്തിന് ആശ്രയമായ വാക്യഭംഗി തന്നെ അലങ്കാരം. ആ ചമല്‍ക്കാരം ശബ്ദത്തെയോ അര്‍ത്ഥത്തെയോ ആശ്രയിച്ചു വരാം
 അര്‍ത്ഥാലങ്കാരം

നാനാപ്രകാരമുള്ള അലങ്കാരങ്ങള്‍ക്കെല്ലാം ബീജഭൂതങ്ങളായ സാധനങ്ങള്‍ ഇനിപറയുന്നു.

ഓര്‍ത്താലതിശയം, സാമ്യം, വാസ്തവം,
ശ്ലേഷമിങ്ങനെ അലങ്കാരങ്ങളെത്തീര്‍പ്പാന്‍
നാലുതാനിഹ സാധനം
ഇവയെക്കൊണ്ടു തീര്‍ക്കുന്നു
കവീന്ദ്രരുപമാദിയെ തങ്കംകൊണ്ടിഹ
തട്ടാന്മാര്‍ കങ്കണാദിയെന്നപോല്‍.

1. അതിശയം 2. സാമ്യം 3. വാസ്തവം 4. ശ്ലേഷം.
ഈ നാലെണ്ണത്തില്‍ ഒന്നായിരിക്കും എല്ലാ അലങ്കാരത്തിനും ബീജം. ഒരേ ബീജത്തില്‍ നിന്നുളവാകുന്ന അലങ്കാരങ്ങള്‍ക്കു തമ്മില്‍ ഭേദം തോന്നുന്നതാകട്ടെ വൈചിത്ര്യവിശേഷത്താലാണ്. ഇങ്ങനെ അലങ്കാരങ്ങള്‍ നിരവധിയുണ്ട്.

 1.അതിശയോക്തി  ‘ചൊല്ലുള്ളതില്‍ കവിഞ്ഞുള്ള
തെല്ലാമതിശയോക്തിയാം;
തെല്ലിതിന്‍ സ്പര്‍ശമില്ലാതെ-
യില്ലലങ്കാരമൊന്നുമേ”
ഉള്ളതിലധികമോ കുറച്ചോ പറയുന്നതാണ് അതിശയോക്തി. മറ്റു മൂന്ന് അലങ്കാരങ്ങളിലും ഇതിന്റെ ഒരു ബിന്ദു തൊട്ടുതേച്ചുമിനുക്കിക്കാണും. ലൗകികാലങ്കാരങ്ങള്‍ക്ക് പകിട്ടുതോന്നണമെങ്കില്‍ നിറം കാച്ചേണ്ടതുപോലെ കാച്ചണം. കാവ്യാലങ്കാരങ്ങള്‍ക്ക് ഫളഫളായമാനത വേണമെങ്കില്‍ അതിശയോക്തിയുടെ സ്പര്‍ശം വേണം. ശുദ്ധമായ വാസ്തവം ചമല്‍ക്കാരകാരിയാകാത്തതിനാല്‍ അതിശയോക്തിയുടെ ഗന്ധം മറ്റുളളവയിലും കാണും.
 2. സാമ്യോക്തി ‘വര്‍ണ്യമാമൊന്നിനെ നന്നായ്
വര്‍ണിപ്പാനതു പോലിത് എന്നു
വേറൊന്നിനെച്ചൂണ്ടി-
ച്ചൊന്നിടുന്നതു സാമ്യമാം’.ഒരു പ്രകൃതവസ്തുവിന്റെ ധര്‍മ്മങ്ങളെ വര്‍ണിക്കുമ്പോള്‍ ആ ധര്‍മ്മങ്ങള്‍ക്ക് പൂര്‍ത്തിയുളളതെന്നു പരക്കെ സമ്മതമായ ഒരു അപ്രകൃത വസ്തുവിനെ ദൃഷ്ടാന്തമായി എടുത്തു കാണിക്കുന്നതാണ് സാമ്യോക്തി.
 3.വാസ്തവോക്തി  ‘ഏറ്റക്കുറച്ചിലെന്യേതാ-
നര്‍ത്ഥപുഷ്ടി വരുംവിധം
വസ്തുസ്ഥിതികളെച്ചൊല്ക
വാസ്തവോക്തിയായത്’.
പ്രകടമായ അതിശയോക്തി കൂടാതെ വസ്തുക്കളുടെ വാസ്തവസ്ഥിതിയെ ചൊല്ലുന്നത് വാസ്തവോക്തി.
 4. ശ്ലേഷോക്തി  ‘രണ്ടുകായ്കളൊരേ ഞെട്ടി-
ലുണ്ടാകും പോലെ ഭാഷയില്‍
ഒരേ ശബ്ദത്തിലര്‍ത്ഥം ര-
ണ്ടുരച്ചാല്‍ ശ്ലേഷമാമത്’ഒരേ ഞെട്ടില്‍ ഇരട്ടയായിട്ട് രണ്ടു പഴങ്ങളുണ്ടാകുന്നതുപോലെ ഒരേ ശബ്ദധാരയില്‍ രണ്ടര്‍ത്ഥങ്ങള്‍ക്ക് അനുഭവം ഉണ്ടാകുന്നത് ശ്ലേഷം.