ഭാഷ, കാവ്യപ്രമേയം, രചനാകൗശലം, കാവ്യസൗന്ദര്യം എന്നിവയില്‍ നവസരണി വെട്ടിത്തുറന്ന പ്രസ്ഥാനമാണിത്. ആര്യന്മാര്‍ കേരളത്തില്‍ ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം നൂറ്റാണ്ടില്‍ പാട്ടിന് സമാന്തരമായിത്തന്നെ ആവിര്‍ഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം. സംസ്‌കൃതവും മലയാളവും വേറിട്ടറിയാന്‍ കഴിയാത്ത വിധം കലര്‍ത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണ് ഇത്. പതിനാലാം നൂറ്റാണ്ടില്‍ സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട ലീലാതിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിന്റെയും പാട്ടിന്റെയും ലക്ഷണങ്ങള്‍ നിര്‍വചിച്ചിട്ടുള്ളത്. ഭാഷാസംസ്‌കൃത യോഗോ മണിപ്രവാളം എന്നാണ് ലക്ഷണം. മണി എന്നാല്‍ മാണിക്യം എന്ന ചുവപ്പു കല്ല്. 'പ്രവാളം' എന്നാല്‍ പവിഴം. മണി ദ്രാവിഡ ഭാഷയും, പ്രവാളം സംസ്‌കൃത ഭാഷയും എന്നാണ് സങ്കല്‍പം. മാണിക്യവും പവിഴവും ഒരേ നിറമാണ്. ഇവ ചേര്‍ത്ത് ഒരു മാല നിര്‍മ്മിച്ചാല്‍ മണിയും പ്രവാളവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുകയില്ല. അതുപോലെ മലയാളവും സംസ്‌കൃതവും അന്യൂനമായി കൂടിച്ചേര്‍ന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് വ്യംഗ്യം. 'തമിഴ്മണി സംസ്‌കൃത പവഴം കോക്കിന്റേന്‍ വൃത്തമാന ചെന്നൂന്മേല്‍ ' എന്നാണ് ലീലാതിലകകാരന്‍ പറയുന്നത്.
    വേശ്യകളെയും, ദേവദാസികളേയും വര്‍ണ്ണിക്കുന്നവയായിരുന്നു മണിപ്രവാള കാലഘട്ടത്തിലെ മിക്ക കൃതികളും. ദേവതാസ്തുതി, രാജസ്തുതി, ദേശവര്‍ണന എന്നിവയ്ക്കു വേണ്ടിയുള്ള കൃതികളും രചിക്കപ്പെട്ടു.
മണിപ്രവാള പ്രസ്ഥാനത്തിലെ കൃതികളില്‍ ഏറ്റവും പ്രശസ്തമായത് ഉണ്ണുനീലിസന്ദേശം ആണ്. പതിനാലാം നൂറ്റാണ്ടില്‍ സംസ്‌കൃതത്തില്‍ എഴുതപ്പെട്ട ലീലാതിലകം ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. മലയാളത്തിന്റെ വ്യാകരണവും ഘടനയും ലീലാതിലകം പ്രതിപാദിക്കുന്നു. കേരളത്തിലെ തദ്ദേശീയ ഭാഷ തമിഴ് ആയിരുന്നു എന്ന് ലീലാതിലകം പറയുന്നു. ലിലാതിലകത്തിന് 'ശില്‍പം' എന്നു പേരുള്ള എട്ട് വിഭാഗങ്ങള്‍ ഉണ്ട്. കുലശേഖരരാജാവിന്റെ ആശ്രിതനായിരുന്ന തോലനാണ് ആദ്യത്തെ മണിപ്രവാളകവിയായി പരിഗണിക്കപ്പെടുന്നത്. 'ക്രമദീപിക', ആട്ടപ്രകാരം' ഇവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ചമ്പുക്കളും സന്ദേശകാവ്യങ്ങളും ആണ് ഈ പ്രസ്ഥാനത്തിലെ പ്രധാന വിഭാഗങ്ങള്‍. 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവര്‍ണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചമ്പു', നൈഷധം ചമ്പു', 'ഭാരതം ചമ്പു' എന്നിവയും പ്രശസ്തമാണ്.

മണിപ്രവാളചമ്പുക്കള്‍

    സംസ്‌കൃതഭാഷയിലെ ചമ്പുക്കളെ അനുകരിച്ചാണ് മലയാളഭാഷയില്‍ ചമ്പുക്കള്‍ ഉണ്ടായത്. മണിപ്രവാളഭാഷയില്‍ എഴുതപ്പെട്ടതിനാല്‍ ഇവ മണിപ്രവാളചമ്പുക്കള്‍ എന്നറിയപ്പെടുന്നു. ഗദ്യപദ്യമയമായ കാവ്യങ്ങളാണ് ചമ്പുക്കള്‍. ചമ്പൂകാവ്യങ്ങള്‍ വര്‍ണനാപ്രധാനങ്ങളാണ്. മണിപ്രവാളചമ്പുക്കളുടേയും ലക്ഷ്യം വര്‍ണനയായിരുന്നു. ചമ്പുക്കളുടെ അതിപ്രസരംതന്നെ മദ്ധ്യകാല മലയാളസാഹിത്യത്തിലുണ്ട്.
മലയാളഭാഷയിലെ പ്രാചീനചമ്പുക്കള്‍ ഇവയാണ്: ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം.