ദക്ഷിണ ഭാരതത്തില്‍ ഉപയോഗത്തിലുണ്ടായിരുന്ന ഒരു പ്രാചീന എഴുത്തുരീതിയാണു് ഗ്രന്ഥലിപി. ബ്രാഹ്മി ലിപിയില്‍ നിന്നും ഉടലെടുത്തു എന്നു കരുതുന്ന ഗ്രന്ഥലിപിക്ക് മലയാളം, തമിഴ്, സിംഹള, തുളു എന്നീ ഭാഷകളുടെ ലിപികളില്‍ കാര്യമായ സ്വാധീനമുണ്ട്. പല്ലവന്‍മാര്‍ ഉപയോഗിച്ചിരുന്ന ഇതിന്റെ വ്യത്യസ്ത രൂപം പല്ലവ ഗ്രന്ഥലിപി എന്നും അറിയപ്പെടുന്നുണ്ട്. കമ്പോഡിയയിലെ ഖെമര്‍, ഇന്തോനേഷ്യയിലെ ജാവാനീസ്, ബര്‍മയിലെ മോണ്‍ തുടങ്ങിയ നിരവധി തെക്കനേഷ്യന്‍ ലിപികളിലും ഗ്രന്ഥലിപിയുടെ സ്വാധീനമുണ്ട്. മലയാളലിപിയുടെ ഉത്ഭവം ഗ്രന്ഥലിപിയില്‍ നിന്നാണെന്നു കരുതപ്പെടുന്നു.
    ദേവനാഗരി ലിപിയിലാണ് സാധാരണ സംസ്‌കൃതം എഴുതിക്കാണുന്നതെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടു വരെ തെക്കേ ഇന്ത്യയില്‍ സംസ്‌കൃതം ഈ ലിപിയിലാണ് എഴുതിക്കൊണ്ടിരുന്നതു്. ഇരുപതാം നൂറ്റാണ്ടോടെ മതഗ്രന്ഥങ്ങളും മറ്റു വൈജ്ഞാനികഗ്രന്ഥങ്ങളും ദേവനാഗരി ലിപിയില്‍ എഴുതാന്‍ തുടങ്ങുകയും ജനകീയമായ എഴുത്തിന് തമിഴ് ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു.അഞ്ചാം നൂറ്റാണ്ടില്‍ വേദഗ്രന്ഥങ്ങള്‍ ഈ ലിപിയിലാണ്. ക്രിസ്തുവര്‍ഷം ഏഴാം ശതകത്തില്‍, കാഞ്ചീപുരം ആസ്ഥാനമായുള്ള പല്ലവസാമ്രാജ്യത്തില്‍ സംസ്‌കൃതഗ്രന്ഥങ്ങള്‍ എഴുതുവാനായി ഉപയോഗിച്ചിരുന്ന ലിപിയാണ് ഇത് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമാണ്. പല്ലവരാജാക്കന്മാരുടെ സംസ്‌കൃതഗ്രന്ഥങ്ങളെല്ലാം ഗ്രന്ഥലിപിയിലാണ് കൊത്തിയിരുന്നത്. ഇതിനുമുന്‍പുള്ള കാലത്ത് ഈ പ്രദേശത്ത് ഗ്രന്ഥലിപി നിലനിന്നിരുന്നു എന്നതിന് തെളിവുകളില്ല. എന്നാല്‍, ഈ പല്ലവരാജാക്കന്മാരുടെ പൂര്‍വികരായ ആദിപല്ലവര്‍ ആന്ധ്രയുടെ തീരപ്രദേശങ്ങള്‍ ഭരിച്ചിരുന്ന കാലത്ത്, ആറാം ശതകം വരെ, ഉപയോഗിച്ചിരുന്ന ലിപി ഏഴാം ശതകത്തിലെ ഗ്രന്ഥലിപിയുടെ മുന്‍ഗാമിയായിരുന്നു. ഇന്നത്തെ കേരള,തമിഴ്‌നാട് പ്രദേശങ്ങളിലെ ഏഴാം ശതകത്തിലെ ഗ്രന്ഥലിപി ആറാം ശതകത്തിലുള്ള ആദിപല്ലവരാജാക്കന്മാരുടെ ലിപിയില്‍നിന്നും വികാസം പ്രാപിച്ചു വന്നതാണെന്ന് പക്ഷമുണ്ട്.